ഇതാ, നിങ്ങളെ പറ്റിയാണ് ഈ പറയുന്നത്!

മനസ്സിന്റെ ആന്തരിക രാസപ്രവര്‍ത്തനങ്ങള്‍ കൃത്യമായി അളന്നുപഠിച്ചയാളുടെ ഭാഷയാണ് തിരുനബിയോരുടെത്. ആയതിനാല്‍ നമുക്കോരോരുത്തര്‍ക്കും തോന്നണം ഇത് എന്നെ മനസ്സില്‍ കണ്ട് എന്റെ സാഹചര്യം ഉള്‍ക്കൊണ്ട് പറഞ്ഞതാണെന്ന്. കിട്ടുന്ന വരുമാനം/ ശമ്പളം എത്ര ചെറുതാണെങ്കിലും ഒരു വിഹിതം കൃത്യമായി ദാനം ചെയ്യുന്ന ശീലം തുടങ്ങുകയും അതിന് തുടര്‍ച്ച കൊടുക്കുകയും ചെയ്താലേ ഈ ഹദീസിനോടുള്ള കടപ്പാട് നമുക്ക് വീട്ടാനാവൂ.
Posted on: October 28, 2018 10:02 pm | Last updated: October 28, 2018 at 10:02 pm

നാല് കാര്യങ്ങള്‍ ചുവടെ കൊടുക്കുന്നുണ്ട്. വളരെ ശ്രദ്ധിച്ചും സൂക്ഷിച്ചും വേണം വായിക്കാന്‍. വായിച്ചാല്‍ മാത്രം പോര, അവ നിങ്ങള്‍ക്ക് ബാധകമാണെങ്കില്‍ ഉടന്‍ കൈ പൊക്കണം. നാല് കാര്യങ്ങളും ബാധകമല്ലായ്കയാല്‍ കൈതാഴ്ത്തി പിടിക്കുന്നവര്‍ എത്രയുണ്ടെന്ന് നമുക്കൊന്ന് നോക്കാലോ.
1. ച്ചിരി സാമ്പത്തിക അഭിവൃദ്ധി വേണമെന്ന മോഹമുണ്ട്.
2. ഇമ്മട്ടില്‍ ചെലവ് കൂടിവന്നാല്‍ സാമ്പത്തിക ഞെരുക്കം വന്നേക്കുമെന്ന ആധിയുണ്ട്.
3. വല്ലതും ദാനം ചെയ്യാന്‍ നോക്കുമ്പോള്‍ മനസ്സില്‍ ഇടുക്കവും ഇടങ്ങേറും രൂപപ്പെടുന്നുണ്ട്.
4. ഒരുവിധം ആരോഗ്യമുണ്ട്, ശയ്യാവലംബിയായിട്ടൊന്നുമില്ല.

ഓഹോ, അധികംപേരും കൈ പൊക്കിയിട്ടാണല്ലോ കാണുന്നത്. എന്നാല്‍ നിങ്ങളുടെ മുമ്പാകെ ഒരു തകര്‍പ്പന്‍ പ്രൊജക്ട് സമര്‍പ്പിക്കുവാന്‍ പോകുകയാണ്. ഓര്‍ക്കണം, മുത്ത്‌നബി (സ) തങ്ങളാണ് ആ സംരംഭം മുന്നോട്ടുവെച്ചത്. ബുഖാരിയിലും മുസ്‌ലിമിലും രേഖപ്പെട്ടു കിടപ്പുണ്ടത്. മനുഷ്യന്റെ മനഃശാസ്ത്രപരമായ അവസ്ഥ അടിവേരോടെ പിടികൂടിയ ഒരാള്‍ക്ക് മാത്രമെ അത് പറയാനാകൂ എന്ന പ്രത്യേകത അതിനുണ്ടെന്നത് ആഴത്തിലാലോചിച്ചാലേ മനസ്സിലാകൂ. പിന്നെ മറ്റൊരുകാര്യം. ആ പ്രൊജക്ട് വായിച്ചാല്‍ അത് നടപ്പാക്കുമെന്ന മനോദാര്‍ഢ്യം ഉള്ളവര്‍ മാത്രമേ ഇത് തുടര്‍ന്ന് വായിക്കേണ്ടൂ. അല്ലാത്തവര്‍ക്ക് മടക്കിവെച്ച് പാട്ടിന് പോവാം, പോയിരിക്കണം!

ആത്മീയമായി മറുതല പ്രാപിച്ചിട്ടില്ലാത്ത ആരും ജീവിതത്തില്‍ സമ്പന്നത വേണമായിരുന്നു എന്ന് കൊതിച്ചുപോവും. നൂറായിരം ആവശ്യങ്ങള്‍ തലങ്ങും വിലങ്ങും ഉണ്ടാകുമ്പോള്‍ അവയൊക്കെയും നല്ല പത്രാസോടെ വീട്ടാനുള്ള സാമ്പത്തിക സ്രോതസ്സുകള്‍ ഉണ്ടായിരിക്കുക/ നിത്യവരുമാനം തുറന്നുവരുന്ന സ്ഥിരം നിക്ഷേപങ്ങള്‍ ഉണ്ടായിരിക്കുക എന്നതൊക്കെയാണല്ലൊ സാധാരണരീതിയില്‍ ‘സമ്പന്നത’ എന്നത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. ആലോചിച്ചുനോക്കൂ, അത് വേണ്ടെന്ന് പറയാന്‍ ധൈര്യമുള്ളവര്‍ ആരാ നമ്മുടെ കൂട്ടത്തിലുള്ളത്?

ഇനി, സാമ്പത്തിക ഞെരുക്കത്തോടെ തട്ടിമുട്ടിയങ്ങനെ പോകവെ, മെച്ചപ്പെട്ട ധനികാവസ്ഥ കൈവരികയാണെന്ന് കരുതുക. അതിനെ തട്ടിമാറ്റാന്‍ കഴിയണമെങ്കില്‍ ആള്‍ അകക്കണ്ണ് തുറന്നവരാവണം. ശൈഖുനാ ഒ കെ ഉസ്താദ് മുന്നൂറ് രൂപ ശമ്പളം വാങ്ങി ഒതുങ്ങി ജീവിക്കുന്നതിനിടെ, അത്രയും അതോടൊപ്പം അത്രയും പിന്നെയും അത്രയും പിന്നെ മൂന്നിലൊന്നും വാഗ്ദാനം ചെയ്ത് കൊണ്ട് ആള്‍ വരുന്നു. വേണ്ട ഇതുമതി എന്ന് പറഞ്ഞ് ചാലിയത്ത് തന്നെ പിടിച്ചുനിന്നു, ഉമ്മത്തൂരുകാര്‍ വന്നപോലെ തിരിച്ചുപോയി. എന്തെങ്കിലും അഭിവൃദ്ധി നേടാനുള്ള അവസരം കൈവരുമ്പോള്‍ ചാടിവീഴുക, ഏറ്റവും ചുരുങ്ങിയത് മെനക്കേടില്ലാതെ കയറിവരുന്നത് വന്നോട്ടെ എന്ന് വെക്കുക എന്നതൊക്കെ കുറ്റം പറഞ്ഞുകൂടാത്ത പൊതുശരികളാണ്. എന്നാല്‍ ചിലരുടെ നിലപാട് അതിനപ്പുറമാണ്. സാധാരണക്കാരനത് പ്രാപ്യമാവണമെന്നില്ല.

സുലൈമാന്‍ ഉസ്താദ് വിദേശത്ത് പോവുന്നു. ഇഹ്‌യാഉസ്സുന്ന കോളജിന്റെ സഹകാരികളും നാട്ടുകാരും വേണ്ടപ്പെട്ടവരും തടിച്ചുകൂടിയ മഹാസദസ്സ്. ഒന്ന് സൂചിപ്പിച്ചാല്‍ മതി, സ്ഥാപനത്തിന്റെ നടത്തിപ്പു ചെലവിലേക്ക് ഭീമമായ ഒരു സംഖ്യ ക്ഷണനേരം കൈപ്പിടിയിലെത്തും. പക്ഷേ ഉസ്താദ് പറയുന്നത്, ‘ഇഹ്‌യാഉസ്സുന്നക്ക് ഇപ്പം കായ് മാണ്ട, നയാ പൈസ അതിന് കടവുമില്ല. അത് ശൈഖുനാന്റെ സ്ഥാപനമാണ്, മട്ടത്തിലങ്ങ് നടന്നുകൊള്ളും’.

ഒരിക്കല്‍ ലക്ഷദ്വീപ് എം പി കോളജില്‍ വരുന്നു. നിറഞ്ഞ സദസ്സ്. അധികാരത്തിലിരിക്കുന്നവരെ കൈയില്‍ കിട്ടുമ്പോള്‍ എന്തെങ്കില്‍ മെമ്മൊറാണ്ട കുന്ത്രാണ്ടം വെച്ചുനീട്ടാനാണ് നാം വെമ്പുക. ഉസ്താദ് പറയുന്നത് ‘ഇഹ്‌യാഉസ്സുന്നക്ക് ഇപ്പം ഒരാവശ്യവുമില്ല’ എന്നാണ.് എന്നുവെച്ചാല്‍ ഞങ്ങള്‍ക്ക് നിങ്ങളെകൊണ്ട് ധൃതിയില്‍ നേടിയെടുക്കേണ്ട ഒന്നും നിലവിലില്ല, നിങ്ങള്‍ക്ക് എന്തെങ്കിലും വേണംന്ന്ച്ചാ പറഞ്ഞോളീ എന്ന് ധ്വനിക്കുമ്പോലെ. വാക്കുകളില്ല പ്രിയരേ, അവരൊക്കെ എത്തിനില്‍ക്കുന്ന തവക്കുലിന്റെ മര്‍ത്തബ വിവരിക്കാന്‍.
പുതിയമാതിരി സമ്പത്തുകള്‍ വന്ന് ചേരണമെന്ന് കൊതിക്കുമ്പോലെ, ഉള്ള നിക്ഷേപങ്ങള്‍ ഇമ്മട്ടില്‍ പോയാല്‍ തീര്‍ന്നുപോവുമോ എന്ന ആധിയും സര്‍വസാധാരണമാണ്. അങ്ങനെയാണ് നാമോരോരുത്തരും ചെലവുചുരുക്കല്‍ പദ്ധതികളിലേക്ക് മുന്നിട്ടിറങ്ങി പത്രം ഇനി വേണ്ടെന്ന് വെക്കുന്നത്, നാളെ മുതല്‍ അരക്കുപ്പി പാലേ വാങ്ങേണ്ടൂ എന്നും, കണ്ടമാനമുള്ള ഓട്ട്രഷപിടി നിര്‍ത്തി ഇനി യാത്രകള്‍ ബസില്‍ മതി എന്നും, അയക്കൂറയും ആവോലിയും തുലയട്ടെ അയിലമാന്തമത്തി ഐക്യജനാധിപത്യമുന്നണി സിന്ദാബാദ് വിളിക്കുന്നതുമൊക്കെ. സമൂഹത്തിലെ മധ്യവര്‍ഗത്തിലും സാധുവര്‍ഗത്തിലും പെടുന്ന ഭൂരിഭാഗമാളുകള്‍ ഈ നിലയിലുള്ളവരാണ്.

ഇനി ദാനത്തിന്റെ കാര്യം പറയാം. നമ്മുടെ ആവശ്യം നിറവേറ്റാന്‍ തന്നെ ഇമ്മാതിരി പിടിച്ചുവെപ്പു കളിയാണെങ്കില്‍ പള്ളിപ്പണിക്ക് പത്ത് ചാക്ക് സിമന്റ്, മദ്‌റസയിലേക്ക് അയ്യഞ്ച് വീതം ബഞ്ചും ഡസ്‌കും, അന്നദാനത്തിലേക്ക് അമ്പത് കിലോ അരി/ പത്തുകിലോ പോത്ത്, യതീമിനെ കെട്ടിക്കാന്‍ ഇന്നാ പിടിച്ചോ രണ്ടര പവന്റെ കനകമാല എന്നൊക്കെ മനസ്സുതുറന്ന് പറയാന്‍ കഴിയുമോ?
യൗവനത്തിന്റെ കസര്‍ത്തുകാലങ്ങളില്‍/ ആരോഗ്യത്തുടിപ്പിന്റെ തളിര്‍നാളുകളില്‍ സ്വപ്‌നങ്ങളും പദ്ധതികളും മോഹങ്ങളും പൂത്തുലഞ്ഞു നില്‍ക്കുമ്പോള്‍ അതൊക്കെ അവിടെ നില്‍ക്കട്ടെ, ഉള്ള കാശ് വല്ലോര്‍ക്കും ദാനം കൊടുത്തേക്കാം എന്ന് നമ്മളാരെങ്കിലും ചിന്തിക്കുമോ?

ഒരിക്കല്‍ ചിന്തിക്കും!
എപ്പോള്‍?

എല്ലാം കഴിഞ്ഞു എന്ന് തോന്നിത്തുടങ്ങിയാല്‍. കിടന്ന കിടപ്പാണ്. കണ്ണ് കാണുന്നില്ല. ബോധം മറഞ്ഞുപോവുന്നു. മുന്‍പിന്‍സ്രവങ്ങള്‍ കിടക്കപ്പായയിലാണ്. അസ്‌റാഈല്‍ (അ) ന്റെ മണം കിട്ടിത്തുടങ്ങുന്നു. അപ്പോള്‍ നമ്മള്‍ ഉള്ളതെല്ലാം കൊടുത്ത് അടുത്തലോകത്തേക്ക് നിക്ഷേപമിറക്കാന്‍ ധൃതികൂട്ടും.
കേട്ടോളൂ, പ്രൊജക്ട് പറയുകയാണ്, ഈ നാല് അവസ്ഥകള്‍ ഒന്നിച്ചിരിക്കെ നന്നായി ദാനം ചെയ്യാന്‍ നിങ്ങളില്‍ എത്ര പേര്‍ക്ക് മൃദുല ഹൃദയമുണ്ട്. മുത്തുനബി പറയുകയാണ്: ‘തസ്വദ്ദഖ്!’- ദാനം ചെയ്യൂ!- ആര്‍? ഒരാവശ്യവുമില്ലാതെ സമ്പത്ത് കുമിഞ്ഞുകൂടി ഇതെന്തു ചെയ്യേണ്ടൂ ഖോജരാജാവേ എന്ന് നിവൃത്തികേട് പറയുന്നവനോടല്ല. മറിച്ച് നമ്മളിപ്പം പറഞ്ഞുവെച്ച വിപരീത സാഹചര്യങ്ങള്‍ ചുരമാന്തുന്ന സാഹചര്യം ഉള്ളവരോട്. അതാരാ? നമ്മള്‍ തന്നെ! എല്ലാ ആവശ്യവും കഴിഞ്ഞ്, എല്ലാ കടവും തീര്‍ത്ത്, എല്ലാ പദ്ധതികളും പൂര്‍ത്തിയായി/ എല്ലാ യാത്രയും കഴിഞ്ഞുവന്ന് വമ്പന്‍ പണശേഖരമുണ്ടെങ്കില്‍ പള്ളിക്കും കോളജിനും യതീംഖാനക്കും സാന്ത്വനത്തിനും ദുരിതാശ്വാസത്തിനുമൊക്കെ ലക്ഷങ്ങള്‍ ലക്ഷങ്ങള്‍ വാരിയെറിയുമെന്ന് കൊതിക്കാന്‍ എല്ലാവര്‍ക്കുമാവും. പക്ഷേ, മുത്ത്‌നബി (സ) അഭിസംബോധന ചെയ്യുന്നത് അവരെയല്ല.

മനസ്സിന്റെ ആന്തരിക രാസപ്രവര്‍ത്തനങ്ങള്‍ കൃത്യമായി അളന്നുപഠിച്ചയാളുടെ ഭാഷയാണ് തിരുനബിയോരുടെത്. ആയതിനാല്‍ നമുക്കോരോരുത്തര്‍ക്കും തോന്നണം ഇത് എന്നെ മനസ്സില്‍ കണ്ട് എന്റെ സാഹചര്യം ഉള്‍ക്കൊണ്ട് പറഞ്ഞതാണെന്ന്. കിട്ടുന്ന വരുമാനം/ ശമ്പളം എത്ര ചെറുതാണെങ്കിലും ഒരു വിഹിതം കൃത്യമായി ദാനം ചെയ്യുന്ന ശീലം തുടങ്ങുകയും അതിന് തുടര്‍ച്ച കൊടുക്കുകയും ചെയ്താലേ ഈ ഹദീസിനോടുള്ള കടപ്പാട് നമുക്ക് വീട്ടാനാവൂ. അതുകൊണ്ട് ഒന്നും നേക്കേണ്ട, കഴിവനുസരിച്ച് കൊടുത്തോളൂ. അതിന്റെ പേരില്‍ ഒരാളും പാപ്പരായി പോവില്ല, ഷുവര്‍, ബിഹഖിന്നബിയ്യില്‍ മുസ്ത്വഫ മുഹമ്മദ് (സ).
.