Connect with us

Prathivaram

മരുഭൂമിയല്ല ഫലഭൂമി

Published

|

Last Updated

ഗള്‍ഫ് നാടുകളില്‍ കാര്‍ഷികരംഗത്ത് അഭൂതപൂര്‍വ മാറ്റങ്ങളാണുള്ളത്. കഴിഞ്ഞ വര്‍ഷം മാത്രം 240 കോടി രൂപയുടെ പഴങ്ങളും പച്ചക്കറികളും പൂക്കളും ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്ന് കയറ്റി അയക്കുന്നതിലേക്ക് കാര്യങ്ങളെത്തി. കേരളം ഉള്‍പ്പെടെയുള്ള വിദേശ നാടുകളില്‍ നിന്നുള്ള മണ്ണും വളവും ഉപയോഗിച്ച് മരുഭൂമി പച്ചപ്പാക്കി മാറ്റുകയും അതിനൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുകയും ചെയ്യുന്ന അറബ് ജനതയുടെ നിശ്ചയദാര്‍ഢ്യവും ഇച്ഛാശക്തിയും മാതൃകയും പാഠവുമാണ്. എണ്ണ വരുമാനം കുറയുകയാണെങ്കില്‍ തന്നെ കൃഷിയിലൂടെ സാമ്പത്തിക ഭദ്രതയും സുരക്ഷിതത്വവും നിലനിര്‍ത്താന്‍ സാധിക്കുമെന്നിടത്തോളം അറബ് ജനതയുടെ ആത്മവിശ്വാസം ബുര്‍ജ് ഖലീഫ കണക്കെ ഉയര്‍ന്നിരിക്കുന്നു.

യു എ ഇ ഫുജൈറയിലെ പ്രമുഖ തോട്ടം ഉടമ സാലം ഉബൈദ് പറയുന്നു: 1985- 86 കാലയളവിലെ എണ്ണ വിലയിടിവ് പശ്ചിമേഷ്യയെ നടുക്കി. പല എണ്ണരാജ്യങ്ങളും ഉത്പാദനം കുറച്ചു. അറബ് ഭരണാധികാരികളില്‍ ഭാവിയെ കുറിച്ചുള്ള ആശങ്ക പരന്നു. അവര്‍ സാമ്പത്തിക വിദഗ്ധരുടെ ഉപദേശവും അഭിപ്രായവും തേടി. നാടിന്റെ ഭാവി സുരക്ഷിതത്വത്തിന് ഇന്നത്തെ സാഹചര്യത്തില്‍ പ്രായോഗികം കൃഷിയാണെന്നായിരുന്നു അവരുടെ അഭിപ്രായം. അറബ് വ്യവസായികള്‍ വീണ്ടും ചിന്തിച്ചു: വരണ്ടുണങ്ങിയ മരുഭൂമി, ജലാശയങ്ങളില്ല. ഈ മണല്‍ക്കാട്ടില്‍ കൃഷി എങ്ങനെ പ്രായോഗികമാക്കും. എന്നാല്‍ അതിനുള്ള മാര്‍ഗങ്ങളും വിദഗ്ധര്‍ നിര്‍ദേശിച്ചു.

ഇന്ത്യയില്‍ നിന്ന് പ്രത്യേകിച്ച് കേരളത്തില്‍ നിന്ന് മണ്ണും വിത്തും വളവും ഗള്‍ഫ് നാടുകളിലേക്കൊഴുകി. കാര്‍ഷിക രംഗത്ത് ഗള്‍ഫ് നാടുകളില്‍ അത്ഭുതകരമായ മാറ്റങ്ങളാണ് പിന്നീട് നാം കാണുന്നത്. ഒമാനിലെ സലാല, യു എ ഇയിലെ ദിബ്ബ, ഖല്‍ബ, ഖൂര്‍ഫക്കാന്‍, ഫുജൈറ, അല്‍ ഐന്‍, ഐനുല്‍ഹായ്‌റു, ഖത്വറിലെ അല്‍ ഖോര്‍, കുവൈത്തിലെ ജഗറൈന്‍, വാഫ്ര, സഊദി അറേബ്യയിലെ ബുറൈദ, അബഹ, ബഹ്‌റൈനിലെ ജിദാരി, ബുദയ്യ, ഹദ്ദ തുടങ്ങിയ സ്ഥലങ്ങള്‍ ഇന്ന് ശ്രദ്ധേയമായ കാര്‍ഷിക കേന്ദ്രങ്ങളായി. കേരളത്തിന്റെ സ്വന്തം കാര്‍ഷിക വിഭവങ്ങളും മലഞ്ചരക്കുകളും മലനാടിന്റെ മണ്ണും വളവും ഉപയോഗിച്ച് ഇവിടെ തഴച്ചുവളര്‍ന്ന് നില്‍ക്കുന്നത് കാണുമ്പോള്‍ പ്രവാസികള്‍ക്ക് ആഹ്ലാദവും അഭിമാനവുമാണ്. ഗ്രീന്‍ ഹൗസ്, തുള്ളിനന, അക്വാപോണിക്‌സ് തുടങ്ങിയ നൂതന കാര്‍ഷിക രീതികള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. കാലാവസ്ഥ ഏതായാലും വര്‍ഷത്തിലുടനീളം കൃഷി ചെയ്യുന്ന അത്യാധുനിക രീതികളും അവലംബിക്കുന്നു. കാര്‍ഷിക രംഗത്ത് കേരളം ചെലുത്തിയ സ്വാധീനം മിഡില്‍ ഈസ്റ്റ് അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് സെന്ററിന്റെ പഠനത്തില്‍ വളരെ വിശദമായി പ്രതിപാദിക്കുന്നത് സംതൃപ്തിയും നേട്ടവുമാണ്.

ഒമാനിലെ സലാല പശ്ചിമേഷ്യയിലെ ഏറ്റവും ശ്രദ്ധേയമായ കാര്‍ഷിക മേഖലയാണ്. സുലഭമായി മഴ ലഭിക്കുന്ന ഗള്‍ഫിലെ അപൂര്‍വം സ്ഥലങ്ങളിലൊന്ന്. റോഡിനിരുവശവും കെട്ടിയുയര്‍ത്തിയ കാര്‍ഷികോത്പന്ന കൂടാരങ്ങള്‍ സലാലയിലെ ആകര്‍ഷക കാഴ്ചയാണ്. സലാലയില്‍ എല്ലാവിധ പച്ചക്കറികളും പഴങ്ങളും കൃഷി ചെയ്യുന്നുണ്ടെങ്കിലും വിപുലമായി കൃഷി ചെയ്യുന്നത് പപ്പായയാണ്. ലോകപ്രസിദ്ധമാണ് സലാല പപ്പായ.

കൃഷിയില്‍ അതിവേഗം സ്വയംപര്യാപ്തത നേടിക്കൊണ്ടിരിക്കുന്ന മറ്റൊരു രാജ്യമാണ് ഖത്വര്‍. കാര്‍ഷിക മേഖലയായ അല്‍ ഖോറില്‍ ആയിരക്കണക്കിന് ഏക്കര്‍ സ്ഥലത്ത് ശാസ്ത്രീയമായി കൃഷി നടത്തിവരുന്നു. തുര്‍ക്കി, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഇവിടെനിന്ന് കാര്‍ഷികോത്പന്നങ്ങള്‍ കൂടുതലായി കയറ്റിയയക്കുന്നത്. യു എ ഇയിലെ മറ്റൊരു കാര്‍ഷിക മേഖലയായ അല്‍ ഐനില്‍ വിവിധയിനം കായ്കനികള്‍ വിളയിക്കുന്ന 10500 കിലോമീറ്റര്‍ കൃഷിയിടങ്ങള്‍ പടര്‍ന്നുകിടക്കുന്നു. അല്‍ ഐനുമായി തൊട്ടുകിടക്കുന്ന ഐനുല്‍ഹായ്‌റയില്‍ പൂക്കളാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. കുവൈത്തിലെ ജഗറൈന്‍, വാഫ്ര എന്നീ സ്ഥലങ്ങളില്‍ കക്കിരി, തണ്ണിമത്തന്‍, ഉറുമാമ്പഴം, മുന്തിരി, മാങ്ങ തുടങ്ങിയവയാണ് പ്രധാനവിള. ഇവിടത്തെ പ്രധാന കാര്‍ഷിക തോട്ടത്തിന്റെ ഉടമ തിരുവല്ല സ്വദേശിയായ അബ്രഹാമാണ്. സഊദി അറേബ്യയിലെ ബുറൈറ, അബഹ, വാദിവാസല്‍ അല്‍ ഖൈറജ് എന്നീ സ്ഥലങ്ങളില്‍ ഉരുളക്കിഴങ്ങ്, കപ്പ, കാവത്ത്, ചേന, കൂര്‍ക്ക തുടങ്ങിയ കിഴങ്ങുവര്‍ഗങ്ങളും പേരക്ക, ചക്ക, മാങ്ങ തുടങ്ങിയവയും ബഹ്‌റൈനിലെ ബുദവ്വ, ജിദാരി എന്നിവിടങ്ങളില്‍ വാഴ, പച്ചക്കറി, തണ്ണിമത്തന്‍ തുടങ്ങി വിവിധയിനം പഴങ്ങളും വിപുലമായി കൃഷി ചെയ്യുന്നു. ഇവിടങ്ങളിലെല്ലാം മലയാളികളടക്കം നൂറുകണക്കിന് തൊഴിലാളികള്‍ ജോലി ചെയ്യുന്നു. വരണ്ടുണങ്ങിയ മരുഭൂമി പച്ചപ്പ് നിറഞ്ഞ കാര്‍ഷിക തോട്ടങ്ങളും മലര്‍വാടികളുമാക്കി മാറ്റിയ അറബ് ജനതയുടെ നിശ്ചയദാര്‍ഢ്യവും സാഹസികതയും നമുക്കൊരു പാഠമാകട്ടെ.
.