ആമുഖമില്ലാതെ ആരംഭിക്കുന്ന ചരിത്രം. ആര്‍ക്കു മുന്നിലും അടിപതറാത്ത ജീവിതം. ആദര്‍ശ പോരാട്ടങ്ങളെ ആവേശത്തോടെ നയിച്ച നേതൃത്വം. ആത്മാര്‍ത്ഥമായ ദീനീ സേവനത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും അരനൂറ്റാണ്ട് കാലം കണ്‍സുല്‍ ഉലമാ ചിത്താരി ഉസ്താദിന് ആത്മനിര്‍വൃതിയുടെ അനുഭവങ്ങളായിരുന്നു.സുന്നീ കേരളം നയിച്ച കുറെ പോരാട്ടങ്ങളുടെ പാടുകളാണ് അവിടുത്തെ വിടവാങ്ങലിലൂടെ മാഞ്ഞു പോകുന്നത്…
കേരളത്തിലെ ഇസ്ലാമിക സംഘാടനത്തിന്റെ ചരിത്രത്തിലേക്ക് ശാന്തമായി ഒഴുകിയെത്തിയ നിറസാന്നിധ്യമാണ് ചിത്താരി ഉസ്താദ്. താജുല്‍ ഉലമയും ഖമറുല്‍ ഉലമയും ഒന്നിച്ചു നയിച്ച സംഘശക്തിയുടെ എല്ലാ മുന്നേറ്റങ്ങളിലും നൂറുല്‍ ഉലമക്കൊപ്പം നേര്‍സാക്ഷ്യമായി നേതൃത്വം വഹിച്ച സുന്നി പ്രസ്ഥാനത്തിന്റെ സിംഹഗര്‍ജ്ജനമായിരുന്നു കന്‍സുല്‍ ഉലമ. പാണ്ഡിത്യത്തിന്റെ ഗാംഭീര്യതയും നേതൃത്വത്തിന്റെ ശാലീനതയും സമ്മേളിച്ച ശ്രദ്ധേയമായ വ്യക്തിത്വം. സത്യത്തിനും നീതിക്കും വേണ്ടിയുള്ള ആഘനഗംഭീര ശബ്ദം നേരിന്റെയും നിയമത്തിന്റെയും വഴിയില്‍ കൈകോര്‍ത്തു നീങ്ങിയ ഒരു സമൂഹത്തിന് എന്നും വലിയ പ്രചോദനമായിരുന്നു.
സുന്നത്ത് ജമാഅത്തിനെ നിലനിര്‍ത്തുക എന്ന സമസ്തയുടെ അടിസ്ഥാന ലക്ഷ്യത്തില്‍ നിന്ന് ചിലര്‍ വ്യതിചലിക്കാന്‍ ശ്രമം നടത്തിയപ്പോള്‍ അതിനെതിരെ കടുത്ത നിലപാട് സ്വീകരിക്കുകയും മര്‍ഹൂം ഉള്ളാള്‍ തങ്ങള്‍ക്കും വന്ദ്യരായ കാന്തപുരം ഉസ്താദിനുമൊപ്പം ധീരമായി ഇറങ്ങി വരികയും ചെയ്തു. സമസ്തയുടെ പിളര്‍പ്പിന് ശേഷം തന്റെ ഉസ്താദ് കൂടിയായ മഹാനായ കണ്ണിയത്ത് അഹ്മദ് മുസ്ലിയാരില്‍ നിന്നായിരുന്നു സംഘടനാ പ്രവര്‍ത്തനത്തിന് പ്രധാന പ്രചോദനം ലഭിച്ചത്.
1965 ല്‍ ദയൂബന്ദ് ദാറുല്‍ ഉലൂമില്‍ നിന്ന് ബിരുദമെടുത്ത ശേഷം കഴിഞ്ഞ അമ്പത് വര്‍ഷത്തിലേറെയായി ഉസ്താദ് മത വിദ്യാഭ്യാസ- പൊതു രംഗത്ത് ദീര്‍ഘമായ സേവനം ചെയ്ത് വന്നു.പത്ത് വര്‍ഷത്തോളം കാസര്‍ഗോഡ് ചിത്താരിയില്‍ സേവനം ചെയ്തതിന്റെ പേരിലാണ് കണ്ണൂര്‍ തളിപ്പറമ്പ് പട്ടുവം സ്വദേശിയായ ഉസ്താദ് പിന്നീട് ചിത്താരി ഉസ്താദ് എന്ന പേരില്‍ അറിയപ്പെട്ടത്.1971 ല്‍ സമസ്ത അവിഭക്ത കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ജോയിന്റ് സെക്രട്ടറിയായി നേതൃരംഗത്തെത്തി. സുന്നികള്‍ക്ക് സ്വന്തമായി സമന്വയ വിദ്യാഭ്യാസമെന്ന ആശയത്തിലും ആലോചനയിലും മര്‍ഹും ശംസുല്‍ ഉലമാ ഇ.കെ.അബൂബക്കര്‍ മുസ്ലിയാര്‍, മര്‍ഹൂം പി.എ.അബ്ദുല്ല മുസ്ലിയാര്‍, മര്‍ഹൂം നൂറുല്‍ ഉലമാ എം.എ.അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ എന്നിവരോടൊത്ത് പ്രവര്‍ത്തിച്ചു.
കാസര്‍ഗോഡ് ജാമിഅ സഅദിയ്യ അറബിയ്യയുടെ ആരംഭകാലം മുതല്‍ 1995 വരെ അതിന്റെ ജനറല്‍ സെക്രട്ടറിയായി. 1972 ലെ കാഞ്ഞങ്ങാട്ടെ ചരിത്ര പ്രസിദ്ധമായ സമസ്ത അവിഭക്ത കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ കാര്യദര്‍ശിയായി. ഇക്കാലത്ത് കേരളത്തില്‍ ആദ്യമായി ശരീഅത്ത് കോളജുകളില്‍ പഠിക്കുന്ന മത വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് എന്ന ആശയം നടപ്പിലാക്കി.1989 ല്‍ തളിപ്പറമ്പില്‍ അല്‍ മഖറു സുന്നിയ്യ എന്ന അഭിമാന സ്ഥാപനത്തിന് തുടക്കമിട്ടു.
2006 ല്‍ സിറാജ് ദിനപത്രത്തിന്റെ കണ്ണൂര്‍ എഡിഷന്‍ ആരംഭിച്ചപ്പോള്‍ ഉസ്താദ് ചെയര്‍മാനായി ആ ദൗത്യമേറ്റെടുത്തു. അതിന്റെ ആദ്യകാലത്ത് പത്രം മുടങ്ങാതിരിക്കാന്‍ അതീവ ജാഗ്രതയില്‍ പലപ്പോഴും ഉറക്കമൊഴിച്ചിരുന്ന ഞങ്ങള്‍ക്ക് ഉസ്താദ് കാവലിരുന്നു. ഒരു ചെറുപ്പക്കാരന്റെ ഊര്‍ജസ്വലതയോടെ ഓടി നടന്നാണ് സിറാജിനെ കണ്ണുരില്‍ മുന്നിലെത്തിച്ചത്.
അല്‍മഖറിലെ അനാഥ പെണ്‍മക്കളുടെ മനസ്സ് നിറയുന്ന പ്രാര്‍ത്ഥനകളില്‍ അവരുടെ പ്രിയപ്പെട്ട ഉസ്താദ് ഇനി അനശ്വരമാവുകയാണ്. മത-ഭൗതിക സമന്വയ വിദ്യാഭ്യാസത്തിന്റെ ചരിത്രത്തെ പുഷ്‌കലമായ ഓര്‍മകളാക്കിയാണ് ചിത്താരി ഉസ്താദ് വിട പറയുന്നത്. നമ്മുടെ പ്രാസ്ഥാനിക ചരിത്രത്തിലെ ആദര്‍ശ പോരാട്ടങ്ങളെ മുന്നില്‍ നിന്ന് നയിച്ച സമാദരണീയനായ ആ പണ്ഡിതപ്രതിഭക്ക് മുന്നില്‍ മനസ്സ് തുറന്ന പ്രാര്‍ത്ഥനകളോടെ ഞങ്ങള്‍ വിനീതവിധേയരാവുകയാണ്…
–