മന്ത്രിമാരുടെ വിദേശയാത്ര വിഷയത്തില്‍ പ്രധാനമന്ത്രി വാക്ക് പാലിച്ചില്ലെന്ന് മുഖ്യമന്ത്രി

Posted on: October 20, 2018 10:54 am | Last updated: October 20, 2018 at 2:08 pm

ദുബൈ: പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി സഹായം സ്വരൂപിക്കാന്‍ മന്ത്രിമാര്‍ക്ക് വിദേശയാത്രക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്കാല്‍ അനുമതി നല്‍കിയിരുന്നുവെന്നും എന്നാല്‍ പിന്നീട് പ്രധാനമന്ത്രി വാക്ക് പാലിച്ചില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രിയെ നേരിട്ട് കണ്ടാണ്
മന്ത്രിമാരുടെ വിദേശയാത്രക്ക് അനുമതി തേടിയത്. വിദേശത്തെവിടെയുമുള്ള മലയാളികളെ നേരിട്ട് കണ്ട് സഹായം തേടാമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. സഹായത്തിനായി ചാരിറ്റി സംഘടനകളെക്കാണാമെന്നും അറിയിച്ച പ്രധാനമന്ത്രി
പിന്നീട് മന്ത്രിമാരുടെ യാത്രക്ക് അനുമതി നിഷേധിച്ചത് എന്തുകൊണ്ടെന്നറിയില്ല. പല രാജ്യങ്ങളും കേരളത്തെ സഹായിക്കാനായി മുന്നോട്ട് വന്നെങ്കിലും സഹായം സ്വീകരിക്കാന്‍ കേന്ദ്രം അനുവദിച്ചില്ല.

പ്രധാനമന്ത്രി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഗുജറാത്ത് ദുരന്തത്തില്‍ വിദേശ സഹായം വാങ്ങിയിരുന്നു. എന്നാല്‍ നമ്മുടെ കാര്യം വന്നപ്പോള്‍ നമുക്കാര്‍ക്കും മനസിലാകാത്ത നിലപാട് സ്വീകരിക്കുകയാണ് പ്രധാനമന്ത്രി ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം ആര്‍ക്ക് മുന്നിലും തോല്‍ക്കാന്‍ തയ്യാറല്ലെന്നും എല്ലാ പ്രവാസികളും നാടിന്റെ പുനര്‍നിര്‍മാണത്തില്‍ പങ്കാളികളാകണമെന്നും അദ്ദേഹം പറഞ്ഞു. ദുബൈ അല്‍ നാസര്‍ ലീഷര്‍ ലാന്‍ഡില്‍ പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.