മര്‍കസ് യുണൈറ്റഡ് യൂത്ത് സമ്മിറ്റിന് പ്രൗഢോജ്ജ്വല തുടക്കം

Posted on: October 19, 2018 10:46 pm | Last updated: October 19, 2018 at 10:46 pm

കോഴിക്കോട്: ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന പദ്ധതികള്‍ക്കായി പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് യൂത്ത് സര്‍ക്യൂട്ടും മര്‍കസും സംയുക്തമായി സംഘടിപ്പിച്ച മര്‍കസ് യുണൈറ്റഡ് യൂത്ത് സമ്മിറ്റിന് പ്രൗഢോജ്ജ്വല തുടക്കം. മര്‍കസ് നോളജ് സിറ്റിയില്‍ നടക്കുന്ന ത്രിദിന സമ്മിറ്റില്‍ ലോകത്തെ പത്ത് രാഷ്ട്രങ്ങളില്‍ നിന്നുള്ള മൂന്നൂറ് യുവ പ്രതിഭകളാണ് പങ്കെടുക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ സംരഭങ്ങളും നയതന്ത്ര രീതികളും യുവാക്കള്‍ക്ക് പകര്‍ന്നു നല്‍കി മികച്ച ഭാവി നേതൃത്വങ്ങളെ അന്താരാഷ്ട്ര രംഗത്ത് വാര്‍ത്തെടുക്കുക എന്നതാണ് സമ്മേളനത്തിന്റെ ലക്ഷ്യം.

രാവിലെ പത്ത് മണിക്ക് ആരംഭിച്ച സമ്മിറ്റ് പഞ്ചാബ് സാംസ്‌കാരിക മന്ത്രിയും മുന്‍ ക്രിക്കറ്റ് കളിക്കാരനുമായ നവജോദ് സിംഗ് സിദ്ദു ഉദ്ഘാടനം ചെയ്തു. കഴിവും പരിശീലനവും ആര്‍ജിച്ച യുവാക്കള്‍ക്ക് നയതന്ത്ര വിദഗ്ധരുടെയും അന്താരാഷ്ട്ര മേഖലകളിലെ വിദഗ്ധരുടെയും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലഭ്യമാകുന്നു എന്നതാണ് മര്‍കസ് യുണൈറ്റഡ് യൂത്ത് സമ്മിറ്റിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് അദ്ദേഹം പറഞ്ഞു. വിവിധ വിഷയങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളിലൂടെ രാഷ്ട്ര നിര്‍മാണത്തിനും പുരോഗതിക്കുമുള്ള പുതിയ ആശയങ്ങളാണ് രൂപപ്പെടുന്നത്. ക്രിക്കറ്റിലും പഠനത്തിലും രാഷ്ട്രീയത്തിലും താന്‍ എങ്ങനെയാണ് മികച്ച നേട്ടങ്ങള്‍ കരസ്ഥമാക്കിയതെന്നും അദ്ദേഹം വിവരിച്ചു.

മര്‍കസ് ചാന്‍സിലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രഭാഷണം നടത്തി. രാഷ്ട്രാന്തര തലത്തില്‍ ഭീകരവാദവും സാമൂഹിക അസമത്വവും വര്‍ധിച്ചു വരുന്ന പുതിയ ലോകസാഹചര്യത്തില്‍ അറിവും വൈദഗ്ത്യവുമുള്ള യുവാക്കളെ സമാധാന യത്നങ്ങള്‍ക്ക് മുതല്‍കൂട്ടാവുന്ന വിധത്തില്‍ വളര്‍ത്തിക്കൊണ്ടു വരുന്ന സമ്മിറ്റിന് വേദിയാവാന്‍ മര്‍കസിന് സാധിച്ചു എന്നത് ചാരുതാര്‍ത്ഥ്യപരമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നിന്നുള്ള നിപുണരായ യുവാക്കള്‍ക്ക് ഈ സമ്മിറ്റിലൂടെ ലോകത്തോളം വളരാന്‍ സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇന്ത്യാസ് മൂവ്മെന്റ് ഫോര്‍ ദി യുണൈറ്റഡ് നാഷന്‍സ് എന്ന സംഘടനയുടെ ഉപദേശകന്‍ മണി ശങ്കര്‍ അയ്യര്‍ പ്രതിനിധികളുമായി സംവദിച്ചു. ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി, ഡോ. അബ്ദുസ്സലാം, അമീര്‍ ഹസന്‍ ഓസ്ട്രേലിയ, കൃഷ്ണ അലവുരു, സയ്യിദ് ഫസല്‍ എന്നിവര്‍ സംസാരിച്ചു.

ഉച്ചക്ക് ശേഷം, ഐക്യരാഷ്ട്ര സഭയുടെ ഉപസമിതികളുടെ മാതൃകയില്‍ ഏഴു വേദികളിലായി അക്കാദമിക സെഷനുകളില്‍ അന്താരാഷ്ട്ര സമാധാനം, രാഷ്ട്രസുരക്ഷ, മാധ്യമ സംസ്‌കാരം, ആഗോളതാപനം, അഭയാര്‍ത്ഥികളുടെ അതിജീവനം, തൊഴിലാളികളുടെ അവകാശങ്ങള്‍, ആവിഷ്‌കാര സ്വാതന്ത്ര്യം എന്നിവ ചര്‍ച്ച ചെയ്തു. സമ്മിറ്റ് പ്രതിനിധികളുടെ പ്രബന്ധാവതരണങ്ങളും ചര്‍ച്ചകളും ശനിയാഴ്ച തുടരും. ഞായറാഴ്ച വൈകുന്നേരം നാലു മണിക്ക് ആരംഭിക്കുന്ന സമാപന സമ്മേളനത്തില്‍ ലോക പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. അബ്ദുല്‍ അസീസ് അല്‍ നുഐമി യു.എ.ഇ മുഖ്യപ്രഭാഷണം നടത്തും. മുന്‍ അംബാസിഡറും പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവുമായ ദീപക് വോഹ്റ, സംസ്ഥാന തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി, ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് അഡ്വ. പി. എ മുഹമ്മദ് റിയാസ്, സയ്യിദ് മുഹമ്മദ് ബിന്‍ നാശിദ്, എം.പി അഹ്മദ്, ഡോ. ഹുസൈന്‍ എന്നിവര്‍ പ്രസംഗിക്കും.