റോ വധിക്കുവാന്‍ ശ്രമിച്ചുവെന്ന ആരോപണം തള്ളി സിരിസേന രംഗത്ത്

Posted on: October 18, 2018 11:29 am | Last updated: October 18, 2018 at 11:50 am

കൊളംബോ: ഇന്ത്യയുടെ ചാരസംഘടനയായ റോ തന്നെ വധിക്കാന്‍ പദ്ധതിയിട്ടതായുള്ള ആരോപണം അടിസ്ഥാനരഹിതമെന്നു ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണില്‍ വിളിച്ച് സംസാരിച്ചുവെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. റോ പ്രധാനമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന വാര്‍ത്ത സത്യമല്ലെന്ന് ശ്രീലങ്കന്‍ സര്‍്ക്കാറും പ്രസ്്താവിച്ചിരുന്നു. ശ്രീലങ്കയുടെ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ ദിവസങ്ങള്‍ക്കകം ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെ ഉഭയകക്ഷിബന്ധത്തെ ബാധിക്കുന്ന തരത്തിലുള്ള ആരോപണംഏറെ ആശങ്കയ്ക്കിടയാക്കിയിരുന്നു.

കഴിഞ്ഞമാസമാണു അഴിമതിവിരുദ്ധ പ്രവര്‍ത്തകനായ നമല്‍ കുമാര, സിരിസേനയെയും ലങ്കയുടെ പ്രതിരോധ സെക്രട്ടറി ഗോതബയ രാജപക്ഷെയെയും വധിക്കാനുള്ള പദ്ധതിയെപ്പറ്റി തനിക്കറിയാമെന്ന് അവകാശപ്പെട്ടത്. കുമാരയെ സിഐഡി ചോദ്യം ചെയ്തതിന് പിന്നാലെ മലയാളിയായ എം തോമസ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തതായി ലങ്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇക്കാര്യം നിഷേധിച്ചുകൊണ്ട് ശ്രീലങ്കന്‍ ഭരണകൂടം പ്രസ്താവനയിറക്കി. മാധ്യമങ്ങള്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നു മാധ്യമ മന്ത്രി മംഗള സമരവീര കുറ്റപ്പെടുത്തുകയും ചെയ്തു.കിഴക്കന്‍ കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ വികസനത്തിന് ഇന്ത്യയെ പങ്കാളിയാക്കുന്നതിനെ സിരിസേന ശക്തമായി എതിര്‍ത്തെന്നും എന്നാല്‍, ന്യൂഡല്‍ഹിയുടെ പങ്കാളിത്തം നേരത്തെ വാഗ്ദാനം ചെയ്തിട്ടുള്ളതാണെന്നും അത് ഒഴിവാക്കാനാവില്ലെന്ന് വിക്രമസിംഗെ മറുപടി പറഞ്ഞെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.എന്നാല്‍ ഈ വാര്‍ത്തയും വ്യാജമാണെന്നാണു സൂചന.