എംജെ അക്ബറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും പരാതി നല്‍കി

Posted on: October 16, 2018 11:20 am | Last updated: October 16, 2018 at 3:14 pm

ന്യൂഡല്‍ഹി: ലൈംഗികാരോപണ വിധേയനായ കേന്ദ്രമന്ത്രി എംജെ അക്ബറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ രാഷ്ട്രപതി രാംനാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പരാതി നല്‍കി. ഇരകള്‍ക്കെതിരെ അക്ബര്‍ നല്‍കിയ മാനനഷ്ട കേസ് പിന്‍വലിക്കണമെന്നും മാധ്യമപ്രവര്‍ത്തക സംഘം ആവശ്യമുന്നയിച്ചു.

ട്വിറ്ററിലൂടെ ആദ്യം ആരോപണം ഉന്നയിച്ച മാധ്യമപ്രവര്‍ത്തക പ്രിയ രമണിക്കെതിരെയാണ് അക്ബര്‍ മാനനഷ്ട കേസ് നല്‍കിയത്. തുടര്‍പ്രസ്താവനകളിലൂടെ പ്രിയ രമണി ബോധപൂര്‍വം അപമാനിച്ചതായി പട്യാല ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ നല്‍കിയ സ്വകാര്യ മാനനഷ്ടക്കേസില്‍ അക്ബര്‍ ആരോപിച്ചു. അതേസമയം അക്ബറിന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ദേശവ്യാപകമായി പ്രക്ഷോഭം പ്രഖ്യാപിച്ചു. പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്ബറിന്റെ വസതിയിലേക്കു പ്രകടനം നടത്തിയിരുന്നു