അവഗണിക്കരുത്, ആ മുന്നറിയിപ്പ്

Posted on: October 16, 2018 10:12 am | Last updated: October 16, 2018 at 10:12 am

‘ഇനിയും മരിക്കാത്ത ഭൂമി, നിന്നാസന്ന മൃതിയില്‍ നിനക്കാത്മ ശാന്തി’ എന്ന കവി വാക്യത്തിന്റെ ശാസ്ത്രീയ പ്രസ്താവനയെന്ന് വിളിക്കാവുന്ന റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. ഭൂമിക്കൊരു ചരമഗീതം എന്നാണ് ഒ ന്‍ വിയുടെ ആ കവിതക്ക് തലക്കെട്ട്. ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (ഐ പി സി സി) പുറത്തുവിട്ട പഠന റിപ്പോര്‍ട്ടിനും ഈ തലക്കെട്ട് ചേരും. പത്ത് വര്‍ഷത്തിനുള്ളില്‍ ലോകം ചുട്ടുപൊള്ളുമെന്നാണ് 40 രാജ്യങ്ങളില്‍ നിന്നുള്ള 91 വിദഗ്ധര്‍ മൂന്ന് വര്‍ഷത്തെ സമഗ്ര ഗവേഷണത്തിനൊടുവില്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നത്. വ്യവസായവത്കരണത്തിന് മുമ്പുള്ള താപനിലയില്‍ നിന്ന് 1.5 ഡിഗ്രി സെല്‍ഷ്യസില്‍ ചൂട് അധികരിക്കാന്‍ ഇടവന്നാല്‍ സര്‍വനാശമായിരിക്കും ഫലമെന്നതാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. ഇപ്പോള്‍ ഇത് 0.8 മുതല്‍ 1.2 വരെ എത്തിയിട്ടുണ്ട്. ഈ നില തുടര്‍ന്നാല്‍ 2030നകം 1.5 ഡിഗ്രി സെല്‍ഷ്യസ് എന്ന അപകടരേഖ പിന്നിടും. അതോടെ ചുട്ടുപൊള്ളുന്ന ഗോളമായി ഭൂമി മാറും. ആരോഗ്യനില താറുമാറാകും. ഭക്ഷ്യ പ്രതിസന്ധിയില്‍ ലോകം നട്ടംതിരിയും. വെള്ളം കിട്ടാക്കനിയാകും. ഏത് സമ്പന്ന രാജ്യവും പ്രതിസന്ധിയില്‍ ആടിയുലയും. മനുഷ്യരുടെ മാനസിക നില തന്നെ തകരാറിലാകും. നിരവധി ജീവി വര്‍ഗങ്ങള്‍ കുറ്റിയറ്റു പോകും.

കാര്‍ബണ്‍ പുറന്തള്ളുന്നത് നിയന്ത്രിക്കുകയാണ് പ്രധാന പോംവഴിയെന്ന് 33പേജു വരുന്ന രത്‌നച്ചുരുക്കത്തില്‍ വ്യക്തമാക്കുന്നു. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളെയാകും കൊടുംചൂട് ഏറ്റവും കൂടുതല്‍ ബാധിക്കുക. അടുത്ത കുറച്ചു വര്‍ഷങ്ങള്‍ നിര്‍ണായകമാണെന്ന് ഐ പി സി സി ഉപാധ്യക്ഷന്‍ പ്രൊഫ. ജിം സ്‌കീ പറയുന്നു. ഡിസംബറില്‍ പോളണ്ടില്‍ നടക്കുന്ന കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയില്‍ ഈ വിഷയവും ചര്‍ച്ച ചെയ്യും. ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ പുറന്തള്ളുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യയുടെ നിലപാട് ഉച്ചകോടിയില്‍ നിര്‍ണായകമാകുമെന്നും അദ്ദേഹം പറയുന്നു.
തീര്‍ച്ചയായും ഇന്ത്യ, ചൈന തുടങ്ങിയ ജനനിബിഡ രാജ്യങ്ങളെത്തന്നെയാണ് പ്രതിസന്ധി രൂക്ഷമായി ബാധിക്കുക. വികസിച്ചു കൊണ്ടിരിക്കുന്ന (എമര്‍ജിംഗ്) സമ്പദ്‌വ്യവസ്ഥകളിലൊന്നായ ഇന്ത്യക്ക് ഇനിയും വ്യവസായ വികസനത്തിന്റെ കാര്യത്തില്‍ ഏറെ മുന്നോട്ട് പോകാനുണ്ട്. ആധുനിക ജീവിത സൗകര്യങ്ങള്‍ നല്ലൊരു വിഭാഗം ജനങ്ങള്‍ക്കും അപ്രാപ്യമാണെന്നിരിക്കെ കാര്‍ബണ്‍ അധിഷ്ഠിത ഊര്‍ജസ്രോതസ്സുകളുടെ ഉപയോഗം സ്വിച്ചിട്ട പോലെ നിര്‍ത്താന്‍ ഇന്ത്യക്കോ ചൈനക്കോ മറ്റ് വികസ്വര രാജ്യങ്ങള്‍ക്കോ സാധിച്ചെന്ന് വരില്ല. സാവധാനം കുറച്ച് കൊണ്ടുവരിക മാത്രമാണ് കരണീയം. ബദല്‍ ഊര്‍ജ സ്രോതസ്സുകള്‍ ആവിഷ്‌കരിക്കാന്‍ ഇത്തരം രാജ്യങ്ങളെ വികസിത രാജ്യങ്ങള്‍ സഹായിക്കുകയും വേണം. അതിനുപകരം ഉത്തരവാദിത്വം മുഴുവന്‍ വികസ്വര രാജ്യങ്ങളില്‍ കെട്ടിവെക്കുന്ന സമീപനം ശരിയല്ല. വ്യവസായിക വളര്‍ച്ച നേടിക്കഴിഞ്ഞ രാജ്യങ്ങള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്വമുണ്ട്.

ആ ആശയഗതി അംഗീകരിച്ചയാളായിരുന്നു യു എസ് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പാരീസ് ഉടമ്പടി അദ്ദേഹത്തിന്റെ കാലത്താണ് ഒപ്പുവെച്ചത്. ആഗോള താപ വര്‍ധനയുടെ തോത് വ്യവസായിക വിപ്ലവ കാലത്തേക്കാള്‍ രണ്ട് ഡിഗ്രി കുറക്കുകയെന്നതാണ് 2015ല്‍ നിലവില്‍ വന്ന, അമേരിക്കയടക്കം 195 രാജ്യങ്ങള്‍ ഒപ്പുവെച്ച പാരീസ് കരാറിന്റെ പ്രഖ്യാപിത ലക്ഷ്യം. അതിനായി അംഗ രാജ്യങ്ങള്‍ ഓരോരുത്തരും കാര്‍ബണ്‍ ബഹിര്‍ഗമനം നിശ്ചിത അളവില്‍ കുറച്ചുകൊണ്ടുവരണം. രൂക്ഷമായ വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് ഉടമ്പടി യാഥാര്‍ഥ്യമായത്. കല്‍ക്കരി, പെട്രോളിയം തുടങ്ങിയ ഫോസില്‍ ഇന്ധനം കത്തിച്ച് തീര്‍ത്ത് വ്യവസായ വികസനം നടത്തുന്നതാണല്ലോ കാര്‍ബണ്‍ ബഹിര്‍ഗമനത്തിനും ആഗോളതാപനത്തിനും പ്രധാന കാരണമാകുന്നത്. അപ്പോള്‍ അവക്ക് പകരം ഊര്‍ജസ്രോതസ്സ് കണ്ടെത്തണം. അതുകൊണ്ട് ക്ലീന്‍ എനര്‍ജി സാങ്കേതിക വിദ്യ ആര്‍ജിക്കാന്‍ വന്‍കിട രാജ്യങ്ങള്‍ വികസ്വര, അവികസിത രാജ്യങ്ങള്‍ക്ക് സഹായം നല്‍കണമെന്നും ആ ഉടമ്പടി നിഷ്‌കര്‍ഷിച്ചു. ക്യോട്ടോ ഉടമ്പടിയുടെ തുടര്‍ച്ചയായിരുന്നു അത്. ഡൊണാള്‍ഡ് ട്രംപ് വന്നപ്പോള്‍ ഈ കരാറില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങി. വികസ്വര രാജ്യങ്ങളുടെ അജന്‍ഡക്ക് കീഴടങ്ങുന്ന പ്രശ്‌നമില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം.
ഇതാണ് സ്ഥിതി. ഒരു ഭാഗത്ത് സര്‍വനാശത്തിന്റെ മുന്നറിയിപ്പുകള്‍ നിരവധി വരുന്നു. മറുഭാഗത്ത് കാലാവസ്ഥാ വ്യതിയാനം ഒരു സങ്കല്‍പ്പം മാത്രമാണെന്ന് ട്രംപിനെപോലുള്ളവര്‍ ആക്രോശിക്കുന്നു. വാഹനങ്ങള്‍ പെരുകുന്നു. പ്രകൃതി ചൂഷണം നിര്‍ബാധം തുടരുന്നു. സുസ്ഥിര വികസനം പാഠപുസ്തകത്തിലെ പദങ്ങള്‍ മാത്രമായിത്തീരുന്നു. കാലാവസ്ഥാ വ്യതിയാനം എന്താണെന്ന് പ്രളയദുരന്തത്തില്‍ നിന്ന് കരകയറിയിട്ടില്ലാത്ത കേരളത്തിലിരുന്ന് ആരും ഇനി ചോദിക്കുമെന്ന് തോന്നുന്നില്ല. മഴയും വെയിലും താളം തെറ്റുന്നത് കണ്‍മുന്നില്‍ നാം കാണുന്നു. അത്യുഷ്ണത്തിന്റെ ഫലങ്ങളിലൊന്ന് അതിവര്‍ഷമാണത്രേ. ഭൂഗര്‍ഭജലം വലിഞ്ഞു പോകുന്നു. ന്യൂനമര്‍ദമില്ലെങ്കില്‍ മഴയില്ല എന്നതാണ് സ്ഥിതി. നവകേരള സൃഷ്ടിയെന്ന മുദ്രാവാക്യം അര്‍ഥവത്താകണമെങ്കില്‍ പ്രകൃതി നല്‍കുന്ന മുന്നറിയിപ്പുകള്‍ കണക്കിലെടുത്തേ തീരൂ.