എടിഎം കവര്‍ച്ചാ സംഘം സഞ്ചരിച്ച വാഹനം കണ്ടെത്തി

Posted on: October 12, 2018 7:36 pm | Last updated: October 13, 2018 at 11:08 am

ചാലക്കുടി: എടിഎം കവര്‍ച്ചാ സംഘം സഞ്ചരിച്ച വാഹനം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ചാലക്കുടി ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ഉപേക്ഷിച്ച നിലയിലാണ് വാഹനം കണ്ടെത്തിയത്. കോട്ടയം രജിസ്‌ട്രേഷനിലുള്ള പിക്കപ്പ് വാന്‍ ആണ് കണ്ടെത്തിയത്. കോട്ടയം കോടിമതയില്‍ നിന്ന് മോഷ്ടിച്ച വാഹനമാണിത്.
എറണാകുളം ഇരുമ്പനത്തുനിന്ന് 25 ലക്ഷവും തൃശൂര്‍ കൊരട്ടിയില്‍ നിന്ന് 10 ലക്ഷവുമാണ് കവര്‍ന്നത്. അന്തര്‍സംസ്ഥാന പ്രൊഫഷണല്‍ കവര്‍ച്ചാസംഘമാണ് കൃത്യത്തിന് പിന്നിലെന്നാണ് നിഗമനം. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഘം ഇരുമ്പനത്ത് കവര്‍ച്ച നടത്തിയത്. എടിഎം കൗണ്ടറിലേക്ക് പ്രവേശിച്ച ശേഷം സിസിടിവി ക്യാമറയിലേക്ക് സ്േ്രപ പെയിന്റ് അടിച്ച സംഘം വൈദ്യുത ബന്ധം വിച്ഛേദിച്ചാണ് കവര്‍ച്ച നടത്തിയത്. ഇതിന് ശേഷം കൊരട്ടിയിലെത്തിയ മൂന്നംഗ സംഘം ഇവിടെയും കവര്‍ച്ച നടത്തുകയായിരുന്നു.

കോട്ടയത്തും സമാന കവര്‍ച്ചാ ശ്രമം നടന്നെങ്കിലും പണം നഷ്ടപ്പെട്ടില്ലെന്ന് കോട്ടയം എസ്പി ഹരിശങ്കര്‍ വ്യക്തമാക്കി. കോട്ടയത്ത് എടിഎമ്മിന് അകത്തെ സിസിടിവി മറക്കാനുള്ള ശ്രമമാണ് നടന്നത്. കവര്‍ച്ചാസംഘം എടിഎമ്മില്‍ തൊട്ടിട്ടില്ലെന്നും എസ്പി പറഞ്ഞു. കളമശ്ശേരിയിലും എടിഎം കവര്‍ച്ചാശ്രമം നടന്നു. ഒറ്റ രാത്രി കൊണ്ട് നാല് എടിഎമ്മുകളാണ് കവര്‍ച്ചാ സംഘം ലക്ഷ്യം വെച്ചത്.