ചാനല്‍ ചര്‍ച്ചക്കിടെ സതീദേവിക്കെതിരെ കൊലവിളി; ബിജെപി നേതാവിനെതിരെ കേസ്

Posted on: October 12, 2018 3:15 pm | Last updated: October 12, 2018 at 6:23 pm

തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചക്കിടെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി പി.സതീദേവിക്കെതിരെ ഭീഷണിമുഴക്കിയ സംഭവത്തില്‍ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട സ്വകാര്യ ചാനല്‍ ചര്‍ച്ചക്കിടെയായിരുന്നു സംഭവം.

അയ്യപ്പനോട് മാപ്പ് പറഞ്ഞില്ലെങ്കില്‍ ജഡം പോലുമുണ്ടാകില്ലെന്നും കൊത്തിനുറുക്കുമെന്നുമായിരുന്നു ഗോപാലകൃഷ്ണന്റെ ഭീഷണി. ഇതിനിടെ വാര്‍ത്താ അവതാകന്‍ ഇടപെട്ട് ഇങ്ങനെയൊന്നും പറയല്ലേയെന്ന് പറഞ്ഞെങ്കിലും ഗോപാലകൃഷ്ണന്‍ ഭീഷണി തുടര്‍ന്നു.

സതീദേവിക്ക് പുറമേ കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍, എംഎന്‍ കാരശ്ശേരി തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. സംഭവത്തില്‍ നടപടിയാവശ്യപ്പെട്ട് സതീദേവി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്.