മക്കയില്‍ നിന്ന് മദീനയിലേക്ക് വെറും ഒന്നര മണിക്കൂര്‍; ഹറമൈന്‍ ഹൈ സ്പീഡ് ട്രെയിന്‍ കുതിപ്പ് തുടങ്ങി

Posted on: October 11, 2018 3:13 pm | Last updated: October 12, 2018 at 10:11 am

ദമ്മാം. വിശുദ്ധ നഗരങ്ങളായ മക്കയേയും മദീനയേയും ബന്ധിപ്പിക്കുന്ന ഹറമൈന്‍ ഹൈ സ്പീഡ് ട്രെയിന്‍ യാത്ര തുടങ്ങി. ക്യാപ്റ്റന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ഷഹ്‌രിയായിരുന്നു പൊതുജനങ്ങള്‍ക്കുള്ള പ്രഥമ ട്രെയിന്‍ നിയന്ത്രിച്ചത്. ഇന്ന് രാവിലെ എട്ട് മണിക്ക് മദീനയില്‍ നിന്നും 417 യാത്രക്കാരുമായാണ് ആദ്യ തീവണ്ടി സര്‍വീസിനു തുടക്കം കുറിച്ചതെന്ന് ഹറമൈന്‍ റയില്‍വേ പദ്ദതി മേധാവി എന്‍ജിനീയര്‍ സഅദ് അല്‍ ഷഹ്‌രി അറിയിച്ചു.
ഹറമൈന്‍ ട്രെയിന്‍ യാത്രക്ക് ഇന്ന് ഔദ്യോഗികമായി തുടക്കം കുറിക്കുമെന്ന് മക്ക ഗവര്‍ണറേറ്റ് നേരത്തെ അറിയിച്ചിരുന്നു. പരമ്പരാഗത രീതിയില്‍ ദഫ് മുട്ടും മറ്റു ആഘോഷങ്ങളുമായാണ് ആദ്യയാത്രക്കു തുടക്കം കുറിച്ചത്.

നേരത്തെ, ഒക്ടോബര്‍ നാല് മുതല്‍ക്കാണ് യാത്ര സൗകര്യം നിശ്ചയിച്ചിരുന്നത്. ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റി വെക്കുകയായിരുന്നു.രണ്ടാഴ്ച മുമ്പാണ് സഊദി വികസന ചരിത്രത്തില്‍ പ്രധാന സംഭവമായേക്കാവുന്ന ഹറമൈന്‍ റെയില്‍വേ പദ്ധതി സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് രാജ്യത്തിനു സമര്‍പ്പിച്ചത്.

ഹജ്ജ,് ഉംറ തീര്‍ഥാടകര്‍ക്കാണ് ഹറമൈന്‍ റെയില്‍വേ ഏറ്റവും ഉപകരിക്കുക. മക്കയില്‍ നിന്നും മദീനയിലേക്ക് ഒന്നര മണിക്കൂറിനുള്ളില്‍ എത്താന്‍ കഴിയും. റോഡ് മാര്‍ഗം യാത്ര ചെയ്യുന്നതിന് അഞ്ച് മണിക്കൂറോളമാണ് വേണ്ടിവരുക. മസ്ജിദുല്‍ ഹറാമിന് നാല് കിലോമീറ്റര്‍ അകലെയുള്ള അല്‍ റസീഫ സ്ട്രീറ്റിലാണ് മക്കയിലെ റെയില്‍വേ സ്‌റ്റേഷന്‍ സജീകരിച്ചിരിക്കുന്നത്. ജിദ്ദയില്‍ രണ്ട് സ്‌റ്റേഷനുകളാണ്. ഒന്ന് സുലൈമാനിയ സ്ട്രീറ്റിലും മറ്റൊന്ന് കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലുമാണ്. മറ്റൊരു സ്‌റ്റേഷന്‍ മക്ക മദീന റൂട്ടില്‍ റാബിഗിലുള്ള കിംഗ് അബ്ദുല്ലാ എക്‌നോമിക് സിറ്റിയിലാണ്. മദീനയില്‍ റൗദ ശരീഫിനു ഒമ്പത് കിലോമീറ്റര്‍ മാത്രം അകലെയാണ്.

മക്കയില്‍ നിന്നും മദീനയിലേക്ക് എകണോമിക് ക്ലാസില്‍ യാത്ര ചെയ്യുന്നതിനു 50 റിയാലാണ് ഇപ്പോഴുള്ള ചാര്‍ജ്, ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുന്നതിനു 95 റിയാലും നല്‍കണം. ജിദ്ദയില്‍ നിന്നും മക്കയിലേക്കു കുറഞ്ഞ ക്ലാസില്‍ യാത്ര ചെയ്യുന്നതിനു 20 റിയാലാണ് ചാര്‍ജ് നിശ്ചയിച്ചിരിക്കുന്നത്. ഹറമൈന്‍ റയില്‍വേ തുടക്കം കുറിച്ചതില്‍ പ്രമോഷണല്‍ നിലക്കുള്ള ചാര്‍ജാണ് ഇപ്പോള്‍ ഈടാക്കുന്നത്. പിന്നീട് ചാര്‍ജ് നിരക്ക് ഇരട്ടിയായി വര്‍ധിക്കും. ഓണ്‍ലൈന്‍ മുഖേനെ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്, കൂടാതെ എല്ലാ സ്‌റ്റേഷനുകളില്‍ നിന്നും ടിക്കറ്റെടുക്കാം.