Connect with us

Editorial

വ്‌ളാദിമിര്‍ പുടിന്‍ ഇന്ത്യയിലെത്തിയപ്പോള്‍

Published

|

Last Updated

അമേരിക്കയുടെ ഭീഷണിക്ക് വഴങ്ങി രാജ്യ താത്പര്യം ബലികഴിക്കാന്‍ തയ്യാറല്ലെന്ന വ്യക്തമായ സന്ദേശം ലോകത്തിന് മുന്നില്‍ വെക്കുന്ന കരാറിലാണ് ഇന്ത്യയും റഷ്യയും ഒപ്പുവെച്ചിരിക്കുന്നത്. ഇരു രാജ്യങ്ങളും നേരത്തേ തീരുമാനിച്ച കരാറുകളുമായും വാണിജ്യ, പ്രതിരോധ കൊടുക്കല്‍ വാങ്ങലുകളുമായും മുന്നോട്ട് പോകുന്നതിന് തടസ്സം നില്‍ക്കാന്‍ ആര് ശ്രമിച്ചാലും വിലപ്പോകില്ലെന്ന് വ്യക്തമാക്കുകയാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ ഇന്ത്യാ സന്ദര്‍ശനം. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത രാജ്യങ്ങള്‍ക്ക് മേല്‍ ക്രൂരമായ ഉപരോധങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന അമേരിക്കയെ പുതിയ സംഭവ വികാസങ്ങള്‍ ഇരുത്തിച്ചിന്തിപ്പിക്കും. യു എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഉറ്റ സുഹൃത്താണ് നരേന്ദ്ര മോദിയെന്നാണ് വിശ്വാസം. അങ്ങനെയൊരാള്‍ പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ പോലും ഇന്ത്യയുടെ ഭാഗത്ത് നിന്ന് സ്വയം നിര്‍ണയത്തിന്റെ സ്വരം ശക്തമായി ഉയരുന്നുവെന്നത് യു എസിനെ വീണ്ടുവിചാരത്തിന് പ്രേരിപ്പിക്കേണ്ടതാണ്. റഷ്യയില്‍ നിന്ന് 5.43 ബില്യണ്‍ ഡോളറിന്റെ അഞ്ച് എസ്-400 ട്രയംഫ് മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വഌദിമീര്‍ പുടിനും ഒപ്പുവെച്ചത്. ഇതിന് പുറമെ പ്രതിരോധം, ആണവോര്‍ജം, ബഹിരാകാശം, സാമ്പത്തികം, റെയില്‍വേ, ഗതാഗതം തുടങ്ങിയ മേഖലകളിലായി ഏഴ് കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചു.

റഷ്യ, ഉത്തര കൊറിയ, ഇറാന്‍, വെനിസ്വേല തുടങ്ങിയ രാജ്യങ്ങളുമായി പ്രതിരോധ, സാമ്പത്തിക ഇടപാടില്‍ ഏര്‍പ്പെടുന്ന ഏത് രാജ്യത്തിനെതിരെയും ഉപരോധം ഏര്‍പ്പെടുത്തുമെന്നാണ് അമേരിക്കയുടെ ഭീഷണി. കൗണ്ടറിംഗ് അമേരിക്കാസ് അഡ്വേസറീസ് ത്രൂ സാംങ്ക്ഷന്‍ ആക്ട് (സി എ എ ടി എസ് എ -കാറ്റ്‌സാ) അനുസരിച്ചാണ് റഷ്യക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടുവെന്ന ആരോപണത്തിന്റെ പുറത്താണ് ഉപരോധം. അമേരിക്ക അവര്‍ക്ക് മാത്രം ബോധ്യമുള്ള ഒരു വിഷയത്തില്‍ ഒരു രാജ്യത്തെ ശത്രുവായി പ്രഖ്യാപിക്കുന്നു. തുടര്‍ന്ന് ആ രാജ്യത്തിനെതിരെയും അവരുമായി ബന്ധം പുലര്‍ത്തുന്ന മറ്റ് രാജ്യങ്ങള്‍ക്കെതിരെയും ഉപരോധം ഏര്‍പ്പെടുത്തുന്നു. ഡോളറിന്റെ ബലത്തിലാണ് കളി. അമേരിക്ക പറഞ്ഞിടത്ത് നില്‍ക്കുന്ന ഏതാനും വന്‍കിട രാജ്യങ്ങള്‍ വഴിയും ചിലപ്പോള്‍ യു എന്‍ വഴി പോലും ഈ അതിക്രമം നടത്തിയെടുക്കുന്നു.

കാസ്റ്റാ പ്രയോഗിച്ച് റഷ്യയുമായുള്ള ഇടപാട് തടയാന്‍ അമേരിക്ക ശ്രമിച്ചാല്‍ വഴങ്ങിക്കൊടുക്കുന്ന പ്രശ്‌നമില്ലെന്ന് പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ നേരത്തേ വ്യക്തമാക്കിയതാണ്. അമേരിക്ക ഏര്‍പ്പെടുത്തുന്ന ഉപരോധം അനുസരിക്കാനുള്ള ബാധ്യത ഇന്ത്യക്കില്ലെന്ന് അവര്‍ തുറന്നടിച്ചു. അമേരിക്കക്ക് റഷ്യയുമായുള്ള പ്രശ്‌നങ്ങള്‍ അവരുടെ ഉഭയകക്ഷി വിഷയമാണ്. അതിലേക്ക് ഇന്ത്യയെ വലിച്ചിഴക്കേണ്ടതില്ല. പ്രതിരോധ രംഗത്ത് റഷ്യയുമായി ഇന്ത്യക്കുള്ള ബന്ധം ദശകങ്ങളുടെ പഴക്കമുള്ള ഒന്നാണ്. അത് ഒറ്റയടിക്ക് മാറ്റുക സാധ്യമല്ല. ഇന്ത്യ സന്ദര്‍ശിച്ച യു എസ് കോണ്‍ഗ്രസ് സംഘത്തെ ഇക്കാര്യം ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ മോദി സര്‍ക്കാറിന്റെ നയം വ്യക്തതയുള്ളതാണെന്ന് തെളിയിക്കുന്നതായിരുന്നു ഈ വാക്കുകള്‍.

4000 കിലോമീറ്റര്‍ വരുന്ന ഇന്ത്യ – ചൈനാ അതിര്‍ത്തിയില്‍ വിന്യസിക്കാനാണ് ലോംഗ് റേഞ്ച് മിസൈല്‍ പ്രതിരോധ സംവിധാനം ഇന്ത്യ റഷ്യയില്‍ നിന്ന് വാങ്ങുന്നത്. 2016ലാണ് ഇന്ത്യയും റഷ്യയും ട്രയംഫ് മിസൈല്‍ പ്രതിരോധ ഇടപാടിന്റെ പ്രാഥമിക കരാറില്‍ ഒപ്പുവെക്കുന്നത്. ഇതിനു മുമ്പ് 2014ല്‍ തന്നെ ചൈന ഇത്തരമൊരു കരാറിലൂടെ ഈ സംവിധാനം റഷ്യയില്‍ നിന്ന് കരസ്ഥമാക്കിയിരുന്നുവെന്നത് പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്ന കാര്യമാണ്. അതുകൊണ്ട് ഇന്ത്യയുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട വിഷയമാണിത്.

ഇതേ സുരക്ഷിതത്വ വിഷയം മുന്‍നിര്‍ത്തിയാണ് അമേരിക്കയുമായി ഈയിടെ ഇന്ത്യ കോംകാസ (കമ്യൂണിക്കേഷന്‍ കോംപാറ്റിബിലിറ്റി ആന്‍ഡ് സെക്യൂരിറ്റി) കരാറില്‍ ഒപ്പുവെച്ചതെന്നോര്‍ക്കണം. ഇന്ത്യക്ക് യു എസില്‍ നിന്ന് നിര്‍ണായകമായ പ്രതിരോധ സാങ്കേതിക വിദ്യയും ആയുധങ്ങളും ലഭ്യമാക്കുന്നതും സൈനിക വ്യവസായ മേഖലയില്‍ യു എസ് സാന്നിധ്യം ശക്തമാക്കുന്നതിനുമുള്ള കരാറാണിത്. എന്നുവെച്ചാല്‍ പ്രതിരോധരംഗത്ത് ഏകദിശ പാലിക്കാന്‍ ഇന്ത്യ തയ്യാറാകണം. എന്നാല്‍ ഒരു രാജ്യവുമായുള്ള സൗഹൃദം നിലനിര്‍ത്താന്‍ മറ്റൊന്നിനോടുള്ള അടുപ്പം ബലികഴിക്കേണ്ടതില്ലെന്ന നിലപാടില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയുറച്ച് നില്‍ക്കുമെന്ന പ്രതീക്ഷയാണ് ഇപ്പോള്‍ പുലരുന്നത്. ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന വിഷയത്തിലും ഇതേ സമീപനം പുലര്‍ത്തണം. ഇന്ത്യന്‍ രൂപ കൊടുത്താല്‍ എണ്ണ തരാന്‍ തയ്യാറായി നില്‍ക്കുകയാണ് ഇറാന്‍. രൂപയുടെ മൂല്യം നിരന്തരം ഇടിയുകയും ക്രൂഡ് വില കുതിച്ചുയരുകയും ചെയ്യുമ്പോള്‍ ഇന്ത്യ എത്രയും വേഗം ഇക്കാര്യത്തില്‍ നിലപാടെടുക്കേണ്ടതാണ്. വെനിസ്വേലയില്‍ നിന്നും എണ്ണ വാങ്ങണം. റഷ്യയുമായി ഊര്‍ജ രംഗത്ത് കൂടുതല്‍ സഹകരിക്കണം. അത്തരം സഹകരണങ്ങളിലൂടെ മാത്രമേ ഡോളറിന്റെ ഹുങ്ക് തകര്‍ക്കാനാകൂ.