Connect with us

National

ഉപദ്രവിക്കാനുള്ള നീക്കം ചെറുത്തതിന് ആക്രമണം; 34 സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ ആശുപത്രിയില്‍

Published

|

Last Updated

പാട്‌ന: ഉപദ്രവിക്കാനുള്ള നീക്കം ചെറുത്ത വിദ്യാര്‍ഥിനികളെ ഒരു സംഘം സ്‌കൂളില്‍ കയറി ആക്രമിച്ചു. ബിഹാറിലെ സൗപോള്‍ ജില്ലയിലെ കസ്തൂര്‍ബ റെസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് സംഭവം. ആക്രമണത്തില്‍ പരുക്കേറ്റ 34 വിദ്യാര്‍ഥിനികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 12നും 16നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥിനികള്‍ക്കാണ് പരുക്കേറ്റത്. സംഭവത്തില്‍, നാല് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു.

പ്രദേശത്തെ ഒരു സംഘം സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ശല്യം ചെയ്യുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസം ചില ആണ്‍കുട്ടികള്‍ സ്‌കൂളിലെ ചുമരില്‍ അശ്ലീല വാക്കുകള്‍ എഴുതുന്നത് പെണ്‍കുട്ടികളുടെ ശ്രദ്ധയില്‍പെട്ടു. ഇവരോട് സ്‌കൂളില്‍ നിന്ന് പുറത്ത് പോകാന്‍ പെണ്‍കുട്ടികള്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് തര്‍ക്കം നടക്കുകയും ചെയ്തു. ആത്മരക്ഷാര്‍ത്ഥം വിദ്യാര്‍ഥിനികളില്‍ ചിലര്‍ ആണ്‍കുട്ടികളെ നേരിടുകയും ചെയ്തു. തുടര്‍ന്ന് സ്‌കൂളില്‍നിന്ന് പോയ ആണ്‍കുട്ടികള്‍ രണ്ട് മണിക്കൂറിന് ശേഷം മാതാപിതാക്കള്‍, ബന്ധുക്കള്‍, നാട്ടുകാര്‍ അടക്കമുള്ളവരെ വിളിച്ചുവരുത്തി പെണ്‍കുട്ടികളെ ആക്രമിക്കുകയായിരുന്നു. പെണ്‍കുട്ടികള്‍ക്കും അധ്യാപികമാര്‍ക്കും ക്രൂരമായി മര്‍ദനമേറ്റു. സ്‌കൂളിലെ ഫര്‍ണിച്ചറുകള്‍ അടിച്ചുതകര്‍ത്തു. സംഭവ സമയത്ത് സ്‌കൂളില്‍ സെക്യൂരിറ്റിയോ ഗാര്‍ഡുകളോ ഉണ്ടായിരുന്നില്ല.

വിവരമറിഞ്ഞെത്തിയ പോലീസും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമാണ് വിദ്യാര്‍ഥിനികളെ രക്ഷപ്പടുത്തി ആശുപത്രിയിലാക്കിയത്. പ്രിന്‍സിപ്പലിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കുറ്റക്കാരെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന്് ജില്ലാ മജിസ്‌ട്രേറ്റ് ബൈദ്യനാഥ് യാദവ് പറഞ്ഞു.