അറിയാതെ പോകല്ലേ പപ്പായയുടെ ഈ ഗുണങ്ങള്‍

Posted on: October 6, 2018 8:45 pm | Last updated: October 6, 2018 at 8:45 pm

നമ്മുടെ നാട്ടില്‍ സാധാരണമായി ലഭിക്കുന്ന പപ്പായയുടെ ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. വൈറ്റമിനുകള്‍, ധാതുക്കള്‍, നാരുകള്‍ എന്നിവയാല്‍ സമ്പന്നമാണ് പപ്പായ. ഇതില്‍ വൈറ്റമിന്‍ സിയും എയും ബിയും ധാരാളം അടങ്ങിയിട്ടുണ്ട്. പല അസുഖത്തിനും നല്ലൊരു മരുന്നാണ് പപ്പായ. ചര്‍മത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ആവശ്യമായ വൈറ്റമിന്‍- എ പപ്പായയില്‍ ധാരാളമുണ്ട്.

ഉദരസംബന്ധമായ രോഗങ്ങള്‍ക്ക് പപ്പായ ഉത്തമമാണ്. എന്നാല്‍ പപ്പായ ഇലയുടെ ഔഷധഗുണത്തെക്കുറിച്ച് അധികം ആരും അറിഞ്ഞിരുന്നില്ല. അതിന്റെ ഔഷധഗുണത്തെ കുറിച്ച് അറിഞ്ഞു തുടങ്ങിയത് ഡെങ്കിപ്പനി പടര്‍ന്നു പിടിച്ചക്കാലത്താണ്. നാടാകെ പനിച്ചുവിറച്ചപ്പോള്‍ പപ്പായ ഇല നാട്ടിലെ താരമായി. പനിയെ പ്രതിരോധിക്കുന്ന ഒറ്റമൂലിയായി. രക്തത്തില്‍ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയുന്നത് തടയാനും ജീവന്‍ രക്ഷാമാര്‍ഗമായും പപ്പായ ഇല പ്രവര്‍ത്തിക്കുന്നതായി അലോപ്പതി ഡോക്ടര്‍മാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

ചര്‍മത്തിനു വളരെ നല്ലത്

പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന പപ്പായയില്‍ നിരവധി ഫൈറ്റോന്യൂട്രിയന്റുകളും വൈറ്റമിനുകളും അടങ്ങിയിരിക്കുന്നു. ദൈനം ദിന ഭക്ഷണത്തില്‍ പപ്പായ ഉള്‍പ്പെടുത്തുന്നത് അണുബാധകളില്‍ നിന്ന് സംരക്ഷണം നല്‍കും. വെറ്റമിന്‍ സി മാത്രമല്ല എയും ധാരാളം ഉള്ളതാണ് പപ്പായ. ഇത് ചര്‍മത്തിനു വളരെ നല്ലതാണ്. പപ്പായയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റ് ചര്‍മത്തിലെ ചുളിവുകളെയും പ്രായമാകുന്നതിന്റെ മറ്റ് ലക്ഷണങ്ങളെയും പ്രതിരോധിക്കും. കണ്ണിന്റെ കാഴ്ചയ്ക്കും പപ്പായ ഉത്തമം. പപ്പായ പഴത്തിന് മധുരമുണ്ടെങ്കിലും ഗ്‌ളൈസമിക് ഇന്‍ഡക്‌സ് നില മധ്യമമായിരിക്കും. അതിനാല്‍, പ്രമേഹ രോഗികള്‍ക്കു പോലും നിയന്ത്രിത അളവില്‍ പപ്പായ കഴിക്കുന്നത് അനുവദനീയമാണ്.

ക്യാന്‍സര്‍ തടയാം
വൈദ്യശാസ്ത്രം പരീക്ഷണങ്ങളിലൂടെ തെളിയിച്ചെടുത്ത അത്ഭുത ഇലയാണ് പപ്പായ ഇല. ഗര്‍ഭാശയം, സ്തനം, കരള്‍, ശ്വാസകോശം, പാന്‍ക്രിയാസ് തുടങ്ങിയ അവയവങ്ങളിലുണ്ടാകുന്ന കാന്‍സര്‍ തടയാന്‍ പപ്പായ ഇലയോളം മറ്റൊരു ഔഷധമില്ലെന്ന് അമേരിക്കയിലേയും ജപ്പാനിലേയും ശാസ്ത്രജ്ഞന്മാര്‍ വ്യക്തമാക്കുന്നു.
ഇതിലുള്ള പ്രത്യേകതരം എന്‍സൈമുകളാണ് കാന്‍സര്‍ പ്രതിരോധിക്കാന്‍ സഹായിക്കുന്നത്. പപ്പായ ഇല, തുളസിയില ഇവ ഉണക്കി പൊടിച്ചെടുത്ത് ചായപ്പൊടിപോലെ തയാറാക്കുന്ന ഹെര്‍ബല്‍ ടീ രോഗപ്രതിരോധത്തിന് ഉത്തമമാണ്.

പപ്പായ വിവിധ ഭാവത്തില്‍ നമ്മുടെ തീന്‍മേശയിലെത്തുന്നുണ്ട്. തോരനായും കറിയായും പപ്പായ മലയാളിയുടെ പ്രിയ വിഭവങ്ങളിലൊന്നാണ്. കേരളത്തില്‍ വിവിധ ദേശങ്ങളില്‍ പപ്പായ്ക്ക് പല പേരുകളാണ്. കറികളും പലവിധമാകും. അവിയലിലും സാമ്പാറിലും മീന്‍ കറിയില്‍ പോലും പപ്പായ ചേരുന്നു. തേങ്ങാ ചിരവും പോലെ പപ്പായ നെടുവേ മുറിച്ച് ചിരവയില്‍ ചിരവിയെടുത്ത് ഉണ്ടാക്കുന്ന തോരന് രുചി അല്‍പം കൂടും.