കണ്ണൂര്‍ വിമാനത്താവളത്തിന് പച്ചക്കൊടി; ഏറോഡ്രാം ലൈസന്‍സ് ലഭിച്ചു

Posted on: October 4, 2018 7:04 pm | Last updated: October 5, 2018 at 10:23 am

തിരുവനന്തപുരം: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ള ഏറോഡ്രാം ലൈസന്‍സ് അനുവദിച്ചു. ഡയറക്ടറേറ്റ്‌ ഓഫ് സിവില്‍ ഏവിയേഷന്‍ ആണ് ലൈസന്‍സ് അനുവദിച്ചത്. സംവിധാനങ്ങള്‍ കുറ്റമറ്റതാണെന്ന് പരിശോധനയില്‍ വ്യക്തമാകുകയും പരീക്ഷണ പറക്കലില്‍ വിമാനക്കമ്പനികള്‍ തൃപ്തിയറിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ലൈസന്‍സ് ലഭിച്ചത്.

എയ്‌റോഡ്രോം ഡേറ്റ പ്രാബല്യത്തിലാവുന്ന ദിവസമായ ഡിസംബര്‍ ആറ് മുതല്‍ വാണിജ്യ സര്‍വീസ് തുടങ്ങാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കണ്ണൂര്‍ വിമാനത്താവള കമ്പനി (കിയാല്‍). വിമാനത്താവളത്തില്‍നിന്ന് സര്‍വീസ് നടത്തുന്നതിനു 11 രാജ്യാന്തര വിമാനകമ്പനികളും ആറ് ഇന്ത്യന്‍ കമ്പനികളും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

എയര്‍, എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ജെറ്റ് എയര്‍വെയ്‌സ്, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, ഗോ എയര്‍ എന്നീ വിമാനക്കമ്പനികളാണ് കണ്ണൂരില്‍ നിന്നു സര്‍വീസ് നടത്താന്‍ സമ്മതം അറിയിച്ചത്.