Connect with us

Articles

വിവാഹേതര ലൈംഗിക ബന്ധം: വേണ്ടത് സമഗ്ര നിയമ പരിഷ്‌കരണം

Published

|

Last Updated

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 497-ാം വകുപ്പില്‍ പറയുന്നത് വിവാഹിതയായ സ്ത്രീയുമായി ഭര്‍ത്താവിന്റെ അനുമതിയില്ലാതെ മറ്റൊരു പുരുഷന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ക്രിമിനല്‍ കുറ്റമാണെന്നും ഇങ്ങനെ ബന്ധത്തിലേര്‍പ്പെടുന്ന പുരുഷന് അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ വിധിക്കാമെന്നുമാണ്. അതേസമയം, സ്വമനസ്സാലെയാണെങ്കിലും ഇതില്‍ പങ്കാളിയായ സ്ത്രീയെ ഇരയായി കണ്ട് വെറുതെവിടും. ഇനി ഈ ശാരീരിക ബന്ധത്തിന് ഭര്‍ത്താവിന്റെ അനുമതിയുണ്ടായിരുന്നു എന്ന് തെളിയിച്ചാല്‍ അത് ക്രിമിനല്‍ കുറ്റമല്ലാതാവുകയും ചെയ്യും. അതേസമയം, ഭാര്യയല്ലാത്ത മറ്റൊരാളുമായി ഭാര്യയുടെ സമ്മതത്തോടെയോ അല്ലാതെയോ ഭര്‍ത്താവ് വ്യഭിചാരത്തിലേര്‍പ്പെട്ടാല്‍ അത് ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിക്കുന്ന യാതൊന്നും ഇവിടുത്തെ നിയമത്തിലില്ല താനും.

158 വര്‍ഷം പഴക്കമുള്ള 497-ാം വകുപ്പ് ഒറ്റനോട്ടത്തില്‍ തന്നെ മനുഷ്യ നിര്‍മിത നിയമം എന്ന നിലക്കുള്ള ന്യൂനതകള്‍ പ്രകടമാകുന്നതാണ്. മലയാളിയായ ജോസഫ് ഷെയ്ന്‍ 2017 ഡിസംബറില്‍ നല്‍കിയ ഹരജി പരിഗണിച്ചുകൊണ്ട് സുപ്രീം കോടതി ബഞ്ചിലെ അംഗങ്ങളായ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എ എം ഖാന്‍വിന്‍ക്കര്‍, ആര്‍ എഫ് നരിമാന്‍, ഇന്ദു മല്‍ഹോത്ര എന്നിവര്‍ ചൂണ്ടിക്കാണിച്ചതുപോലെ ഈ വകുപ്പില്‍ നിരവധി അസമത്വങ്ങളും അസംബന്ധങ്ങളുമുണ്ട്.

ഭര്‍ത്താവിന്റെ സമ്മതമില്ലാതെ ബന്ധപ്പെടുന്നതാണ് ക്രിമിനില്‍ കുറ്റമായിത്തീരുന്നത് എന്നുവരുമ്പോള്‍ സമ്മതമുണ്ടെങ്കില്‍ ഈ നീചവൃത്തി കുറ്റകരമല്ലാതാകുന്നു. മാത്രമല്ല, പുരുഷന് പണം, പ്രമോഷന്‍, കരാറുകള്‍ നേടിയെടുക്കല്‍, സ്വാധീനിക്കല്‍ തുടങ്ങി എന്താവശ്യത്തിനും ഭാര്യയെ കാഴ്ചവെക്കാന്‍ പഴുതുകള്‍ നല്‍കുന്നു. ഇത്തരം ഒരു ഉടമസ്ഥാവകാശം ഭാര്യക്ക് മേല്‍ ഭര്‍ത്താവിനുണ്ടെന്ന് തോന്നിപ്പിക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചത് അസ്ഥാനത്തല്ല.

ഈ വകുപ്പിന്റെ മറ്റൊരു ന്യൂനത, ഇതനുസരിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട പുരുഷന്‍ മാത്രമാണ് ശിക്ഷിക്കപ്പെടുന്നത് എന്നതാണ്. ഈ തിന്മക്ക് മുന്‍കൈ എടുത്തത് സ്ത്രീയാണെങ്കില്‍ പോലും അവള്‍ കുറ്റക്കാരിയല്ല എന്ന് വരുമ്പോള്‍ ഇത് സ്ത്രീകള്‍ക്ക് പരപുരുഷ ബന്ധത്തിന് ധൈര്യം പകരുന്നതും സ്ത്രീപുരഷ അസമത്വം പ്രകടമാകുന്നതുമാണ്. ഈ വസ്തുത വിധി പറഞ്ഞ ജഡ്ജിമാര്‍ ചൂണ്ടിക്കാണിച്ചതായി കാണുന്നില്ല.
മൂന്നാമതായി ഉഭയകക്ഷി സമ്മതപ്രകാരം, വിവാഹിതരോ അവിവാഹിതരോ ആയ ആര്‍ക്കും പ്രായപൂര്‍ത്തി എത്തിയ ആരുമായും ലൈംഗിക ബന്ധത്തിലേര്‍പ്പെടാമെന്നും അത് കുറ്റകരമല്ല എന്നുമാണ്. ഇത്രയും പറഞ്ഞതില്‍ നിന്ന് 158 വര്‍ഷം പഴക്കമുള്ള ഈ വകുപ്പ് റദ്ദ് ചെയ്യപ്പെടേണ്ടതാണെന്നും പകരം മനുഷ്യകുലത്തിന്റെ കുടുംബ വിശുദ്ധിയും സാംസ്‌കാരിക ആരോഗ്യ പരിശുദ്ധിയും കാത്തുസൂക്ഷിക്കാനുതകുന്ന ഒരു നിയമം നിര്‍മിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ബോധ്യമാകും.

ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, മറ്റൊരാളുടെ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് കുറ്റകൃത്യമാണെന്ന തോന്നലെങ്കിലുമുണ്ടാക്കിയിരുന്ന ഈ വകുപ്പ് റദ്ദ് ചെയ്യുകയും ചെയ്തു, എന്നാല്‍ പകരം വന്ന വിധിയാകട്ടെ, വിഷയത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ് ചെയ്തിരിക്കുന്നത്. പഴയ വകുപ്പും പുതിയ വിധിയും നിരീക്ഷിക്കുമ്പോള്‍ നിയമം നിര്‍മിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നവരുടെ കാഴ്ചപ്പാടുകളാണ് അതില്‍ നിഴലിക്കുന്നതെന്ന് കാണാനാകും. പുരുഷന്‍ നേതൃത്വം നല്‍കുന്ന കുടുംബ സാഹചര്യം നിരാക്ഷേപം നിലനില്‍ക്കുന്ന കാലത്താണ് 497- ാം വകുപ്പ് തയ്യാറാക്കുന്നത്. കുടുംബത്തിന്റെ നിയന്താവ് എന്ന നിലക്ക് ഭര്‍ത്താവിന്റെ അനുമതിയില്ലാതെ ഭാര്യ പരപുരുഷനുമായി ലൈംഗിക ബന്ധം നടത്തുന്നത് കുറ്റകരമാണെന്ന് അക്കാലത്ത് എഴുതിവെച്ചു. ഈ വിധി റദ്ദാക്കുന്ന ഇന്നത്തെ സാഹചര്യം സമ്പൂര്‍ണമായ സ്ത്രീ പുരുഷ സമത്വത്തിന് വേണ്ടിയുള്ള മുറവിളികള്‍ നടക്കുന്ന കാലമാണ്. സ്ത്രീകള്‍ക്ക് മുകളില്‍ ആരുടെയും നിയന്ത്രണമുണ്ടാകരുത് എന്ന കാഴ്ചപ്പാടില്‍ നിന്നും വിധി പറഞ്ഞപ്പോള്‍, ഭര്‍ത്താവിന്റെ സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ക്രിമിനില്‍ കുറ്റമാണ് എന്നത് റദ്ദ് ചെയ്ത് സ്ത്രീപുരഷ സമത്വം(?) ഉറപ്പാക്കാനാണ് കോടതി ശ്രമിച്ചത്.

ഇവിടെ കാതലായ വിഷയത്തിലേക്ക് പഴയ വകുപ്പും പുതിയ വിധിയും ശ്രദ്ധിച്ചിട്ടില്ല എന്ന നിരീക്ഷണം തെറ്റാവുമെന്ന് തോന്നുന്നില്ല. കാലഘട്ടം, സാഹചര്യം, കാഴ്ചപ്പാട് എന്നിവ പരിഗണിച്ച് നിര്‍മിക്കുകയോ വ്യാഖ്യാനിക്കുകയോ ചെയ്യുന്നതാണ് മനുഷ്യനിര്‍മിത നിയമങ്ങള്‍. അതിന് അതിന്റേതായ പരിമിതികളുണ്ടാകും. വെട്ടും തിരുത്തും റദ്ദാക്കലും തുടരേണ്ടിവരും. അതുകൊണ്ട് തന്നെ നിയമപണ്ഡിതരുടെ ശ്രദ്ധയില്‍ വരേണ്ടതും ചര്‍ച്ചയാകേണ്ടതും വിവാഹേതര ലൈംഗിക ബന്ധത്തിന്റെ നന്മയും തിന്മയുമാണ്. അത് നന്മയായതും മനുഷ്യകുലത്തിന് നേട്ടങ്ങളുണ്ടാക്കുന്നതുമാണെങ്കില്‍ സത്പ്രവൃത്തിയായി പ്രഖ്യാപിക്കാം. മറിച്ചാണെങ്കില്‍ കുറ്റകൃത്യമായി തീരുമാനിച്ച് ശിക്ഷ നിര്‍ണയിക്കുകയുമാകാം.

പരസ്പര വിശ്വാസവും അച്ചടക്കവുമുള്ള കുടുംബങ്ങളുണ്ടാകുമ്പോഴാണ് നല്ല സമൂഹമുണ്ടാകുന്നത്. വിവാഹേതര ബന്ധങ്ങളുടെ വിലക്കുകള്‍ പൊട്ടിച്ചാല്‍ ആരോടും കടപ്പാടില്ലാത്ത പിതൃശൂന്യമായ ഒരു തലമുറയാകും സൃഷ്ടിക്കപ്പെടുക. പിതാവാരാണെന്നറിയാന്‍ വിലയേറിയ ഡി എന്‍ എ ടെസ്റ്റ് നടത്തേണ്ട സാഹചര്യം വരും. ഇത്തരം ജാരജന്മങ്ങള്‍ കുടംബത്തിനകത്ത് പോലും ഭീഷണി സൃഷ്ടിക്കും. ലൈംഗിക അരാജകത്വം എയിഡ്‌സ് അടക്കമുള്ള മഹാമാരികള്‍ക്ക് കാരണമാണ്. ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മില്‍ പരസ്പര വിശ്വാസം തകര്‍ക്കുകയും മൃഗീയമായ കൊലപാതകങ്ങളില്‍ വരെ അത് കലാശിക്കുകയും ചെയ്യും. ഇപ്പോള്‍ തന്നെ ഇത്തരം സഭവങ്ങളുടെ കുത്തൊഴുക്കാണ്. കുടുംബ ശൈഥില്യം നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ അച്ചടക്കവും പുരോഗതിയും അപ്രാപ്യമായിരിക്കും.

പടിഞ്ഞാറോട്ട് മാത്രം കണ്ണ് തിരിക്കാതെ മതങ്ങളും ധാര്‍മിക മൂല്യങ്ങളും മുന്നോട്ട് വെച്ച നിയമങ്ങള്‍ മുന്നില്‍ വെച്ച് കൊണ്ട് നിഷ്പക്ഷമായ ഒരു പുനരാലോചനക്ക് നിയമം നിര്‍മിക്കുന്ന പാര്‍ലിമെന്റ്/നിയമസഭാ സാമാജികരും അത് വ്യാഖ്യാനിക്കുന്ന ജുഡീഷ്യറിയും തയ്യാറായാല്‍ വിശുദ്ധ ഖുര്‍ആന്‍ “നീചമാര്‍ഗം” എന്ന് പരാമര്‍ശിച്ച വിവാഹേതര ലൈംഗിക ബന്ധം നിയമം മൂലം തടയേണ്ട നീചപ്രവൃത്തിയാണ് എന്ന് ബോധ്യമാകും. ഭാര്യ വ്യഭിചരിക്കുന്നതും ഭര്‍ത്താവ് വ്യഭിചരിക്കുന്നതും; ഉഭയകക്ഷി സമതത്തോടെയാണെങ്കിലും അല്ലെങ്കിലും ഒരുപോലെ കുറ്റകരമാണെന്ന് പ്രഖ്യാപിക്കുന്ന നിയമത്തിന് മാത്രമേ നല്ല സമൂഹത്തെ സൃഷ്ടിക്കാന്‍ സാധിക്കുകയുള്ളൂ. അതാണ് സമ്പൂര്‍ണ സ്ത്രീ പുരുഷ സമത്വം.

പുതിയ കോടതി വിധി കേള്‍ക്കുന്ന ഒരു ശരാശരി ഇന്ത്യക്കാരന് പ്രഥമദൃഷ്ട്യാ തോന്നുക പരസ്ത്രീഗമനം ഇനിയൊരു കുറ്റമല്ല എന്നാണ്. അതുകൊണ്ട് തന്നെ ഈ വിധി സ്ത്രീകള്‍ക്ക് നേരെയുള്ള കൈയേറ്റങ്ങള്‍ വര്‍ധിക്കാനേ ഇടവരുത്തൂ. ഭര്‍ത്താവിന് ഭാര്യയുടെ മേല്‍ യാതൊരു നിയന്ത്രണവുമില്ല എന്നു വരുത്തിത്തീര്‍ത്തതുകൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്ന് മാത്രമല്ല, ചില സ്ത്രീകള്‍ക്കെങ്കിലും വഴിവിട്ട ജീവിതത്തിന് ഇറങ്ങിപ്പുറപ്പെടാന്‍ തോന്നിക്കൂടായ്കയുമില്ല.

കുടുംബത്തിന് ഒരു നേതൃത്വവും നിയന്ത്രണവും ഉണ്ടാവണമെന്ന ആശയത്തെ എന്തിനാണ് എതിര്‍ക്കുന്നത്? ഏത് ഡിപ്പാര്‍ട്ടുമെന്റിനും ഒരു ഹെഡുണ്ട്. സ്‌കൂളില്‍ ഹെഡ്മാസ്റ്ററാണെങ്കില്‍ ബിസിനസ് സ്ഥാപനത്തില്‍ മാനേജറുണ്ട്. ഏഴ് പേര്‍ കളിക്കുന്ന ഒരു ഫുട്‌ബോള്‍ ടീമില്‍ പോലും ഒരു ക്യാപ്റ്റനുണ്ട്. ഈ വിധി മുന്നോട്ട് വെച്ച സുപ്രീം കോടതിയില്‍ ഒരു ചീഫ് ജസ്റ്റിസില്ലേ? പഞ്ചായത്തില്‍ പ്രസിഡന്റും നിയമസഭയില്‍/പാര്‍ലിമെന്റില്‍ സ്പീക്കറും മന്ത്രിസഭയില്‍ പ്രധാനമന്ത്രിയും/മുഖ്യമന്ത്രിയും നേതൃത്വം നല്‍കുമ്പോള്‍ കുടുംബത്തില്‍ മാത്രം ഒരു നേതൃത്വം വേണം എന്ന വാദത്തെ എന്തിനാണ് എതിര്‍ക്കുന്നത്? അത് കുടുംബത്തിന് സംരക്ഷണവും ചെലവും നല്‍കുന്ന പുരുഷന്റെ കൈകളിലാകണമെന്ന് പറഞ്ഞാല്‍ ഇതിനെ പുരുഷ മേധാവിത്വമായി ദുര്‍വ്യാഖ്യാനിക്കേണ്ടതുണ്ടോ? കുത്തഴിഞ്ഞ ജീവിതമാഗ്രഹിക്കുന്ന ചില ഫെമിനിസ്റ്റുകള്‍ക്ക് വേണ്ടി മനുഷ്യര്‍ നൂറ്റാണ്ടുകളായി സൂക്ഷിച്ചുപോരുന്ന അച്ചടക്കങ്ങള്‍ പൊളിച്ചെഴുതേണ്ടതുണ്ടോ?

സമത്വം എന്ന ആശയം പോലും വഴിതിരിച്ചുവിടപ്പെട്ടതായാണ് സ്വവര്‍ഗരതിക്ക് അംഗീകാരം കൊടുത്തുകൊണ്ടുള്ള ഈയിടെ വന്ന വിധി വ്യക്തമാക്കുന്നത്. പ്രകൃതി നിരീക്ഷിച്ചാല്‍ ഇണയും തുണയും എല്ലാ വിഭാഗത്തിലും നമുക്ക് കാണാനാകും. വംശം നിലനിര്‍ത്താനാണ് പടച്ചവന്‍ ഈ സംവിധാനമൊരുക്കിയത്. ആണും പെണ്ണും തമ്മില്‍ ഇണ ചേര്‍ന്നുകൊണ്ടാണ് വംശം നിലനിര്‍ത്തുന്നത്. ഇണകളോട് പ്രത്യേക അടുപ്പവും ആഗ്രഹവും പ്രകൃതിപരമായിത്തന്നെ സൃഷ്ടാവ് തന്നിട്ടുണ്ട്. മനുഷ്യരടക്കമുള്ള ജീവികള്‍ ഈ ബന്ധത്തിലൂടെയാണ് വംശം നിലനിര്‍ത്തിപ്പോരുന്നത്. ഇതാണ് പ്രകൃത്യായുള്ള ലൈംഗിക ബന്ധം.

മൃഗങ്ങളോ പക്ഷികളോ ഇഴജന്തുക്കളോ പോലും വികാര ശമനത്തിന് അതേ വര്‍ഗത്തിലെ എതിര്‍ ലിംഗക്കാരെയല്ലാതെ സമീപിക്കുന്നില്ല. സ്വവര്‍ഗത്തില്‍ പെട്ടവരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് പ്രകൃതിവിരുദ്ധമായാണ് ഗണിക്കപ്പെട്ടിരുന്നത്. ആ നിയമമായിരുന്നു ഇന്ത്യന്‍ ശിക്ഷാ നിയമത്തിലും ഉണ്ടായിരുന്നത്. അവകാശ സമത്വത്തിന്റെ പേരില്‍ ഉഭയകക്ഷി സമ്മതപ്രകാരമുള്ള പ്രകൃതിവിരുദ്ധ സ്വവര്‍ഗരതിയെ കോടതി അംഗീകരിച്ചിരിക്കുകയാണ്. ഇതും നിയമപണ്ഡിതര്‍ മനുഷ്യപക്ഷത്ത് നിന്നുകൊണ്ട് നിഷ്പക്ഷമായി വിലയിരുത്തി പുനരാലോചന നടത്തേണ്ട വിഷയമാണ്. ധീരമായ വിധി പ്രസ്താവങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ കോടതിയില്‍ നിന്നും നിയമനിര്‍മാണ സഭകളില്‍ നിന്നും അതാണ് നാം പ്രതീക്ഷിക്കുന്നത്.