Connect with us

Kerala

ശബരിമല: പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ ദേവസ്വം ബോര്‍ഡിന് അനുമതി

Published

|

Last Updated

തിരുവനന്തപുരം: ബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്ന കാര്യത്തില്‍ തിടുക്കം വേണ്ടെന്ന് സര്‍ക്കാര്‍. വിശ്വാസികളില്‍ ഭൂരിഭാഗവും കോടതി വിധിയോട് വിയോജിക്കുന്ന പശ്ചാത്തലവും സംഘ്പരിവാര്‍ സംഘടനകള്‍ രാഷ്ട്രീയ മുതലെടുപ്പിന് അവസരമാക്കുമെന്ന ആശങ്കയുമാണ് സര്‍ക്കാറിനെ മാറിച്ചിന്തിപ്പിക്കുന്നത്.

പുനഃപരിശോധനാ ഹരജി ഉള്‍പ്പെടെ കോടതി വിധി മറികടക്കാന്‍ നിയമപരമായ വഴികള്‍ തേടാന്‍ ദേവസ്വം ബോര്‍ഡിന് സര്‍ക്കാര്‍ അനുമതി നല്‍കി. അതേസമയം തന്നെ, കോടതി വിധി നടപ്പാക്കേണ്ടിവന്നാല്‍ സ്വീകരിക്കേണ്ട നടപടികളും ആരംഭിക്കും. വിധിയെ അനുകൂലിക്കുന്നവരെയും എതിര്‍ക്കുന്നവരെയും വിശ്വാസത്തിലെടുത്ത് നീങ്ങാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും.

മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറും ഇന്നലെ നടത്തിയ കൂടിക്കാഴ്ചയിലാണ് പുനഃപരിശോധന ഹരജിയിലടക്കം ധാരണയുണ്ടായത്. പന്തളം രാജകുടുംബവും ഹിന്ദു സംഘടനകളും പുനഃപരിശോധനാ ഹരജി നല്‍കുമെന്ന് അറിയിച്ച സാഹചര്യത്തില്‍ ദേവസ്വം ബോര്‍ഡിന് മാറിനില്‍ക്കാന്‍ കഴിയില്ലെന്ന് പത്മകുമാര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. വിശ്വാസികളുടെ വികാരം മാനിച്ച് നിലപാടെടുത്തില്ലെങ്കില്‍ രാഷ്ട്രീയമായും തിരിച്ചടിയുണ്ടാകുമെന്ന ആശങ്കയും പങ്കുവെച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ കരുതലോടെ നീങ്ങണമെന്ന നിര്‍ദേശമാണ് സി പി എമ്മിനുമുള്ളത്. ആര്‍ എസ് എസ് വിധിയെ സ്വാഗതം ചെയ്‌തെങ്കിലും സുപ്രീം കോടതി ഉത്തരവിന് പിന്നില്‍ സര്‍ക്കാറാണെന്ന് പ്രചരിപ്പിക്കുന്നത് രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടാണെന്നാണ് സി പി എമ്മിന്റെ വിലയിരുത്തല്‍. ഈ സാഹചര്യങ്ങളെല്ലാം പരിഗണിച്ചാണ് പുനഃപരിശോധനാ ഹരജിയുമായി ദേവസ്വം ബോര്‍ഡിന് മുന്നോട്ടുപോകാന്‍ അനുമതി നല്‍കിയത്. മൂന്നിന് ചേരുന്ന ബോര്‍ഡ് യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.
ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളില്‍ വിശ്വസിക്കുന്ന സ്ത്രീകള്‍ അത് പാലിച്ചേ ദര്‍ശനത്തിന് എത്തുകയുള്ളൂവെന്നും വിധിയുടെ ആവേശത്തില്‍ വരുന്ന സ്ത്രീകള്‍ മാത്രമായിരിക്കും വരികയെന്നും മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു. നിലവിലെ ആചാരാനുഷ്ഠാനങ്ങള്‍ക്കനുസരിച്ചുള്ള നടപടികളുമായി ബോര്‍ഡ് മുന്നോട്ടുപോകും. തന്റെ വീട്ടില്‍ നിന്ന് സ്ത്രീകളെ ഇപ്പോള്‍ ശബരിമലയിലേക്ക് അയക്കാന്‍ ഉദ്ദേശിക്കുന്നില്ല. പ്രചരിക്കുന്നതുപോലെയുള്ള ഭയാനകമായ സാഹചര്യം ഇല്ല. വിധിയുടെ പിന്തുണയില്‍ ശബരിമലയിലേക്ക് വലിയ തോതില്‍ സ്ത്രീഭക്തര്‍ എത്തുമെന്ന് ദേവസ്വം ബോര്‍ഡ് കരുതുന്നില്ല.

ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളും സാഹചര്യവും മലകയറ്റത്തിലെ ബുദ്ധിമുട്ടുകളും സംവിധാനങ്ങളും അറിയാവുന്നവരാകും അയ്യപ്പ ദര്‍ശനത്തിനായി എത്തിച്ചേരുക. അങ്ങനെ വരുന്നവര്‍ക്കെല്ലാം നിലവിലെ സൗകര്യങ്ങള്‍ ലഭ്യമാക്കും. സുപ്രീം കോടതി വിധി കണക്കിലെടുത്ത് എന്തൊക്കെ സംവിധാനങ്ങള്‍ ശബരിമലയിലെത്തുന്നവര്‍ക്കായി ഒരുക്കാമെന്നതിനെ കുറിച്ച് ഇന്നത്തെ ഉന്നതതല യോഗത്തില്‍ തീരുമാനിക്കും. ശബരിമലയിലെത്തുന്നവര്‍ വിനോദ സഞ്ചാരികളല്ലെന്നും പ്രസിഡന്റ് സൂചിപ്പിച്ചു.

കുടിവെള്ളം, വിരിഷെഡുകള്‍, ടോയ്‌ലറ്റ് സംവിധാനങ്ങള്‍ തുടങ്ങിയ ഇപ്പോള്‍ തന്നെ ഒരുക്കിയിട്ടുണ്ട്. അത് സ്ത്രീകള്‍ക്കും കൂടി പ്രയോജനപ്പെടുത്താനാകും. ശബരിമല സന്നിധാനത്തും പമ്പയിലും നിലക്കലും ദേവസ്വം ബോര്‍ഡിന് കൂടുതലായി ഭൂമിയില്ല. സ്ത്രീ ഭക്തരുടെ വരവ് കൂടി കണക്കിലെടുത്ത് ശബരിമലയില്‍ 100 ഏക്കറും നിലക്കലില്‍ 100 ഹെക്ടറും ഭൂമി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായും പ്രസിഡന്റ് പറഞ്ഞു. ദേവസ്വം ബോര്‍ഡ് അംഗങ്ങളായ കെ രാഘവന്‍, കെ പി ശങ്കരദാസ്, ദേവസ്വം കമ്മീഷണര്‍ എന്‍ വാസു എന്നിവരും മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ സംബന്ധിച്ചു.