Connect with us

National

പാക് ഹെലിക്കോപ്ടര്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചു

Published

|

Last Updated

ജമ്മു: പാക്കിസ്ഥാന്റെ ഹെലിക്കോപ്ടര്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചതായി പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറില്‍ 700 മീറ്റര്‍ ഇന്ത്യന്‍ ഭാഗത്ത് അതിക്രമിച്ചു കയറിയ ഹെലിക്കോപ്ടറിന് നേരെ സൈന്യം വെടിവെച്ചുവെന്നും പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാക് ഹെലിക്കോപ്ടറിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്.

പാക്കിസ്ഥാനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളനുസരിച്ച്, ഹെലിക്കോപ്ടറില്‍ പാക് അധീന കശ്മീര്‍ പ്രധാനമന്ത്രി രാജാ ഫാറൂഖ് ഹൈദര്‍ ഖാന്‍ ആയിരുന്നുവെന്നാണ് വിവരം. പാക് അധീന കശ്മീരിലെ തരോറിയില്‍ നടന്ന പരിപാടിയില്‍ സംബന്ധിക്കുന്നതിന് വേണ്ടിയാണ് ഖാന്‍ ഹെലിക്കോപ്ടറില്‍ സഞ്ചരിച്ചത്. ഖാന്‍ പിന്നീട് സുരക്ഷിതനായി തിരിച്ചെത്തിയതായി പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, ഇന്നലെ ഉച്ചക്ക് 12.13ന് പാക് ഹെലിക്കോപ്ടര്‍ അതിര്‍ത്തി ലംഘനം നടത്തിയതായി പ്രതിരോധ വക്താവ് ലഫ്. കേണല്‍ ദേവേന്ദര്‍ ആനന്ദ് വ്യക്തമാക്കി. അതിര്‍ത്തി ലംഘിച്ചെത്തിയ കോപ്ടര്‍ കൃഷ്ണ ഗതി സെക്ടറില്‍ ഗുല്‍പൂര്‍ മേഖലക്ക് മുകളില്‍ കൂടി ഏതാനും നേരം പറന്ന് തിരിച്ചു പോകുകയായിരുന്നു. ഇതിനിടെ ഇന്ത്യന്‍ സൈന്യം കോപ്ടറിന് നേരെ വെടിവെക്കുകയും ചെയ്തു. ഈ പറക്കലിന്റെ മുപ്പത് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു. വീഡിയോയില്‍ വെടിയൊച്ച കേള്‍ക്കുന്നുണ്ടെങ്കിലും ദൃശ്യങ്ങളില്‍ വ്യക്തമല്ല. അതിര്‍ത്തി ലംഘനം സംബന്ധിച്ച് പൈലറ്റിന് മുന്നറിയിപ്പ് നല്‍കുന്നതിന് വേണ്ടി മാത്രമാണ് വെടിവെച്ചതെന്നാണ് പ്രതിരോധ വൃത്തങ്ങള്‍ പറയുന്നത്.

ഈ വര്‍ഷം ഫെബ്രുവരിയില്‍ പാക്കിസ്ഥാന്റെ സൈനിക ഹെലിക്കോപ്ടര്‍ പൂഞ്ച് മേഖലയില്‍ നിയന്ത്രണ രേഖക്ക് തൊട്ടടുത്തുവരെ എത്തിയിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും 1991ല്‍ ഒപ്പുവെച്ച കരാറിന്റെ ലംഘനമായിരുന്നു ഇത്. യുദ്ധവിമാനങ്ങള്‍ ഇരു രാജ്യങ്ങളുടെയും വ്യോമാതിര്‍ത്തിയുടെ പത്ത് കിലോമീറ്റര്‍ പരിധിയിലും മറ്റ് വിമാനങ്ങള്‍ ഒരു കിലോമീറ്റര്‍ പരിധിയിലും പ്രവേശിക്കരുതെന്നാണ് കരാറിലെ വ്യവസ്ഥ.

ഇന്ത്യ- പാക് ബന്ധം കൂടുതല്‍ വഷളായി നില്‍ക്കുന്ന സാഹചര്യത്തിലാണ് പാക്കിസ്ഥാന്റെ ഹെലിക്കോപ്ടര്‍ അതിര്‍ത്തി ലംഘിച്ചെന്ന വിവരം പുറത്തുവരുന്നത്. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയും മഹത്വവത്കരിക്കുകയും ചെയ്യുന്ന നിലപാടാണ് പാക്കിസ്ഥാന്റേതെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് കഴിഞ്ഞ ദിവസം യു എന്‍ പൊതുസഭയില്‍ പറഞ്ഞിരുന്നു. രാജ്യത്തിന്റെ പരമാധികാരത്തെയും അഖണ്ഡതയെയും വെല്ലുവിളിക്കുന്നവര്‍ക്ക് സൈന്യം മറുപടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും താക്കീത് നല്‍കിയിരുന്നു.

Latest