Connect with us

Health

ചര്‍മ രോഗങ്ങള്‍

Published

|

Last Updated

കരിമംഗലം

കേരളത്തിലെ സ്ത്രീകളുടെ മുഖത്ത് സാധാരണയായി കണ്ടുവരുന്ന നിറവ്യത്യാസമാണ് chloasma. അതിനെ കരിമംഗലം എന്നാണ് പൊതുവെ പറയുന്നത്. ചുറ്റുമുള്ള ചര്‍മത്തേക്കാള്‍ കൂടുതല്‍ തവിട്ട് നിറത്തിലുള്ള അടയാളം ആണിത്. മുഖത്തെ ഇരുവശങ്ങളിലും നെറ്റിയിലുമാണ് കൂടുതലായി കണ്ടുവരുന്നത്. ഈ അസുഖത്തിന് ഇന്ത്യയില്‍ വര്‍ഷം തോറും ഒരു കോടിയലധികം പേര്‍ ചികിത്സ തേടുന്നുണ്ട്. കൂടുതലും കണ്ടുവരുന്നത് 40നും 60നും ഇടയില്‍ പ്രായമുള്ളവരിലാണ്. പുരുഷന്മാരില്‍ നാലില്‍ ഒന്ന് പേര്‍ക്ക് മാത്രമാണ് രോഗമുള്ളത്.

ഗര്‍ഭ നിരോധന ഗുളികകള്‍ ഉപയോഗിക്കുന്നവരിലും മറ്റ് ഹോര്‍മോണ്‍ ചികിത്സകള്‍ക്ക് വിധേയമാകുന്നവരിലും കൂടുതലായി കണ്ടുവരുന്നു. ഹോര്‍മോണ്‍ വ്യതിയാനമാണ് പ്രധാന കാരണം. ഗര്‍ഭിണികളില്‍ കാണുന്ന നിറവ്യത്യാസം പ്രസവത്തിന് ശേഷം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അപ്രത്യക്ഷമാകും.
കരിമംഗലം ഉള്ളവര്‍ സൂര്യതാപം നേരിട്ട് ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണം. ഗര്‍ഭകാലത്ത്, ആര്‍ത്തവ വിരാമത്തിന് ശേഷം, സൂര്യതാപം, തണുപ്പ് എന്നിവ മൂലമുണ്ടാകുന്ന നിറവ്യത്യാസം തുടങ്ങി ഓരോന്നിനും വെവ്വേറെ മരുന്നാണ് ഹോമിയോപ്പതിയില്‍ നല്‍കുന്നത്.

കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം

മറ്റ് ശരീരഭാഗങ്ങളെ അപേക്ഷിച്ച് ഏറ്റവും കട്ടികുറഞ്ഞ ചര്‍മമാണ് കണ്ണിന് ചുറ്റുമുള്ളത്. ഈ ഭാഗത്തെ രക്തക്കുഴല്‍ ചര്‍മത്തിലൂടെ കാണുന്നതാണ് കറുത്ത നിറത്തിന് കാരണം. പാരമ്പര്യം, രക്തക്കുറവ്, അലര്‍ജി, ടെന്‍ഷന്‍, ഉറക്കക്കുറവ്, മരുന്നുകളുടെ പ്രതിപ്രവര്‍ത്തനം തുടങ്ങിയ കാരണങ്ങളാല്‍ നിറവ്യത്യാസം വരാം. അടിസ്ഥാന കാരണങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അതിനുള്ള ചികിത്സയും നടത്തേണ്ടതാണ്.

കണ്ണിന് ചുറ്റും കറുപ്പുള്ളവര്‍ ശ്രദ്ധിക്കേണ്ടത്

  • ധാരാളം വെള്ളം കുടിക്കുക
  • നന്നായി ഉറങ്ങുക
  • ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് നിലനിര്‍ത്തുക
  • പഞ്ചസാര, കാപ്പി, പുകയില തുടങ്ങിയവ ഒഴിവാക്കുക
  • തുടര്‍ച്ചയായി മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ തുടങ്ങിയവ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

മടക്കുകളിലെ കറുത്ത നിറം

കഴുത്തിന് ചുറ്റും കക്ഷത്തിലും ശരീരത്തിന്റെ മടക്കുകളിലും കാണുന്ന കറുത്ത നിറമാണ് Acanthosis nigricans. തടിച്ച പ്രകൃതിയുള്ളവരിലും ഹോര്‍മോണ്‍ തകരാറുള്ളവരിലും പ്രമേഹത്തിന് സാധ്യതയുള്ളവരിലുമാണ് കൂടുതലായി കാണുന്നത്. ഡിയോഡറന്റുകള്‍, ടാല്‍കം പൗഡറുകള്‍, ബോഡി സ്‌പ്രേ തുടങ്ങിയവ ശരീരത്തില്‍ നേരിട്ട് ഉപയോഗിക്കുന്നത് കാരണവും ഇത്തരത്തിലുള്ള നിറവ്യത്യാസം കാണാറുണ്ട്. വസ്ത്രത്തില്‍ മാത്രമേ ഇവ ഉപയോഗിക്കാവൂ.

പാലുണ്ണി, അരിമ്പാറ

വൈറസ് മൂലമുണ്ടാകുന്ന അണുബാധയാണ് പാലുണ്ണിയും അരിമ്പാറയും. പാലുണ്ണി മൃദുലവും അരിമ്പാറ പരുപരുത്തതുമാണ്. Human papillomavirus ആണ് ഇതിന് കാരണം. ഇവ രണ്ടും പെട്ടെന്ന് പകരുന്നതാണ്. അതിനാല്‍ പൊട്ടിക്കുകയോ ബ്ലേഡ് ഉപയോഗിച്ച് മുറിക്കുകയോ ചെയ്യരുത്. പൊട്ടിപ്പോവുകയാണെങ്കില്‍ സോപ്പ് വെള്ളം ഉപയോഗിച്ച് നന്നായി കഴുകണം. അല്ലെങ്കില്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരാന്‍ സാധ്യത കൂടുതലാണ്. കഴുത്തിലും കക്ഷത്തിലും കാണുന്ന അരിമ്പാറക്ക് കൂടുതല്‍ കാലത്തെ ചികിത്സ വേണ്ടി വരും.

വിപണിയില്‍ ലഭ്യമായ ചര്‍മസൗന്ദര്യ, നിറവര്‍ധക ക്രീമുകളിലെ ചേരുവകള്‍ എന്താണെന്ന് കൃത്യമായി കമ്പനികള്‍ രേഖപ്പെടുത്താറില്ല. ഇവയില്‍ മിക്കതിലും ചെറിയ അളവില്‍ സണ്‍ സ്‌ക്രീന്‍, ഒരല്‍പ്പം ബ്ലീച്ച്, കുറച്ച് സ്‌കിന്‍ ലൈറ്റനിംഗ് ഏജന്റ് എന്നിവ ഉണ്ടാകും. ഉപയോഗിച്ച് കുറച്ച് നാളത്തേക്ക് മുഖകാന്തി കൂടുന്നതിന്റെ രഹസ്യമിതാണ്. ഉപയോഗം നിര്‍ത്തിയാല്‍ ചര്‍മം പഴയത് പോലെയാകും.

സ്റ്റിറോയ്ഡ് അടങ്ങിയ ഫെയര്‍നസ്സ് ക്രീമുകള്‍ വളരെ പെട്ടെന്ന് മുഖകാന്തി വര്‍ധിപ്പിക്കും. അതേസമയം, ഒരാഴ്ചയില്‍ കൂടുതല്‍ ഉപയോഗിച്ചാല്‍ തന്നെ പാര്‍ശ്വഫലങ്ങള്‍ പ്രത്യക്ഷപ്പെടും. ചര്‍മം കട്ടി കുറയുക, മുഖക്കുരു, രോമവളര്‍ച്ച, മാഞ്ഞുപോകാത്ത കറുത്ത പാടുകള്‍ എന്നിവയുണ്ടാകും. അതിനാല്‍ പരസ്യത്തില്‍ കാണുന്ന ക്രീമുകള്‍ ഉപയോഗിക്കുന്നതിന് മുമ്പ് വിദഗ്ധ നിര്‍ദേശം സ്വീകരിക്കുക.

പഴച്ചാറുകള്‍ പതിവായി കുടിക്കുന്നത് ചര്‍മത്തിന്റെ നിറം വര്‍ധിപ്പിക്കാനും ജീവസ്സുറ്റതാക്കാനും സഹായിക്കും. ഓറഞ്ച്, നെല്ലിക്ക, മുന്തിരി, മുസമ്പി തുടങ്ങിയ പഴങ്ങളില്‍ വൈറ്റമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ചര്‍മത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും വേണ്ട വൈറ്റമിന്‍ ആണ് സി. മുഖകാന്തി വര്‍ധിപ്പിക്കുന്നതിന് പാര്‍ശ്വഫലങ്ങളില്ലാത്ത ഫലപ്രദമായ മരുന്നുകള്‍ ഹോമിയോപ്പതിയില്‍ ലഭ്യമാണ്.

(കോഴിക്കോട് ഗവ. ഹോമിയോപ്പതി മെഡി. കോളജിലെ അസോസിയേറ്റ് പ്രൊഫസറാണ് ലേഖകന്‍)
.

Latest