Connect with us

Book Review

വായിക്കുക, എഴുത്തുകാരനെപ്പോലെ

Published

|

Last Updated

എഴുത്തുകാരനെപ്പോലെയുള്ള വായനക്കാരനാവാനാണ് മിക്ക പുസ്തക പ്രേമികളും ആഗ്രഹിക്കുക. അത്രമേല്‍ വായിച്ചിട്ടാണ് ഒരാള്‍ ഭാഷയും ശൈലിയും വികസിപ്പിക്കുന്നതും എഴുത്തില്‍ സവിശേഷമായ മാതൃക രൂപപ്പെടുത്തുന്നതും. ഈയിടെ വായിച്ച ഒരു പുസ്തകത്തിന്റെ പേര്, “റീഡിംഗ് ലൈക് എ റൈറ്റര്‍” എന്നാണ്. അമേരിക്കന്‍ നോവലിസ്റ്റും ഗദ്യകാരിയും സാഹിത്യവിമര്‍ശകയുമായ ഫ്രാന്‍സിന്‍ പ്രോസിന്റെയാണ് ഈ രചന.

അമേരിക്കന്‍ എഴുത്തുകാരി എന്ന നിലയിലും എഴുത്തിന്റെയും വായനയുടെയും രീതിശാസ്ത്രം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരെന്ന നിലയിലും പ്രശസ്തയാണ് പ്രോസ്. സാഹിത്യ സംബന്ധമായ ചര്‍ച്ചകള്‍ക്കും അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തുന്നതിനും ആയി 1922ല്‍ നിലവില്‍ വന്ന പെന്‍ അമേരിക്കന്‍ സെന്ററിന്റെ പ്രസിഡന്റായിരുന്ന അവര്‍. 1973 മുതല്‍ ആരംഭിച്ച രചനയെഴുത്ത് ഇപ്പോള്‍ മുപ്പതിലധികം പുസ്തകങ്ങളില്‍ എത്തി നില്‍ക്കുന്നു. പലതും ബെസ്റ്റ് സെല്ലേഴ്‌സ്.

പതിനൊന്ന് അധ്യായങ്ങളിലായാണ് പുസ്തകത്തിന്റെ ക്രമീകരണം. സ്വന്തം വായനാനുഭവത്തിന്റെ മാധുര്യങ്ങളിലൂടെയുള്ള സഞ്ചാരമാണ് ആദ്യ അധ്യായത്തില്‍. തുടങ്ങുന്നതിങ്ങനെയാണ്: “യുക്തിപരമായ ഒരു ചോദ്യമുണ്ട്, പലപ്പോഴായി ഞാന്‍ കേട്ടത്. പക്ഷേ, എങ്ങനെ മറുപടി നല്‍കണം എന്ന് തീര്‍ച്ചയില്ല. ഭാഷയോടുള്ള സ്‌നേഹം പഠിപ്പിക്കപ്പെടാന്‍ കഴിയുമോ? കഥ രൂപപ്പെടുത്താനുള്ള ശേഷി പഠിച്ചെടുക്കാനാവുമോ? ഉത്തരം ഇല്ല എന്നാണ്. സര്‍ഗാത്മകത ഒരു അധ്യാപകനില്‍ നിന്ന് വിദ്യാര്‍ഥിയിലേക്കു കൈമാറപ്പെടുന്ന ഒന്നല്ല. ഞാനെഴുത്തുകാരിയാകുന്നത് വായിച്ചും എഴുതിയുമാണ്. ഏതൊരാളുടെ മനസ്സിലും എഴുത്തുകാരനാവുക എന്ന ആശയം രൂപപ്പെടും മുമ്പേ, മുമ്പെഴുതിയ ഒരുപാട് പേരെ അവര്‍ വായിച്ചു കാണും. ഒരെഴുത്തുകാരി ആകുന്നതിന്റെ ഭാഗമായി ഞാനൊത്തിരി വായിച്ചിരുന്നു. ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരെ ആവര്‍ത്തിച്ചു വായിച്ചു. ആദ്യം സന്തോഷത്തിനാണ് വായിച്ചതെങ്കില്‍, പിന്നീടത്, വാക്കുകള്‍ കണ്ടെത്താനും ശൈലി മനസ്സിലാക്കാനും, വാക്യങ്ങള്‍ രൂപപ്പെടുന്നത് അറിയാനും എല്ലാമായി”. നിരന്തരം വായിക്കുന്നതിന്റെ മാധുര്യം പ്രോസ് കുറിച്ചു: “എത്ര കൂടുതല്‍ നാം വായിക്കുന്നുവോ, അത്ര മേല്‍ വേഗത്തില്‍ അക്ഷരങ്ങള്‍ അര്‍ഥമുള്ള വാക്കുകളായി രൂപാന്തരപ്പെടുന്നതിന്റെ ഇന്ദ്രജാലം നാം അറിയും. എത്ര കൂടുതലും സമഗ്രവുമായി വായിക്കുന്നുവോ, പുതിയ വായനയുടെ തലവും താളവും തിരിച്ചറിയാന്‍ പറ്റും.”

രണ്ടാം അധ്യായത്തിന്റെ പേര് “വാക്കുകള്‍” എന്നാണ്. എങ്ങനെയാണ് മനോഹരമായി അടുക്കിവെക്കുന്ന വാക്കുകള്‍ ഒരെഴുത്തുകാരനെ ചിരഞ്ജീവിയായി നിലനിറുത്തുന്നത് എന്നും വായനക്കാര്‍ക്ക് ആഹ്ലാദകരമായി വായിക്കാന്‍ പറ്റുന്ന രൂപത്തില്‍ ആവുന്നത് എന്നും ഇവിടെ പ്രോസ് വിവരിക്കുന്നു. ലാളിത്യവും വക്രീകരിക്കാത്തതുമായ ശൈലി എല്ലാവര്‍ക്കും ഇഷ്ടമാണ് വായിക്കാന്‍. ഇത്തരം കാര്യങ്ങള്‍ വിവരിക്കാന്‍ വിവിധ ഇംഗ്ലീഷ് പുസ്തങ്ങള്‍ അവര്‍ ഉദാഹരിച്ചു.

മൂന്നാം അധ്യായം വാക്യങ്ങളെ കുറിച്ചാണ്. എഴുതുന്നത് എന്ത് വിഷയം ആയാലും വാക്യങ്ങള്‍ ഭംഗിയുള്ളതാകണം. വളരെ നന്നായി എഴുതപ്പെടുന്ന ഒരു വാക്കില്‍ നിന്ന് സ്ഥലവും കാലവും എല്ലാം വേഗം പിടികിട്ടും. മനോഹരമായ ഒരു വാക്യം എപ്പോഴും ശോഭിച്ചു നില്‍ക്കും; എവിടെ നിന്നെഴുതി, എന്തിനെപ്പറ്റി എഴുതി, എവിടെ പ്രസിദ്ധീകരിച്ചു എന്നതൊന്നും അതില്‍ പ്രശ്‌നമേ ആവില്ല. ഒരു വാക്യം എപ്പോള്‍ മനോഹരമാവും എന്ന് വിശദീകരിക്കുക ആയാസകരമാണ്. ഒരു പെയിന്റിംഗിലോ മനുഷ്യന്റെ മുഖത്തോ കാണുന്ന മനോഹാരിത അടയാളപ്പെടുത്താന്‍ പ്രയാസപ്പെടുന്ന പോലെയാണത്. പക്ഷേ, എഴുതുന്നതില്‍ വ്യക്തത ഉണ്ടാവുക എന്നത് വളരെ പ്രധാനമാണ്.

ഖണ്ഡികകളെ പറ്റിയാണ് നാലാം അധ്യായം. എങ്ങനെയാണ് ഖണ്ഡികകള്‍ ആരംഭിക്കേണ്ടതും അവസാനിപ്പിക്കേണ്ടതും തുടങ്ങിയ കാര്യങ്ങള്‍ ഇവിടെ കടന്നുവരുന്നു. “വിവരണ”ത്തെക്കുറിച്ചു അഞ്ചാം അധ്യായത്തില്‍ വിശദമായി പ്രതിബാദിക്കുന്നു. വായനക്കാരന്റെ അഭിരുചി കൂടി മനസ്സിലാക്കിയാവണം വിവരണം നടത്തേണ്ടത്. അഞ്ചാം അധ്യായത്തില്‍ കഥാപാത്രങ്ങള്‍, ആറില്‍ സംഭാഷണം, ഏഴില്‍ വിശദീകരണം, എട്ടില്‍ രൂപങ്ങള്‍, ഒമ്പതില്‍ ചാക്കോവില്‍ നിന്ന് പഠിക്കാനുള്ളത്, പത്തില്‍ ധൈര്യത്തിന് വേണ്ടിയുള്ള വായന, പതിനൊന്നില്‍ പുസ്തകങ്ങള്‍ വേഗത്തില്‍ വായിക്കാന്‍ തുടങ്ങിയ അധ്യായങ്ങള്‍ കടന്നുവരുന്നു. ഓരോന്നിനും ഉചിതമായ ഉദാഹരണങ്ങളും സമകാലികവും ക്ലാസ്സിക്കലുമായ പുസ്തകങ്ങളില്‍ നിന്ന് ഉദ്ധരിക്കുന്നു.

ഒരെഴുത്തുകാരന്‍ ആയിത്തീരാനുള്ള വായനയില്‍, എന്ത് ശ്രദ്ധിക്കണമെന്ന അറിവ് ഈ പുസ്തകം നമുക്ക് തരുന്നു. ഇംഗ്ലീഷ് സാഹിത്യത്തെ ദര്‍പ്പണമാക്കി വെച്ച് എഴുതിയതാണെങ്കിലും ഏതു ഭാഷയില്‍ എഴുതുന്നവര്‍ക്കും വായിക്കുന്നവര്‍ക്കും ഉപകാരപ്രദമാണ് ഈ പുസ്തകത്തിന്റെ വായന. എഴുത്തിലും വായനയിലും അഞ്ച് പതിറ്റാണ്ടിന്റെ സൂക്ഷ്മമായ സാധനയുള്ള ഫ്രാസിന്‍ പ്രോസിന്റെ ഈ ഗ്രന്ഥം ഓരോ വായനക്കാരനും പുതിയ വായനാശീലങ്ങളിലേക്കും ലോകങ്ങളിലേക്കുമുള്ള കവാടങ്ങള്‍ തുറന്നുനല്‍കും.
.

---- facebook comment plugin here -----

Latest