Connect with us

Ongoing News

ഖസാക്കിന്റെ ഇതിഹാസത്തിലെ ഓത്തുപള്ളിയും മൊല്ലാക്കയും

Published

|

Last Updated

ഖസാക്കിന്റെ ഇതിഹാസം പ്രസിദ്ധീകരിച്ചിട്ട് അമ്പത് വര്‍ഷം പിന്നിട്ടു. ഇതിനിടെ അനുകൂലവും പ്രതികൂലവുമായ ധാരാളം ചര്‍ച്ചകള്‍ക്ക് വിധേയമാക്കപ്പെട്ടിട്ടുണ്ട്. ചര്‍ച്ചകളില്‍ ഏറെ മുന്നിട്ടുനിന്ന ഒരു വിഷയം നോവലിന്റെ പശ്ചാത്തല ഭൂമികയാണ്. പാലക്കാട് ജില്ലയിലെ കിഴക്കന്‍ ഗ്രാമപ്രദേശമായ തസ്‌റാക്കിനെ ഭൂമികയാക്കിയാണ് ഖസാക്ക് എഴുതപ്പെട്ടത് എന്ന പൊതുവായ വിശ്വാസം ഇത്തരം ചര്‍ച്ചകളില്‍ മേല്‍ക്കൈ നേടി. എന്നാല്‍, ഖസാക്ക് എന്ന സ്ഥലനാമം ഭാവന ചെയ്‌തെടുക്കുന്നതില്‍ തസ്‌റാക്കിനെ ഒ വി വിജയന്‍ ഉപയോഗപ്പെടുത്തി എന്നതില്‍ ഉപരിയായി അവിടെ നിന്നുള്ള കഥാപാത്രങ്ങളെയല്ല നോവലില്‍ കൊണ്ടുവന്നത്. ഇക്കാര്യം നോവലിസ്റ്റ് പലതവണ വ്യക്തമാക്കിയിട്ടുമുണ്ട്. കഥാപാത്രങ്ങളുടെ സാമൂഹികവും മതാത്മകവുമായ പശ്ചാത്തല സ്വഭാവങ്ങളെ അടിസ്ഥാനമാക്കി നടന്ന പഠനങ്ങളില്‍ ഹൈന്ദവ- ഇസ്‌ലാമിക മാനദണ്ഡങ്ങളെ ആധാരമാക്കിയതായി കാണാം. ഇത്തരത്തില്‍ മതാത്മക പരിഗണനകളോടെ വിഭിന്ന വായനകള്‍ക്ക് വിധേയമാക്കപ്പെട്ടു എന്നതാണ് ഖസാക്കിന്റെ ഇതിഹാസത്തിന്റെ അനന്യതയുടെ ഒരു ഘടകം.

നോവലിന്റെ കഥാഘടനയെ മുന്നോട്ടുനയിക്കുന്ന നായക കഥാപാത്രമായ രവിയുടെ ഏകാന്തധ്യാനങ്ങളെയും അത്തരം ധ്യാനവേളകളില്‍ കടന്നുവരുന്ന ചില ഒറ്റപ്പെട്ട സംസ്‌കൃത ശ്ലോകങ്ങളെയും പരിഗണിച്ച് ഹൈന്ദവ ദാര്‍ശനികതയുടെ പക്ഷത്ത് നിന്ന് ഖസാക്ക് ആഘോഷിക്കപ്പെട്ടു. നേര്‍ക്കുനേരെ ചിന്തിക്കുമ്പോള്‍ ഖസാക്കിന്റെ ഇതിഹാസത്തില്‍ ശുദ്ധ ഇസ്‌ലാമികത കാണാന്‍ സാധിക്കില്ല. എന്നാല്‍, ചില മുസ്‌ലിം കഥാപാത്രങ്ങള്‍, അവരുടെ സാമൂഹിക- വിശ്വാസ സ്വഭാവങ്ങള്‍, ഖസാക്കിലെ ഇസ്‌ലാമിന്റെ ഭൂതകാലത്തെ സൂചിപ്പിക്കാനായി ആവിഷ്‌കരിക്കുന്ന മിത്തുകള്‍, ഖസാക്കിന്റെ ചതുപ്പിലമ്പിപ്പോയ പള്ളികളെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍, അല്ലാപ്പിച്ച മൊല്ലാക്കയുടെ ബദര്‍ മാലപ്പാട്ട്, ഖസാക്കിന്റെ പൊതുമനസ്സിനെ ആഴത്തില്‍ സ്വാധീനിച്ച ശൈഖ് മിയാന്‍ തങ്ങള്‍ എന്ന മിത്ത് തുടങ്ങിയവ ഇസ്‌ലാമിക സാംസ്‌കാരിക പ്രതിനിധാനങ്ങളായാണ് പൊതുവെ പരിഗണിക്കപ്പെടുന്നത്.

ആയിരത്തൊന്ന് വര്‍ഷം മുമ്പ് തന്റെ കുതിരപ്പടയുമായി ഖസാക്കിലേക്ക് പടനയിച്ചുവന്ന മിത്താണ് ശൈഖ് മിയാന്‍ തങ്ങള്‍. ഖസാക്കിലെ മുസ്‌ലിംകളുടെ പൂര്‍വികര്‍ ശൈഖിന്റെ പിന്‍മുറക്കാരാണ് എന്ന് കരുതപ്പെടുന്നു. ശൈഖിന്റെ വിയോഗാനന്തരം ഭൗതിക ശരീരം അടക്കം ചെയ്യപ്പെട്ടത് ഖസാക്കിന് കിഴക്ക് ചെതലി മലയിലെ കരിങ്കല്‍ മിനാരങ്ങള്‍ക്ക് കീഴിലാണെന്ന് അന്നാട്ടുകാര്‍ ഗാഢമായി വിശ്വസിക്കുന്നു. ആ ദേശത്തെ ജനതയുടെ ആപത്ബാന്ധവനും രക്ഷകനുമാണ് ശൈഖ്. ഖസാക്കില്‍ നിന്നുള്ളവരും അവിടേക്കുള്ളവരുമായ പഥികര്‍ക്ക് രക്ഷയൊരുക്കി ശൈഖിന്റെ പാണ്ടന്‍ കുതിര വിദൂര വഴിത്താരകളില്‍ നിലയുറപ്പിക്കുന്നു എന്നാണ് അന്നാട്ടുകാര്‍ കരുതുന്നത്. കരിമ്പനക്കാറ്റിന്റെ ശബ്ദങ്ങളില്‍ ഖസാക്കുകാര്‍ ശൈഖിന്റെ കുതിരപ്പടയുടെ കുളമ്പടിനാദം കേള്‍ക്കുന്നു. ശൈഖിനെ വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതില്‍ ഖസാക്കിലെ റാവുത്ത മുസ്‌ലിംകളും അല്ലാത്തവരുമെല്ലാം ഒരുപോലെയാണ്. എന്നാല്‍, കിഴക്കന്‍ പാലക്കാടന്‍ ഗ്രാമമായ തസ്‌റാക്കില്‍ അത്തരത്തില്‍ ശൈഖ് മിയാന്‍ തങ്ങളെ കുറിച്ച് ഒരു വിശ്വാസമോ ധാരണയോ നിലനിന്നിരുന്നില്ല. പാലക്കാടിന്റെ വിവിധ ഭാഗങ്ങളിലുള്ള ദര്‍ഗകളുമായി ബന്ധപ്പെട്ട ചരിത്രാനുഭവങ്ങളും ജനകീയ വിശ്വാസങ്ങളും മഞ്ഞക്കുളം, ചടയന്‍ കാലായി, തെരുവത്ത് പള്ളി തുടങ്ങിയ മഖാമുകളുമായി ബന്ധപ്പെട്ട വിവരങ്ങളുമെല്ലാം ഇഴചേര്‍ത്ത് നോവലിസ്റ്റ് സ്വകീയമായി ഭാവന ചെയ്ത് വികസിപ്പിച്ചെടുത്ത കഥാപാത്രം മാത്രമാണ് ശൈഖ് മിയാന്‍ തങ്ങള്‍. കിഴക്കന്‍ പാലക്കാട്ടെ റാവുത്ത മുസ്‌ലിംകള്‍ക്കിടയില്‍ മുമ്പ് സ്വാധീമുണ്ടായിരുന്ന ഖാദിരിയ്യ ത്വരീഖത്തുമായി ബന്ധപ്പെട്ട് നിലനിന്ന അംശങ്ങളെയും നോവലിസ്റ്റ് ഇക്കാര്യത്തില്‍ ആശ്രയിക്കുന്നുണ്ട്. അല്ലാപ്പിച്ച (അല്ലാഹുവിന്റെ ദാനം) എന്നിങ്ങനെയുള്ള നാടന്‍ പേരുകള്‍ക്ക് കിഴക്കന്‍ പാലക്കാട്ടെ മുസ്‌ലിംകള്‍ക്കിടയില്‍ വലിയ സ്വീകാര്യത വരുത്തിയത് ഖാദിരിയ്യ ത്വരീഖത്താണ്. നോവലില്‍ മതാചാരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നയാളുടെ സ്ഥാനപ്പേരായി പുരോഹിതന്റെ പേരായി അല്ലാപ്പിച്ച എന്നതിനെ ഉപയോഗിക്കുന്നതും ആ സ്വീകാര്യത തിരിച്ചറിഞ്ഞുതന്നെയാണ്. ഖാദിരിയ്യ ത്വരീഖത്തിന്റെ കൈവഴികളില്‍ ഉള്‍ച്ചേര്‍ന്നവരുടെ പേരുകള്‍ക്ക് ഇച്ച, പിച്ച എന്നിങ്ങനെ തനിനാടന്‍ ശൈലിയിലുള്ള പേരുകള്‍ പണ്ട് പതിവായിരുന്നു. കണ്ണൂര്‍ നഗരത്തില്‍ ജനിച്ചുവളര്‍ന്ന ഖാദര്‍ മസ്താന്‍ ഖാദിരിയ്യ ത്വരീഖത്തില്‍ ചേര്‍ന്ന ശേഷം അദ്ദേഹത്തിന് കിട്ടിയ പേര് ഇച്ച എന്നായിരുന്നത് കൊണ്ടാണ് പിന്നീടദ്ദേഹം ഇച്ച മസ്താന്‍ എന്ന പേരിലറിയപ്പെടാനിടയായത്.
മുസ്‌ലിം കഥാപാത്രങ്ങളുടെ ഭാവഹാവങ്ങളെ വരികള്‍ക്കിടയില്‍ വായിച്ചാല്‍ പുണ്യപുരുഷന്മാരോടും മറ്റുമുള്ള ഗാഢ വിശ്വാസത്തിന്റെ അടയാളങ്ങള്‍ കാണാം. അശാന്തമായ രാത്രികളൊന്നില്‍ ഖസാക്കിന്റെ വെളിമ്പുറങ്ങളില്‍ തീപിടിച്ച മനസ്സുമായി അലയുന്ന അല്ലാപ്പിച്ച മൊല്ലാക്ക ചൊല്ലുന്നത് ബദര്‍ മാലപ്പാട്ടിന്റെ തുടക്കമായ “ബിസ്മിയും ഹംദും..” എന്ന വരികളാണ്. തസ്‌റാക്കില്‍, സഹോദരി ഒ വി ശാന്ത ടീച്ചര്‍ക്കൊപ്പം വന്നുതാമസിച്ച ദിവസങ്ങളില്‍ അവിടുത്തെ നിസ്‌കാര പള്ളിയിലെ മൊല്ലാക്കയില്‍ നിന്ന് കേട്ടുപഠിച്ചതാണ് ഒ വി വിജയന്‍ ഈ വരികള്‍. പില്‍ക്കാലത്ത് അദ്ദേഹം ധാരാളം മാലപ്പാട്ടുകളും മോയിന്‍കുട്ടി വൈദ്യരുടെ ബദര്‍ പടപ്പാട്ട് പോലെയുള്ളവയില്‍ നിന്നുള്ള ധാരാളം വരികളും ഖുര്‍ആനിലെ ഫാത്വിഹ അധ്യായം പോലെയുള്ളവ മനപ്പാഠമാക്കുകയും ഇസ്‌ലാമിനെ കുറിച്ചുള്ള സാമാന്യം മെച്ചപ്പെട്ട വിവരങ്ങള്‍ ആര്‍ജിക്കുകയുമെല്ലാം ചെയ്തതാണ്. ഡല്‍ഹി വാസക്കാലത്ത് മുഹമ്മദ് മര്‍മഡ്യൂക് പിക്താളിന്റെ ഇംഗ്ലീഷ് ഖുര്‍ആന്‍ പരിഭാഷയും ഹദീസ് സമാഹാരമായ ബുഖാരിയുടെ ഇംഗ്ലീഷ് പരിഭാഷയും വായിച്ചിട്ടുണ്ട് ഒ വി.

ഖസാക്കിന്റെ ഇതിഹാസത്തില്‍ അവതരിപ്പിച്ച ഇസ്‌ലാം പൂര്‍ണമായും യഥാതഥവുമായ ഒരു ഇസ്‌ലാമല്ല എന്ന ബോധ്യം നോവലിസ്റ്റിനും ഉണ്ടായിരുന്നു. മുസ്‌ലിം കഥാപാത്രങ്ങള്‍ പോലും പുളിങ്കൊമ്പത്തെ പോതിയെ അഥവാ ഭഗവതിയെ പിടിച്ച് ആണയിടുന്നത് കാണാം. മറുവശത്ത് ഹിന്ദുകഥാപാത്രങ്ങള്‍ ശൈഖ് മിയാന്‍ തങ്ങളെ പല ഘട്ടങ്ങളിലും ഭക്ത്യാദരപൂര്‍വം ഓര്‍ക്കുകയും വിളിക്കുകയും ചെയ്യുന്നത് കാണാം. ഇത് ബഹുസ്വരതയുടെ അന്തരീക്ഷ രൂപവത്കരണത്തിന് നടത്തിയ ശ്രമങ്ങളാണ്. അത്തരമൊരു ബഹുസ്വരതാ അന്തരീക്ഷ രൂപവത്കരണം കൃത്രിമവും ബാലിശവുമാണെങ്കിലും. ഖസാക്കിന്റെ ഭൂതകാലത്തിന് ഗഹനത വരുത്താനായി കൊണ്ടുവരുന്ന 12 നശിച്ചുപോയ പള്ളികളെ കുറിച്ചുള്ള പുരാവൃത്തത്തിലും ബഹുസ്വരതയെ സന്നിവേശിപ്പിക്കാന്‍ നോവലിസ്റ്റ് ശ്രമിക്കുന്നുണ്ട്. പന്ത്രണ്ടാമത്തെ പള്ളിയായ ശൈഖിന്റെ പള്ളി പണിയുന്നതിന് ഋഷിദേവതമാര്‍ സഹകരിക്കുന്നതായുള്ള പരാമര്‍ശവും നടേചൊന്ന ബാലിശ, കൃത്രിമ ബഹുസ്വരതയിലേക്കുള്ള സൂചനയാണ്. അതേസമയം പന്ത്രണ്ട് പള്ളികളെ കുറിച്ചുള്ള പുരാവൃത്തമൊന്നും കിഴക്കന്‍ പാലക്കാട്ടെ മുസ്‌ലിംകള്‍ക്കിടയില്‍ ഒരുകാലത്തും നിലനിന്നിരുന്നില്ല. നോവലിസ്റ്റിന്റെ മൗലിക ഭാവനയായി ഇതിനെ കാണാം. ചതുപ്പുകളില്‍ അമ്പിപ്പോയ ആ പുരാതന പള്ളികളിലാണ് ഖസാക്കിന്റെ കാലം തളം കെട്ടിക്കിടക്കുന്നതെന്ന് നോവലിസ്റ്റ് പറയുന്നു.

നോവലിലെ ദുഷ്ടകഥാപാത്രങ്ങളിലൊന്നായ നൈസാമലി സിദ്ധവേഷം കെട്ടി താമസമുറപ്പിക്കുന്നത് ഖസാക്കിലെ പള്ളിക്കാട്ടിലാണ്. ഇസ്‌ലാമുമായി ബന്ധപ്പെട്ട ജ്ഞാനത്തിന്റെ കാര്യത്തില്‍ അയാള്‍ ഒരു വലിയ ശൂന്യതയാണ്. ഖസാക്കിലെ ഓത്തുപള്ളിയില്‍ പഠിക്കുന്ന കുട്ടികളുടെയത്രപോലും നൈസാമലിക്ക് മതബോധമില്ല. എന്നാലയാള്‍ അവകാശപ്പെടുന്നത് താന്‍ ശൈഖിന്റെ ഖാളിയാര്‍ ആണെന്നാണ്. അല്ലാപ്പിച്ച മൊല്ലാക്കക്ക് ഖസാക്കുകാര്‍ കല്‍പ്പിച്ചുവരുന്ന പരിഗണന തന്നിലേക്ക് വഴിതിരിച്ചുവിടാനാണ് നൈസാമലി കരുക്കള്‍ നീക്കുന്നത്. “ഖാളി” എന്ന പദത്തെ അതിന്റെ തനതുതലത്തിലല്ല നോവലില്‍ ഉപയോഗിക്കുന്നത്. ഖസാക്കിലേക്ക് മാത്രമായി നോവലിസ്റ്റ് വിഭാവനം ചെയ്യുന്ന ഒരിസ്‌ലാമികതയില്‍ ഖാളിയെ കാലിയാര്‍ ആക്കുകയും ശൈഖ് മിയാന്‍ തങ്ങളുടെ പിന്‍ഗാമിയായ പ്രതിനിധി എന്ന അര്‍ഥതലം നല്‍കുകയുമാണ്. മുന്‍ഗാമികളില്‍ നിന്ന് വിഭിന്നമായി- അല്ലാപ്പിച്ച മൊല്ലാക്കയെ പൂര്‍വികര്‍ കണ്ടെത്തി ഖസാക്കിലേക്ക് കൊണ്ടുവന്ന് മതാചാരങ്ങള്‍ക്ക് നേതൃത്വം നല്‍കാനുള്ളയാളുടെ പിന്‍ഗാമിയാക്കി മാറ്റിയതില്‍ നിന്ന് വ്യത്യസ്തമായി- നൈസാമലി മറ്റൊരു വഴിയിലൂടെ സഞ്ചരിച്ച് മൊല്ലാക്കയുടെ താത്പര്യങ്ങള്‍ക്ക് എതിരായി വര്‍ത്തിക്കുന്നുണ്ട് നോവലിന്റെ തുടക്കത്തില്‍. ഒടുവിലാകട്ടെ നൈസാമലി മൊല്ലാക്കയുടെ സ്വയംപ്രഖ്യാപിത പിന്‍ഗാമി എന്നതില്‍ കവിഞ്ഞ് ശൈഖിന്റെ നേര്‍ക്കുനേര്‍ പ്രതിനിധിയാകാന്‍ ശ്രമിക്കുന്നത് കാണാം. ഖസാക്കിലെ മൊല്ലാക്കമാരാകാന്‍ വിധിയാല്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരിക്കലും ആ നിയോഗത്തിന്റെ പൂര്‍വ നിര്‍ണിതിയെ മറികടന്നു മുന്നോട്ടുപോകാനാവില്ല എന്ന സന്ദേശം നല്‍കുകയാണ് നൈസാമലിയുടെ പരിണാമങ്ങളിലൂടെ നോവലിസ്റ്റ് ചെയ്യുന്നത്. എന്നാല്‍, ഇത്തരത്തില്‍ പാരമ്പര്യത്തുടര്‍ച്ചയോ വിശ്വാസമോ അതുമായി ബന്ധപ്പെട്ട കാര്യങ്ങളോ ഒന്നും കിഴക്കന്‍ പാലക്കാട്ടെ മുസ്‌ലിംകള്‍ക്കിടയില്‍ നിലനിന്നിരുന്നില്ല. ഈ ഭാഗത്തെ റാവുത്ത മുസ്‌ലിംകള്‍ പാരമ്പര്യത്തിന്റെയും പരമ്പരാഗത വിശ്വാസങ്ങളുടെയും കാര്യത്തില്‍ വളരെ ശ്രദ്ധ കല്‍പ്പിക്കുന്നവരും ജാഗരൂകരുമാണ്. മതാചാരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വൃത്തിയുമായി ബന്ധപ്പെട്ട് ഖസാക്കിന്റെ ഇതിഹാസത്തിലേത് പോലൊരു സമ്പ്രദായമൊന്നും ഒരു കാലത്തും അവര്‍ക്കിടയിലുണ്ടായിരുന്നില്ല.

ഇത്തരം സാഹചര്യ നിര്‍മിതികളിലൂടെ ഖസാക്കിന്റെത് മാത്രമായ ഒരു ഇസ്‌ലാമികത രൂപപ്പെടുത്തുകയായിരുന്നു നോവലിസ്റ്റ്. എന്നാല്‍, മുസ്‌ലിം മണ്ഡലത്തെ ഗാഢമായി വലയം ചെയ്തു നില്‍ക്കുന്ന ഒരലൗകികതയായി വിശ്വാസത്തെ നോവലിസ്റ്റ് അടയാളപ്പെടുത്തുന്നത് കാണാം. ആ നിലക്ക് ദുര്‍ബലവും ബാലിശവുമായ മതാത്മക വിചാരങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ തന്നെയും ഖസാക്കിന്റെ ഇതിഹാസത്തില്‍ ആത്മീയതയുടെതായ സൗമ്യ അന്തര്‍ധാര വര്‍ത്തിക്കുന്നുവെന്ന് പറയാവുന്നതാണ്.
.