Connect with us

Cover Story

'പാഠ'ങ്ങളുടെ പാടം

Published

|

Last Updated

നെല്‍വിത്തുകളുടെ അതിജീവനത്തിന് ജീവിതം സമര്‍പ്പിച്ചയാള്‍. ഒറ്റ വരിയില്‍ ചെറുവയല്‍ രാമനെ ഇങ്ങനെ പരിചയപ്പെടുത്താം. അഞ്ഞൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള 65 നെല്‍വിത്തുകളെ കൃഷ്ണമണിയേക്കാള്‍ നന്നായി പരിപാലിക്കുന്ന രാമേട്ടന്‍ നെല്‍കൃഷിയുമായി ബന്ധപ്പെട്ട കേരളത്തിലെയും ഇന്ത്യയിലെയും ഒട്ടുമിക്ക അധികാരികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമൊക്കെ സുപരിചിതനാണ്. രാജ്യാതിര്‍ത്തികള്‍ക്കപ്പുറത്തും ഈ നെല്‍വിത്തു സ്‌നേഹിയുടെ പെരുമയെത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം ബ്രസീലിലെ ബലേനില്‍ നടന്ന രാജ്യാന്തര വംശീയ ശാസ്ത്ര കോണ്‍ഗ്രസില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് വീണ്ടും പാടത്തിറങ്ങിയിരിക്കുകയാണ് രാമന്‍. പാരമ്പര്യമായി ലഭിച്ച നെല്‍വിത്ത് സംരക്ഷണ പ്രവര്‍ത്തനങ്ങളെ കുറിച്ചറിയാന്‍ വയനാട് മാനന്തവാടി കമ്മനത്തെ രാമന്റെ വീട്ടിലേക്കും വയലിലേക്കും ദിനേന ശാസ്ത്രജ്ഞരായും പരിസ്ഥിതി പ്രവര്‍ത്തകരായും ഉദ്യോഗസ്ഥരായും മാധ്യമപ്രവര്‍ത്തകരായും വിദ്യാര്‍ഥികളായും അധ്യാപകരായും ഗവേഷകരായുമൊക്കെ നിരവധി പേരാണ് എത്തുന്നത്. തലയിലെ സ്വതസിദ്ധ കെട്ടും ഷര്‍ട്ടും തോര്‍ത്തുമുണ്ടും ധരിച്ച് തോളില്‍ കൈക്കോട്ടുമേന്തി തന്റെ വയലിലേക്ക് ഇവരെയെല്ലാം അദ്ദേഹം കൂട്ടിക്കൊണ്ടുവരും.

സര്‍ക്കാര്‍ ഓഫീസില്‍ നിന്ന് പാടത്തെ ചേറിലേക്ക്

കൃഷിയില്ലെങ്കില്‍ രാമനില്ല. അഞ്ചാം ക്ലാസ് വരെ മാത്രം സ്‌കൂള്‍ പഠനം നടത്തിയ രാമന്‍ പത്താം വയസ്സിലാണ് പാടത്തിറങ്ങിയത്. 19 ാം വയസ്സില്‍ കണ്ണൂരില്‍ ഡി എം ഒ ഓഫീസില്‍ വാര്‍ഡനായി ജോലി ലഭിച്ചെങ്കിലും കൃഷിപ്പണി നോക്കിനടത്താന്‍ ആളില്ലാത്ത കാരണം പറഞ്ഞ് അമ്മാവന്‍ ജോലിക്ക് പോകുന്നത് വിലക്കി. അമ്മാവന്റെ മരണ ശേഷം കൃഷിയുടെ പൂര്‍ണ ചുമതല രാമനിലായി. അഞ്ചര പതിറ്റാണ്ടിലേറെയായി അമ്മാവന്റെ ഒസ്യത്ത് ഉത്തരവാദിത്വത്തോടെ അദ്ദേഹം നിറവേറ്റുന്നു.

തറവാട് വക നാല്‍പ്പത് ഏക്കര്‍ ഭൂമിയുള്ളതില്‍ നാല് ഏക്കറിലാണ് രാമന്‍ സ്വന്തമയി കൃഷിയിറക്കുന്നത്. കൂട്ടുകുടുംബ വ്യവസ്ഥപ്രകാരം ജീവിക്കുന്ന സമുദായാംഗങ്ങളാണ് കുറിച്യര്‍. മുമ്പ് 106 കുറിച്ച്യ തറവാടുകളായിരുന്നു വയനാട്ടിലുണ്ടായിരുന്നത്. ഇപ്പോള്‍ അത് 56ല്‍ ഒതുങ്ങി. ഇവയില്‍പ്പെട്ട ചെറുവയല്‍ തറവാട്ടിലെ അംഗമാണ് രാമന്‍. നെല്‍കൃഷി ആരംഭിച്ച കാലം മുതല്‍ വയനാട്ടില്‍ നിലവിലുണ്ടായിരുന്ന ചെന്നെല്ല്, കണ്ണിചെന്നെല്ല്, വെളിയന്‍, ചേറ്റുവെളിയന്‍, ഓക്ക് വെളിയന്‍, പാല്‍വെളിയന്‍, ചെമ്പകം, കൊടുവെളിയന്‍, ചെന്താടി, മുണ്ടകന്‍, തൊണ്ടി, മരതൊണ്ടി, ചെന്നെല്‍തൊണ്ടി, പാല്‍തൊണ്ടി, പാല്‍തൊണ്ടി വെള്ള, പുന്നാടന്‍തൊണ്ടി, തൊണ്ണൂറാംതൊണ്ടി, ചോമാല, അടുക്കന്‍, കോതാണ്ടന്‍, തൊണ്ണൂറാംപുഞ്ച, ഞവര, കയമ, പാല്‍കയമ, ഉരുണി കയമ, കുഞ്ഞി കയമ, കുങ്കുമശാലി, രക്തശാലി, കുഞ്ഞിചീര, വെളുമ്പാല, കരിമ്പാലന്‍, വെള്ളിമുത്ത്, കുറുമ്പാളി, കുറവ, തവളകണ്ണന്‍, കല്ലടിയാരന്‍, കനകം, ഓണമൊട്ടന്‍, ഓണചണ്ണ, ഓക്കന്‍പുഞ്ച, കറുത്തേടന്‍ ഗന്ധകശാല, ജീരകശാല തുടങ്ങിയ ഇനങ്ങളാണ് സംരക്ഷിക്കുന്നത്. പാരമ്പര്യമായി കൈമാറിവന്ന പൈതൃക വിത്തിനങ്ങളെ കൂടാതെ മറ്റ് സ്ഥലങ്ങളില്‍ നിന്ന് ശേഖരിച്ചവയുമുണ്ട്. കതിര് മൂടിക്കെട്ടിയും നെല്‍വിത്ത് മുളയുടെ കുഴലിലാക്കിയും മുളകൊണ്ട് നിര്‍മിച്ച കൂടയിലുമൊക്കെയാണ് വിത്തുകളത്രയും സൂക്ഷിക്കുന്നത്. ഇതിനായി വീടിന്റെ ഒരു മുറി നിലവറയായി സംരക്ഷിക്കുകയാണ്.

നഷ്ടം സഹിച്ചും പരമ്പരാഗത നെല്‍കൃഷി ഇന്നും തുടരുന്ന ജില്ലയിലെ കര്‍ഷകരില്‍ അപൂര്‍വം ഒരാളാണ് രാമന്‍. രണ്ട് വര്‍ഷം മുമ്പ് വരെ പ്രതിവര്‍ഷം മുപ്പതിനായിരം രൂപയാണ് വിത്ത് സംരക്ഷണത്തിന് ഇദ്ദേഹത്തിന് നഷ്ടമായത്. പൂര്‍ണമായും ജൈവകൃഷി രീതിയാണ്. രാസവളങ്ങളോ വസ്തുക്കളോ ഉപയോഗിക്കാറില്ലെന്ന് മാത്രമല്ല, അവക്കെതിരെ ശക്തമായി നിലകൊള്ളുകയും ചെയ്യുന്നു. സ്വന്തം ആവശ്യത്തിനുള്ള നെല്ല് കഴിച്ച് ബാക്കിയുള്ളത് അയല്‍ക്കാര്‍ക്കും പരിചയക്കാര്‍ക്കും നല്‍കും. വിത്തിനങ്ങള്‍ ശേഖരിക്കാനെത്തുന്നവര്‍ക്ക് നല്‍കും. പക്ഷേ ഒരു വ്യവസ്ഥയുണ്ട്; വിത്ത് തിരിച്ചേല്‍പ്പിക്കണം. ഇത് പലപ്പോഴും പാലിക്കപ്പെടാറില്ല. പാടത്തും പറമ്പിലും കൃഷിക്ക് ഉപയോഗിക്കാന്‍ ജൈവവളം തയ്യാറാക്കുന്നതും സ്വന്തമായി തന്നെയാണ്. ആടും പശുവും കോഴിയുമെല്ലാം വളര്‍ത്തുന്നതിനാല്‍ ചാണകവും കോഴിവളവും ഉപയോഗിക്കും.

താമസം ഭൂമിയെ തൊടുന്ന വീട്ടില്‍

നെല്‍കൃഷി രംഗത്തെ വി വി ഐ പിയാണെങ്കിലും ജീവിത പശ്ചാത്തലങ്ങളൊന്നും മാറ്റിയിട്ടില്ല. പാരമ്പര്യ ആദിവാസി വിഭാഗങ്ങളുടെ തനതുമുദ്രയായ പുല്ല് മേഞ്ഞ വീട്ടിലാണ് രാമനും ഭാര്യയും കഴിയുന്നത്. വൈക്കോലും പുല്ലും കൊണ്ടുള്ള മേല്‍ക്കൂര. പുതുക്കി മേഞ്ഞ അവസരത്തില്‍ അകലേന്ന് നോക്കിയാല്‍ വൈക്കോലിന്റെ മഞ്ഞനിറം സ്വര്‍ണം പോലെ കാണാം. മണ്ണിലേക്ക് വളഞ്ഞുള്ള വീടുകളുടെ ഘടന പ്രകൃതിയെ തൊട്ടുള്ള ജീവിതത്തിലേക്കുള്ള സൂചന കൂടിയാണ്. വീടിന്റെ എല്ലാ ഘടകങ്ങളും പ്രകൃതിയില്‍ നിന്ന് സമാഹരിച്ചതും കൃഷിയില്‍ ബാക്കിയുള്ളതുമായിരിക്കും. 150 വര്‍ഷത്തിലേറെ പഴക്കമുള്ള വീടിന്റെ സംരക്ഷന്‍ കൂടിയായിരിക്കുകയാണ് രാമന്‍. മൂന്ന് കെട്ടിടങ്ങള്‍ കൂടിയതാണ് വീട്. മുകള്‍ ഭാഗത്തായി രണ്ട് പ്രധാന താമസ കേന്ദ്രങ്ങളും താഴ്ഭാഗത്ത് ഒരു ഷെഡും. ചെളി കൊണ്ടുണ്ടാക്കിയ പടികളും മറ്റുമായി പുരാതനത്വം വിളിച്ചോതുന്ന അന്തരീക്ഷം.

കമ്മനയില്‍ നിന്ന് ബ്രസീലിലേക്ക്

രാമന്റെ രണ്ടാമത്തെ വിദേശയാത്രയായിരുന്നു ബ്രസീലിലേക്ക്. രാമനെ കൂടാതെ നരവംശ ശാസ്ത്രജ്ഞനും ക്രസ്റ്റ് പ്രോജക്ട് അസോസിയേറ്റുമായ ജയ്ശ്രീകുമാര്‍ മാത്രമാണ് ഇന്ത്യയില്‍ നിന്ന് പങ്കെടുത്തത്. ശാസ്ത്ര കോണ്‍ഗ്രസില്‍ ആദ്യ ദിനം പാന്റ്‌സും ഷര്‍ട്ടും ധരിച്ചാണ് പങ്കെടുത്തതെങ്കിലും സംഘാടകര്‍ ആവശ്യപ്പെട്ടതനുസരിച്ച് പിന്നീടുള്ള ദിവസങ്ങളില്‍ നാട്ടിലെ കര്‍ഷക വേഷത്തില്‍ തന്നെയാണ് പങ്കെടുത്തത്. ആദിവാസി വിഭാഗത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങളെ കുറിച്ച് ശാസ്ത്ര കോണ്‍ഗ്രസില്‍ നടത്തിയ 15 മിനുട്ട് പ്രസംഗത്തിന് ശേഷം തനിക്ക് ലഭിച്ച ആദരവും സ്വീകരണവും മറക്കാനാകാത്തതാണെന്ന് രാമന്‍ പറയുന്നു. ശാസ്ത്ര കോണ്‍ഗ്രസിന് പുറമെ ഞണ്ടുകളുടെ സംരക്ഷണം, ആമസോണ്‍ നദീസംരക്ഷണം, കണ്ടല്‍ക്കാടുകള്‍ എന്നിവയെ കുറിച്ച് ജഡ്ജിമാര്‍, പ്രമുഖ വ്യക്തികള്‍, സാമൂഹിക പ്രവര്‍ത്തകര്‍, പ്രകൃതി സ്‌നേഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ച സെമിനാറില്‍ പ്രതീക്ഷിക്കാതെ പങ്കെടുക്കാന്‍ കഴിഞ്ഞതും ആമസോണ്‍ നദിയിലൂടെ നടത്തിയ യാത്രയുമെല്ലാം വേറിട്ട അനുഭവമായി. പ്രസംഗത്തിന് അംഗീകാരമായി പുസ്തകവും ലഭിച്ചു. 2011ല്‍ ഹൈദരാബാദില്‍ നടന്ന 17 രാജ്യങ്ങളുടെ ജൈവ വൈവിധ്യ സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്തിരുന്നു. കൊച്ചിയില്‍ നടന്ന ഗ്ലോബല്‍ അഗ്രിമീറ്റിലും പങ്കെടുത്തു. കഴിഞ്ഞ വര്‍ഷം 193 രാജ്യങ്ങളിലെ പ്രതിനിധികളെ ഉള്‍പ്പെടുത്തി ദേശീയ ജൈവവൈവിധ്യ ബോര്‍ഡ് നടത്തിയ സംഗമത്തിലെ ഇന്ത്യന്‍ പ്രതിനിധികളിലൊരാളുമായി.

ഇതിനിടെ ചെറുവയല്‍ നെല്‍വിത്തും കടല്‍ കടന്നു. ഖത്വറിലെ ദോഹയില്‍ ആദ്യമായി നെല്‍കൃഷി നടത്താന്‍ മലയാളി സ്ത്രീകളുടെ കൂട്ടായ്മയായ “അടുക്കളക്കൂട്ടം” തിരഞ്ഞെടുത്തത് രാമന്‍ സംരക്ഷിച്ചുപോരുന്ന മരത്തൊണ്ടി, ഓണമൊട്ടന്‍, പാല്‍തൊണ്ടി എന്നിവയായിരുന്നു. ഇവ കൊണ്ടുപോകുകയും മുന്‍ കൃഷി മന്ത്രി കെ പി മോഹനന്‍ ദോഹയില്‍ വിത്തിറക്കല്‍ ഉദ്ഘാടനവും ചെയ്തു. അടുത്ത മാസം അഞ്ചിന് ദുബൈയില്‍ പ്രവാസി കൂട്ടായ്മ സംഘടിപ്പിക്കുന്ന വയലും വീടും സെമിനാറില്‍ പങ്കെടുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്.
കാര്‍ഷിക സര്‍വകലാശാല ജനറല്‍ കൗണ്‍സില്‍ അംഗമായ രാമന്‍ എടവക പഞ്ചായത്ത് ജൈവ വൈവിധ്യ സമിതി അംഗവുമാണ്. 2011ല്‍ പി വി തമ്പി അവാര്‍ഡും 2012ല്‍ സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ അവാര്‍ഡും ലഭിച്ചു. കൂടാതെ ജൈവകാര്‍ഷിക, ജൈവ വൈവിധ്യമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഇരുപത്തിയഞ്ചിലധികം സംഘടനകളുടെ പ്രശംസാപത്രവും. “അരണയെ കണ്ടോ?”, “രാമേട്ടന്റെ കൃഷിപാഠം” എന്നിവയടക്കം നാല് ഡോക്യുമെന്ററികളിലെ പ്രമേയവും ഇദ്ദേഹത്തിന്റെ കൃഷിരീതിയാണ്. കുറിച്യ സമുദായത്തെയും രാമേട്ടനെയും പ്രമേയമാക്കി പുതിയ മലയാള സിനിമ “നെകലുകള്‍” ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്. നെകലുകള്‍ (മണ്‍മറഞ്ഞ പൂര്‍വികരുടെ പുണ്യാത്മാക്കള്‍) ഇപ്പോഴും വഴികാട്ടിയാവുന്നുവെന്നാണ് കുറിച്യരുടെ വിശ്വാസം. 2012ല്‍ തോമസ് ഐസക് എം എല്‍ എയുടെ നേതൃത്വത്തില്‍ നിയമസഭാ സമിതി ഇവിടം സന്ദര്‍ശിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷക സംഘടനാ പ്രതിനിധികളും തഞ്ചാവൂര്‍ നെല്ല് ഗവേഷണകേന്ദ്രം, കോയമ്പത്തൂര്‍ കാര്‍ഷിക സര്‍വകലാശാല എന്നിവയിലെ പ്രതിനിധികളും കമ്മന സന്ദര്‍ശിച്ച് പഠനം നടത്തിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ ഉപ്പുവെള്ളം കയറുന്ന സ്ഥലത്ത് പരീക്ഷണാര്‍ഥം സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ വിളവിറക്കിയത് ചെറുവയല്‍ രാമന്റെ വീട്ടില്‍ നിന്ന് കൊണ്ടുപോയ വിത്തിനങ്ങളാണ്. കാട്ടറിവ്, നാട്ടറിവ്, കീഴ്‌വഴക്കങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുക്കുന്ന അധ്യാപകനുമാണ്. ചെറുവയല്‍ തറവാട്ടിലെത്തുന്നവരുടെ വിശദാംശങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്താന്‍ പ്രത്യേകം പുസ്തകം വീട്ടില്‍ സൂക്ഷിക്കുന്നു.

“പ്രകൃതിക്കും നോവും”

ഇപ്പോഴുണ്ടായ പ്രളയം പ്രകൃതിയെ നോവിച്ചതിനുള്ള തിരിച്ചടിയാണെന്ന് രാമന്‍. പല സെമിനാറുകളിലും പരിപാടികളിലും പ്രകൃതിയെ ചൂഷണം ചെയ്യുന്നതിനെ കുറിച്ച് ബോധവത്കരണങ്ങള്‍ നടത്തിയിട്ടുണ്ട്. വരാനിരിക്കുന്ന ദുരന്തം കൊടുംവരള്‍ച്ചയുടെതാണെന്ന് രാമന്‍ മുന്നറിയിപ്പ് നല്‍കുന്നു. നല്ലൊരു പച്ച മരുന്ന് വൈദ്യന്‍ കൂടിയാണ് രാമന്‍. സ്വന്തം സ്ഥലത്ത് ഓഷധ തോട്ടം ഒരുക്കുക എന്ന സ്വപ്‌നവും ഇദ്ദേഹത്തിനുണ്ട്.
.