Connect with us

International

സുനാമിയും ഭൂകമ്പവും രണ്ട് നഗരങ്ങളെ നക്കിത്തുടച്ചു

Published

|

Last Updated

കനത്ത ഭൂകമ്പവും സുനാമിത്തിരകളും നാശം വിതച്ച ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിലെ കാഴ്ച. മരിച്ചവരുടെ മൃതദേഹങ്ങള്‍ തെരുവില്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ട് മറച്ചിട്ടിരിക്കുന്നു.

ജക്കാര്‍ത്ത: റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ കനത്ത ഭൂകമ്പവും സുനാമിത്തിരകളും ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിലെ രണ്ട് നഗരങ്ങളെ മുഴുവന്‍ നിലംപരിശാക്കി. ലക്ഷക്കണക്കിന് ആളുകളെയാണ് ദുരന്തം ബാധിച്ചത്. ദുരന്തം ഉണ്ടാക്കിയ ഞെട്ടലില്‍ നിന്നും പരിഭ്രാന്തിയില്‍ നിന്നും ഇപ്പോഴും ജനങ്ങള്‍ മോചിതരായിട്ടില്ല. നഗരങ്ങളിലൂടെ തലങ്ങും വിലങ്ങും പരിഭ്രാന്തരായി ഓടുന്ന നൂറുക്കണക്കിന് ആളുകളും തകര്‍ന്ന കെട്ടിടങ്ങളും ദുരന്തത്തിന്റെ തീവ്രത അടയാളപ്പെടുത്തുന്നു.
ദുരന്തത്തിന്റെ തീവ്രതയോ ദുരന്തം എത്ര പേരെ ബാധിച്ചു എന്നത് സംബന്ധിച്ചോ അധികൃതര്‍ക്ക് ഇപ്പോഴും കൃത്യമായ വിവരങ്ങളൊന്നുമില്ല. പലയിടങ്ങളിലേക്കും വന്‍തോതില്‍ രക്ഷാപ്രവര്‍ത്തകരെ സര്‍ക്കാര്‍ അയച്ചുകൊണ്ടിരിക്കുകയാണ്.

രാക്ഷസത്തിരമാലകള്‍
റിക്ടര്‍ സ്‌കെയിലില്‍ 7.5 രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പത്തിന് പിന്നാലെ പാലു നഗരത്തെ സുനാമിത്തിരകളും നക്കിത്തുടച്ചു. നൂറുകണക്കിന് ആളുകള്‍ പാലുവിലെ ബീച്ചില്‍ വോളിബോള്‍ ഫെസ്റ്റിവലിന് വേണ്ടി തടിച്ചുകൂടിയിരുന്നു. ഇവരെ കുറിച്ച് ഒരു വിവരമുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭൂകമ്പത്തെ തുടര്‍ന്ന് അധികൃതര്‍ സുനാമി മുന്നറിയിപ്പ് നല്‍കിയെങ്കിലും കുറച്ചുകഴിഞ്ഞ് പിന്‍വലിച്ചിരുന്നു. ഇതിന് ശേഷമാണ് പാലു, ദൊംഗാലും നഗരങ്ങളെ തകര്‍ത്തുകളഞ്ഞ സുനാമിത്തിരകള്‍ ആഞ്ഞടിച്ചത്. ലക്ഷക്കണക്കിന് ആളുകള്‍ ഈ രണ്ട് ചെറുനഗരങ്ങളിലുമായി താമസിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. പാലുവിലെ ദുരന്തമാണ് അതിഭീകരമെന്ന് റിവപ്പോര്‍ട്ടുകള്‍ പറയുന്നു. ആയിരക്കണക്കിന് വീടുകളും കെട്ടിടങ്ങളും സുനാമിത്തിരയില്‍ നിലംപൊത്തുകയും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. അതിനിടെ, സുനാമി മുന്നറിയിപ്പ് വളരെ പെട്ടെന്ന് തന്നെ പിന്‍വലിച്ച നടപടിയെ ചൊല്ലി വിവാദം പുകയുന്നുണ്ട്. വളരെ നേരത്തെ തന്നെ സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചതാണ് അപകട തീവ്രത വര്‍ധിപ്പിച്ചതെന്ന് വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്.

റെഡ്‌ക്രോസിന്റെ
പിന്തുണ
ഇന്തോനേഷ്യയില്‍ ഭൂകമ്പവും സുനാമിയും ദുരന്തം സൃഷ്ടിച്ച മേഖലകളിലേക്ക് തങ്ങളുടെ സന്നദ്ധ പ്രവര്‍ത്തകര്‍ യാത്ര ആരംഭിച്ചതായി റെഡ് ക്രസന്റ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. അവശ്യവസ്തുക്കള്‍ വിതരണം ചെയ്യുമെന്നും തങ്ങളുടെ രക്ഷാപ്രവര്‍ത്തകരുടെ വലിയൊരു സംഘം ഇതിനോടൊപ്പമുണ്ടെന്നും റെഡ് ക്രസന്റ് ചൂണ്ടിക്കാട്ടി. എന്നാല്‍ ദുരന്ത ബാധിത മേഖലകളിലേക്ക് എത്തിപ്പെടുന്ന കാര്യം ഏറെ പ്രയാസകരമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബാലി സുരക്ഷിതമെന്ന്
പാലുവില്‍ നിന്ന് നൂറുകണക്കിന് കിലോമീറ്റര്‍ ദൂരത്ത് സ്ഥിതി ചെയ്യുന്ന പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ബാലി മേഖല സുരക്ഷിതമാണെന്നാണ് വിവരം. ബാലിയിലേക്ക് മുന്നറിയിപ്പുകളൊന്നും അധികൃതര്‍ നല്‍കിയിട്ടില്ല. ഇവിടേക്ക് ഇപ്പോഴും സഞ്ചാരികള്‍ വന്നുകൊണ്ടിരിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Latest