Connect with us

International

ഇറാന്‍ ഭീഷണി; ബസ്വറയിലെ യു എസ് കോണ്‍സുലേറ്റ് അടച്ചുപൂട്ടുന്നു

Published

|

Last Updated

ബഗ്ദാദ്: ഇറാഖ് നഗരമായ ബസ്വറയിലെ തങ്ങളുടെ കോണ്‍സുലേറ്റ് അടച്ചുപൂട്ടുന്നതായി അമേരിക്ക പ്രഖ്യാപിച്ചു. ഇറാനില്‍ നിന്നും ഇറാന്‍ പിന്തുണയുള്ള പോരാളികളില്‍ നിന്നും നിരന്തരം ആക്രമണം തുടരുന്നത് മൂലമാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതെന്നും അവിടെയുള്ള ഉദ്യോഗസ്ഥരെ മാറ്റിപ്പാര്‍പ്പിച്ചു കൊണ്ടിരിക്കുകയാണെന്നും അമേരിക്ക പ്രഖ്യാപിച്ചു. തീരുമാനം ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ബന്ധം കൂടുതല്‍ വഷളാക്കുമെന്ന് ഭയപ്പെടുന്നു. അടുത്തിടെ ഇറാനെതിരെ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധവും മറ്റും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ അസംതൃപ്തി വിളിച്ചുവരുത്തിയിരുന്നു.

യു എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോയാണ് എംബസി അടച്ചുപൂട്ടുന്ന കാര്യം അറിയിച്ചത്. യു എസ് എംബസിക്ക് നേരെയോ രാജ്യത്തിന്റെ പൗരന്മാര്‍ക്കെതിരെയോ എന്തെങ്കിലും തരത്തിലുള്ള ആക്രമണങ്ങള്‍ അരങ്ങേറിയാല്‍ അതിന്നുന്നത്തരവാദി ഇറാനായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബസ്വറയിലെ യു എസ് കോണ്‍സുലേറ്റിനെ ലക്ഷ്യമാക്കി അടുത്തിടെ നിരവധി ആക്രമണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ കോണ്‍സുലേറ്റിന് ആക്രമണങ്ങളില്‍ കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ ഉചിതമായ രീതിയില്‍ പ്രതികരിക്കാന്‍ അമേരിക്കക്ക് അറിയാമെന്നും പോംപിയോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. താത്കാലികമായാണോ സ്ഥിരമായാണോ കോണ്‍സുലേറ്റ് അടച്ചുപൂട്ടുന്നതെന്ന കാര്യം വ്യക്തമല്ല.

കഴിഞ്ഞ ദിവസം യു എന്‍ ജനറല്‍ അസംബ്ലിയില്‍ വെച്ച് ഇറാനും അമേരിക്കയും കൊമ്പു കോര്‍ത്തിരുന്നു. ഭീകരതയെ നയിക്കുന്ന രാഷ്ട്രമെന്ന് ഇറാനെ അമേരിക്ക വിശേഷിപ്പിച്ചപ്പോള്‍, ഇറാന്‍ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ഗുഢപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് അമേരിക്കയെന്ന് ഹസ്സന്‍ റൂഹാനിയും തിരിച്ചടിച്ചു. അമേരിക്കയെയോ അതിന്റെ സഖ്യ രാജ്യങ്ങളെയോ ഉപദ്രവിക്കാന്‍ ഇറാന്‍ മുന്നോട്ടുവന്നാല്‍ തിരിച്ചടി ഭീകരമായിരിക്കുമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. യു എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടനാണ് ഇറാനെതിരെ രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തിയിരുന്നത്.

Latest