സൗജന്യം നിര്‍ത്തുന്നു; ജിയോ ആപ്പുകള്‍ ഉപയോഗിക്കാന്‍ ഇനി പണം നല്‍കേണ്ടി വരും

Posted on: September 29, 2018 8:12 pm | Last updated: September 29, 2018 at 8:12 pm

മുംബൈ: ഓഫര്‍ പെരുമഴയിലൂടെ രാജ്യത്തെ ടെലികോം മേഖലയില്‍ പുതുചരിതമെഴുതിയ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ കരുത്താര്‍ജിച്ചതോടെ ഓഫറുകള്‍ വെട്ടിക്കുറയക്കുന്നു. സൗജന്യമായി നല്‍കിയിരുന്ന ജിയോ ആപ്പുകള്‍ക്ക് ഇനിമുതല്‍ പണമീടാക്കാന്‍ ജിയോ ആലോചിക്കുന്നതായി ടെക് വെബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജിയോ ടിവി, ജിയോ മ്യൂസിക്, ജിയോ സിനിമ, ജിയോ മാഗ്‌സ് തുടങ്ങിയ ആപ്പുകള്‍ ലഭിക്കണമെങ്കില്‍ വൈകാതെ പണം നല്‍കേണ്ടിവരുമെന്ന് ചുരുക്കം.

ഫ്രീമിയം രീതിയില്‍ ആപ്പുകള്‍ നല്‍കുവാനാണ് ജിയോ ലക്ഷ്യമിടുന്നത്. ആപ്പുകളുടെ ബേസിക് വെര്‍ഷന്‍ സൗജന്യമായി നല്‍കുകയും പ്രീമിയം ഫീച്ചറുകള്‍ ലഭിക്കുന്നതിന് പണം ഇടാക്കുകയും ചെയ്യുന്നതാണ് ഫ്രീമിയം രീതി. ഇതായിരിക്കും ജിയോ കൊണ്ടുവരിക എന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, ഇതിനെ ഉപഭോക്താക്കള്‍ എങ്ങനെ സ്വീകരിക്കുമെന്ന കാര്യത്തില്‍ ജിയോ അധികൃതര്‍ക്ക് ആശങ്കയുണ്ട്. രണ്ട് വര്‍ഷത്തിലധികമായി സൗജന്യമായി ഉപയോഗിക്കുന്ന സേവനത്തിന് പെട്ടെന്ന് പണം ഇടാക്കുന്നത് ഉപഭോക്താക്കളെ ആപ്പ് ഉപയോഗത്തില്‍ നിന്ന് പിറകോട്ടടിക്കുമോ എന്നാണ് ആശങ്ക.