Connect with us

Gulf

ജിദ്ദാ- കരിപ്പൂര്‍ സര്‍വ്വീസ്: വ്യോമയാന മന്ത്രാലയം കനിഞ്ഞാല്‍ ഉടന്‍ തുടങ്ങാം

Published

|

Last Updated

ജിദ്ദ/കോഴിക്കോട്: സഊദി എയര്‍ലൈന്‍സിന്റെ അപേക്ഷയിന്‍മേല്‍ കോഡ് ഇ വിമാനങ്ങള്‍ക്കുള്ള അനുമതി  ഡിജിസിഎ നല്‍കിക്കഴിഞ്ഞ സഹചര്യത്തില്‍ കരിപ്പൂര്‍ സര്‍വീസ് തുടങ്ങാനുള്ള തുടര്‍ നടപടികള്‍ ത്വരിതഗതിയില്‍ നടക്കുന്നതായി സൗദിയയുടെ ജിദ്ദാ ഹെഡ്ക്വാട്ടേഴ്‌സ് ജി.എം അറിയിച്ചു. ഡല്‍ഹിയില്‍ വ്യോമയാന മന്ത്രാലയത്തില്‍ നിന്ന് കോഴിക്കോട്  ഡെസ്റ്റിനേഷനായി അംഗീകരിച്ചു കൊണ്ടുള്ള അനുമതിക്കു വേണ്ടിയാണീ കാത്തിരിപ്പ്. അതാകട്ടെ ചെറിയ ഇടപെടലുകള്‍
നടത്തിയാല്‍ പെട്ടന്ന് ശരിയാകുന്ന ഒന്നാണു താനും. സൗദിയയുടെ ഇന്ത്യയിലെ എട്ടാമത്തെ ഡെസ്റ്റിനേഷനായിരുന്നു കോഴിക്കോട്. എന്നാല്‍ 2015 ല്‍ റണ്‍വേ റീകാര്‍പ്പറ്റിംഗിനായി വലിയ വിമാനങ്ങള്‍ നിര്‍ത്തലാക്കിയപ്പോള്‍ കോഴിക്കോടിനു പകരം തിരുവനന്തപുരമാക്കുകയായിരുന്നു എട്ടാമത്ഡെ സ്റ്റിനേഷന്‍. ഇനി കോഴിക്കോട് ഒമ്പതാമത്തെ ഡെസ്റ്റിനേഷനായി അനുവദിച്ചു കിട്ടിയാല്‍ കരിപ്പൂരിലേക്കു സര്‍വ്വീസ് നടത്താന്‍ സൗദിയക്കു മറ്റു തടസ്സങ്ങളൊന്നുമില്ല. അതിനു നയതന്ത്രതല നീക്കങ്ങള്‍ക്കു ഇന്ത്യയിലെ സൗദി അംബാസഡര്‍ തുടക്കം കുറിച്ചിട്ടുണ്ട്.

കോഴിക്കോട് ഡസ്റ്റിനേഷന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട്ജൂ ലൈ 22 ന് അംബാസഡര്‍ വിദേശകാര്യ മന്ത്രാലയത്തിന് കത്തു നല്‍കിയിരുന്നു. അതിന് മറുപടിയൊന്നും ലഭിക്കാത്തതിനാല്‍ ആഗസ്റ്റില്‍ വീണ്ടും കത്തു നല്‍കി. വിദേശകാര്യ മന്ത്രാലയം അത് വ്യോമയാന വകുപ്പിന് കൈമാറിയിട്ടുണ്ട്. അതിന്‍മേലുള്ള നടപടിക്കാണ് ഇപ്പോള്‍ കാത്തിരിക്കുന്നത്. കേരളത്തിലെ എംപിമാരോ, അല്ലെങ്കില്‍ മുഖ്യമന്ത്രിയോ ഡല്‍ഹിയില്‍ ചെന്ന് ഇടപെട്ടാല്‍ തീരാവുന്ന പ്രശ്‌നമേ ഉള്ളൂ ഇതെന്ന് കലിക്കറ്റ് എയര്‍പോര്‍ട്ട് അഡൈ്വസറി ബോഡ് മെംബര്‍ ടിപിഎം ഹാഷിറലി അഭിപ്രായപ്പെട്ടു. കണ്ണൂരിനു കൊടുക്കുന്ന പരിഗണന മുഖ്യമന്ത്രി കോഴിക്കോടിനും നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ ശക്തമായ ഇടപെടല്‍ ആവശ്യമായ സമയമാണിതെന്ന് മലബാര്‍ ഡെവലപ്‌മെന്റ് ഫോറം ഭാരവാഹികളായ ഹസന്‍ തിക്കോടി, കെഎം.ബശീര്‍ എന്നിവരും അഭിപ്രായപ്പെട്ടു.

കോഴിക്കോടിനെ ഒമ്പതാമത് ഡെസ്റ്റിനേഷനായി അംഗീകരിച്ചുള്ള ഉത്തരവ് വന്നാല്‍ പിന്നെ കരിപ്പൂര്‍ സര്‍വീസ് തുടങ്ങുന്നതിന് സൗദിയക്കു മുന്നില്‍ അധികം കടമ്പകളില്ല. കൊച്ചിയിലേക്കുള്ള പതിനാല് സര്‍വ്വീസുകളില്‍ പകുതി തത്ക്കാലം കോഴിക്കോട്ടേക്കു മാറ്റാം. അല്ലെങ്കില്‍ തിരുവനന്തപുരത്തേക്കുള്ള വിമാനങ്ങളില്‍ ചിലത് കോഴിക്കോട്ടേക്കു മാറ്റുകയുമാവാം. മാര്‍ച്ചു മാസത്തിനു ശേഷം തിരുവനന്തപുരത്തെ മുഴുവന്‍ സര്‍വ്വീസുകളും കരിപ്പൂരേക്കു മാറ്റാനാണു സൗദിയയുടെ പരിപാടി. മാര്‍ച്ചിനു ശേഷം അവിടേക്കുള്ള ബുക്കിംഗ് മുഴുവന്‍ നിര്‍ത്തി വെച്ചത്അ തിന്റെ ഭാഗമായാണ്. ഇന്ത്യയും സൗദിയും തമ്മില്‍ നിലവിലുള്ള ഉഭയകക്ഷി കരാര്‍ പ്രകാരം ആഴ്ചയില്‍ 20,000 സീറ്റുകളാണ് സൗദിയക്ക് സര്‍വീസ് നടത്താവുന്ന എണ്ണം. അതിനി വര്‍ധിപ്പിക്കണമെങ്കില്‍ ഡിസംബറില്‍ കരാര്‍ പുതുക്കുമ്പഴേ സാധ്യമാകൂ. അതേ സമയം, എയര്‍ ഇന്ത്യയും കരിപ്പൂരില്‍ നിന്ന് സൗദിയിലേക്ക് വലിയ വിമാന സര്‍വ്വീസ് തുടങ്ങാനുള്ള തകൃതിയായ ഒരുക്കത്തിലാണ്. എയര്‍ ഇന്ത്യക്കാകട്ടെ സൗദിയിലേക്ക് അനുവദിക്കപ്പെട്ട സീറ്റുകളില്‍ 5500 എണ്ണം ഉപയോഗിക്കാതെ കിടക്കുന്നുണ്ട്. ഡല്‍ഹിയിലെ അനുമതികള്‍ ശരിയാകുന്ന മുറയ്ക്ക് ജിദ്ദാ, റിയാദ് സര്‍വ്വീസുകള്‍ തുടങ്ങാന്‍ അവര്‍ക്ക് മറ്റു യാതൊരു തടസ്സവും നിലവിലില്ല. രാഷ്ട്രീയ ഇടപെടലുകളും സമ്മര്‍ദ്ദവും എയര്‍ ഇന്ത്യയുടെ കാര്യത്തിലും അനിവാര്യമാണ്. എങ്കില്‍ സൗദിയക്കു മുമ്പേ തന്നെ അവര്‍ക്ക് സര്‍വ്വീസ് തുടങ്ങാനുമായേക്കും.

Latest