Connect with us

National

പെഹ്‌ലു ഖാന്‍ കൊലക്കേസ് ദൃക്‌സാക്ഷികളെ വെടിവെച്ച് കൊല്ലാന്‍ ശ്രമം

Published

|

Last Updated

ജയ്പുര്‍: രാജസ്ഥാനിലെ ക്ഷീര കര്‍ഷകനായ പെഹ്‌ലുഖാനെ ഗോരക്ഷാ ഗുണ്ടകള്‍ തല്ലിക്കൊന്ന കേസില്‍ മൊഴി നല്‍കാന്‍ പോകുകയായിരുന്ന ദൃക്‌സാക്ഷികള്‍ക്ക് നേരെ വെടിവെപ്പ്. പെഹ്‌ലു ഖാന്റെ മകനുള്‍പ്പെടെയുള്ളവര്‍ക്കു നേര്‍ക്കാണ് വെടിവെപ്പുണ്ടായത്. ഇന്ന് കാലത്ത് അല്‍വാറില്‍ ദേശീയപാത എട്ടിലാണ് സംഭവം.

കേസിലെ ദൃക്‌സാക്ഷികളായ അസ്മത്, റഫീഖ്, പെഹ്‌ലു ഖാന്റെ മക്കളായ ഇര്‍ഷാദ്, ആരിഫ് എന്നിവരും െ്രെഡവര്‍ അംജദും കാറില്‍ അഭിഭാഷകനൊപ്പം ബെഹ്‌റോറിലേക്ക് പോകുകയായിരുന്നു. ആല്‍വാറിലെ നിമരാനയില്‍ എത്തിയപ്പോള്‍ സ്‌കോര്‍പിയോയില്‍ എത്തിയ അക്രമികള്‍ തങ്ങളുടെ കാറിനെ പിന്തുടര്‍ന്ന് വെടിവെക്കുകയായിരുന്നെന്ന് അഭിഭാഷകന്‍ ആസാദ് ഹയാത് പറഞ്ഞു. മറ്റൊരു വഴിയിലൂടെ രക്ഷപെട്ട് അല്‍വാറിലെത്തി ജില്ലാ പോലീസ് മേധാവിയെക്കണ്ട് പരാതി പറഞ്ഞെന്നും പെഹ്‌ലുവിന്റെ മകന്‍ ഇര്‍ഷാദ് പറഞ്ഞു. എന്നാല്‍ ഹയാതും സംഘവും തനിക്കു പരാതി നല്‍കിയിട്ടില്ലെന്നും പരാതി ഉണ്ടായാല്‍ നടപടി സ്വീകരിക്കുമെന്നും എസ്പി പറഞ്ഞു.
ബെഹ്‌റോര്‍ പോലീസില്‍ തങ്ങള്‍ക്കു വിശ്വാസം നഷ്ടപ്പെട്ടു. കേസ് ആല്‍വാറിലേക്കു മാറ്റണമെന്നു അഭിഭാഷകന്‍ ഹയാത് ആവശ്യപ്പെട്ടു. കേസില്‍ പ്രതികള്‍ക്ക് ബെഹ്‌റോര്‍ പോലീസ് ക്ലീന്‍ചിറ്റ് നല്‍കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ബെഹ്‌റോര്‍ പോലീസിനെ തങ്ങള്‍ എങ്ങനെ വിശ്വസിക്കുമെന്നും ഹയാത് ചോദിക്കുന്നു.

പെഹ്‌ലുഖാനെ ഗോരക്ഷാക്കാര്‍ നടുറോഡില്‍ വെച്ച് തല്ലിക്കൊന്ന സംഭവത്തില്‍ പ്രധാനപ്രതികളായ ആറു പേര്‍ക്കെതിരായ അന്വേഷണം രാജസ്ഥാന്‍ പോലീസ് അവസാനിപ്പിച്ചിരുന്നു. ഇവര്‍ പ്രതികളല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പോലീസിന്റെ നടപടി. ഇവരില്‍ മൂന്ന് പേര്‍ സംഘപരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തകരായിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ പെഹ്‌ലുഖാന്‍ നല്‍കിയ മൊഴിപ്രകാരമാണ് ഈ ആറ് പേര്‍ക്കും മറ്റ് 200ഓളം പേര്‍ക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്.

രാജസ്ഥാനിലെ ആല്‍വാറില്‍ ഏപ്രിലില്‍ ആണ് ഹരിയാന സ്വദേശിയായ പെഹ്‌ലുഖാന്‍ കൊല്ലപ്പെട്ടത്. ജെയ്പൂരിലെ മാര്‍ക്കറ്റില്‍ നിന്നും ഹരിയാനയിലേക്ക് പശുക്കളെ കൊണ്ടുവരുന്നതിനിടെയാണ് മര്‍ദനമേറ്റത്. പശുക്കളെ കൊണ്ടുപോകുന്നതിനാവശ്യമായ രേഖകള്‍ പെഹ്ലുഖാന്റെ കൈവശമുണ്ടായിരുന്നു. മകന്‍ ഇര്‍ഷാദിനും ആക്രമണത്തില്‍ പരുക്കേറ്റിരുന്നു.

Latest