Connect with us

Ongoing News

ബ്ലാസ്‌റ്റേഴ്‌സ് കസറി; കൊല്‍ക്കത്തക്കെതിരെ ആവേശ ജയം (2-0)

Published

|

Last Updated

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഉദ്ഘാടന മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് മിന്നുന്ന ജയം. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കൊല്‍ക്കത്തയെ ബ്ലാസ്‌റ്റേഴ്‌സ് മുട്ടുകുത്തിച്ചു. 77ാം മിനുട്ടില്‍ സ്ലൊവേനിയന്‍ താരം മാറ്റെ പോപ്ലാനികും 86ാം മിനുട്ടില്‍ സ്‌റ്റോജനോവിചുമാണ് ഗോളുകള്‍ നേടിയത്. ഐഎസ്എല്‍ ചരിത്രത്തില്‍ ആദ്യമായാണ് ബ്ലാസ്‌റ്റേഴ്‌സ് കൊല്‍ക്കത്തയെ അവരുടെ മണ്ണില്‍ കീഴടക്കുന്നത്.  ജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് വിലപ്പെട്ട മൂന്ന് പോയിന്റുകള്‍ സ്വന്തമാക്കി.

76ാം മിനുട്ടില്‍ ഹെഡ്ഡറിലൂടെയാണ് മാറ്റെ പോപ്ലാനിക് ബ്ലാസ്‌റ്റേഴ്‌സിന് ലീഡ് സമ്മാനിച്ചത്. മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ സ്‌റ്റോജനോവിച് തൊടുത്ത ഷോട്ട് കൊല്‍ക്കത്തന്‍ താരം ജേഴ്‌സന്റെ കാലില്‍ തട്ടി തെറിച്ചു. ഓടിയെത്തിയ പ്ലോപ്ലാനിക് മികച്ചൊരു ഹെഡ്ഡറിലൂടെ പന്ത് വലയിലെത്തിച്ചു. സ്‌കോര്‍: 1-0.

പത്ത് മിനുട്ടിനുള്ളില്‍ രണ്ടാം ഗോളും നേടി ബ്ലാസ്‌റ്റേഴ്‌സ് ആധിപത്യം ഉറപ്പിച്ചു. ഹോളിചരന്‍ നര്‍സാരിയില്‍ നിന്ന് പന്തുമായി മുന്നോട്ട് കുതിച്ച സ്‌റ്റോജനോവിച് തകര്‍പ്പന്‍ ഷോട്ടിലൂടെ ലക്ഷ്യം കണ്ടപ്പോള്‍ ഗോള്‍ കീപ്പര്‍ കാഴ്ചക്കാരനായി. സ്‌കോര്‍: 2-0.

ആദ്യ പകുതി ഗോള്‍രഹിതം.

ഇരു ടീമുകള്‍ക്കും മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളുകളൊന്നും പിറന്നില്ല. പന്തടക്കത്തിലും ആക്രമണത്തിലും ബ്ലാസ്റ്റേഴ്‌സ് മികച്ചു നിന്നു. മലയാളി താരം സഹല്‍ അബ്ദുല്‍ സമദിന് മികച്ചൊരു അവസരം ലഭിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല.

മലയാളി താരം സഹല്‍ അബ്ദുല്‍ സമദിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തി.. ധീരജ് സിംഗ് ആണ് ഗോള്‍ കീപ്പര്‍. സി കെ വിനീത്, കറേജ് പെക്കുസണ്‍ എന്നിവര്‍ പകരക്കാരുടെ നിരയിലാണ്. മാറ്റെ പോപ്ലാനിക്, സ്ലാവിസ്ല സ്റ്റൊജനോവിച് എന്നിവരാണ് സ്‌ട്രൈക്കര്‍മാര്‍.

കേരളാ ബ്ലാസ്റ്റേഴ്‌സ് ടീം: സെമിലെല്‍ ദംഗെല്‍, ഹാലിചരണ്‍ നര്‍സാരി,നികോല മാര്‍വിച്, സഹല്‍ അബ്ദുല്‍ സമദ്, ലാല്‍റുത്താറ, സന്ദേശ് ജിങ്കന്‍, മുഹമ്മദ് റാകിപ്, നമാന്‍ജ ലാകിച് പെസിച്,
മാറ്റെ പോപ്ലാനിക്, സ്ലാവിസ്ല സ്റ്റൊജനോവിച്, ധീരജ് സിംഗ് (ഗോള്‍ കീപ്പര്‍).

ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ എഡിഷനാകും ഇത്

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഇന്ന് കിക്കോഫ്. മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്തയും രണ്ട് തവണ റണ്ണേഴ്‌സപ്പായ കേരള ബ്ലാസ്റ്റേഴ്‌സും തമ്മിലാണ് ഉദ്ഘാടനപ്പോര്. ഐ എസ് എല്‍ അഞ്ചാം സീസണില്‍ പത്ത് ടീമുകളാണ് മാറ്റുരക്കുന്നത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ എഡിഷനാകും ഇത്. ആറ് മാസം നീണ്ടു നില്‍ക്കും ടൂര്‍ണമെന്റ്. രണ്ട് ഫിഫ ഷെഡ്യൂളുകള്‍ (ഒക്ടോബര്‍, നവംബര്‍), 2019 എ എഫ് സി ഏഷ്യാ കപ്പിനുള്ള തയ്യാറെടുപ്പ് ക്യാമ്പ് എന്നിങ്ങനെ മൂന്ന് ബ്രേക്കുകള്‍ ഐ എസ് എല്ലിന്റെ ദൈര്‍ഘ്യം കൂട്ടും.
കഴിഞ്ഞ സീസണില്‍ ഫോം കണ്ടെത്താന്‍ വിഷമിച്ചടീമുകളാണ് കൊല്‍ക്കത്തയും ബ്ലാസ്‌റ്റേഴ്‌സും. മൂന്ന് പരിശീലകരെ മാറ്റിപ്പരീക്ഷിച്ച കൊല്‍ക്കത്തയായിരുന്നു കൂട്ടത്തില്‍ മഹാമോശം. ഒമ്പതാം സ്ഥാനത്താണ് കൊല്‍ക്കത്ത ഫിനിഷ് ചെയ്തത്.
കേരള ബ്ലാസ്റ്റേഴ്‌സിന്റെ തുടക്കം മോശമായിരുന്നു. ഇതേ തുടര്‍ന്ന് കോച്ച് റെനെ മ്യൂളന്‍സ്റ്റനെ പുറത്താക്കി ഇംഗ്ലണ്ട് ഗോള്‍കീപ്പര്‍ ഡേവിഡ് ജെയിംസിനെ തിരികെ കൊണ്ടു വന്നു. ആദ്യ സീസണില്‍ ജെയിംസായിരുന്നു കേരള ടീമിനെ പരിശീലിപ്പിച്ചത്. ടീം റണ്ണേഴ്‌സപ്പാവുകയും ചെയ്തു. കഴിഞ്ഞ തവണ പാതിവഴിക്ക് ചുമതലയേറ്റ ജെയിംസ് ടീമിനെ ആറാം സ്ഥാനത്തെത്തിച്ചു. ഐ എസ് എല്ലില്‍ പത്ത് തവണ ബ്ലാസ്റ്റേഴ്‌സ്-എടികെ പോരാട്ടമുണ്ടായപ്പോള്‍ അഞ്ച് ജയവുമായി കൊല്‍ക്കത്ത ടീം മുന്നിട്ട് നില്‍ക്കുന്നു. ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ട് തോല്‍വികള്‍ ഫൈനലിലായിരുന്നു. 2014 ,2016 വര്‍ഷങ്ങളില്‍.
കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ കോച്ച് സ്റ്റീവ് കോപ്പലാണ് കൊല്‍ക്കത്തയുടെ കോച്ച്. മുന്‍ ക്ലബ്ബിനെതിരെ തന്ത്രം മെനയുന്ന കോപ്പലാശാനെ മഞ്ഞപ്പട ജാഗ്രതയോടെയാണ് നോക്കിക്കാണുന്നത്. 2016 ല്‍ ബ്ലാസ്‌റ്റേഴ്‌സിനെ റണ്ണേഴ്‌സപ്പാക്കിയ കോപ്പല്‍ ജംഷഡ്പുര്‍ എഫ് സിയെ കഴിഞ്ഞ സീസണില്‍ മികച്ച രീതിയില്‍ നയിച്ചു.
സ്‌പെയ്‌നില്‍ മികച്ച പ്രീസീസണ്‍ ആസ്വദിക്കാന്‍ സാധിച്ചതിന്റെ ആവേശത്തിലാണ് കോപ്പല്‍. ടൂര്‍ണമെന്റ് ഒന്ന് വേഗം തുടങ്ങിക്കിട്ടിയാല്‍ മതിയെന്ന ആവേശമാണ് കോപ്പല്‍ പ്രകടിപ്പിക്കുന്നത്.

എസ് എല്ലിലെ ഏറ്റവും മികച്ച വിദേശ താരങ്ങളെ തന്നെയാണ് എടികെ സ്വന്തമാക്കിയിരിക്കുന്നത്. ബെംഗളുരു എഫ് സിയുടെ ഡിഫന്‍ഡര്‍ ജോണ്‍ ജോണ്‍സന്‍ ഉള്‍പ്പടെ ആറ് വിദേശതാരങ്ങള്‍ക്കും ഐ എസ് എല്‍ മുന്‍ പരിചയമുണ്ട്.
ക്യാപ്റ്റന്‍ മാനുവല്‍ ലാന്‍സറോട്ടെ കഴിഞ്ഞ സീസണില്‍ എഫ് സി ഗോവയുടെ സൂപ്പര്‍ പ്ലേമേക്കറായിരുന്നു. 1500 മിനുട്ടിലേറെ കളിക്കളത്തില്‍ ചെലവഴിച്ച മാനുവല്‍ പതിമൂന്ന് ഗോളുകള്‍ നേടി. ആറ് ഗോളുകള്‍ക്ക് അവസരമൊരുക്കി. അറ്റാക്കിംഗ് ലൈനപ്പില്‍ നൈജീരിയയുടെ കാലു ഉചെയുണ്ട്. കഴിഞ്ഞ സീസണിലെ മൂന്നാമത്തെടോപ് സ്‌കോറര്‍. ബ്രസീലിയന്‍ എവര്‍ട്ടന്‍ സാന്റോസാണ് മറ്റൊരു ശ്രദ്ധേയ താരം.
മുപ്പത് വയസുള്ള ഇംഗ്ലീഷ് സെന്റര്‍ബാക്ക് ജോണ്‍ ജോണ്‍സന്റെ പരിചയ സമ്പത്ത് എടികെക്ക് മുതല്‍ക്കൂട്ടാകും. ബെംഗളുരു എഫ് സിയില്‍ അഞ്ച് സീസണ്‍ ചെലവഴിച്ചിട്ടാണ് 2017 ല്‍ കൊല്‍ക്കത്തന്‍ ക്ലബ്ബിലെത്തിയത്.
നാലാം സീസണ്‍ കളിച്ച ഇന്ത്യന്‍ താരങ്ങളില്‍ ആറ് പേരെ മാത്രമാണ് എടികെ നിലനിര്‍ത്തിയത്. ദേബ്ജിത് മജൂംദര്‍, പ്രബിര്‍ദാസ്, യുഗെന്‍സന്‍ ലിംഗ്‌ദോ, ജയേഷ് റാണ, കോമള്‍ തട്ടാല്‍, ഹിതേഷ് ശര്‍മ എന്നിവര്‍.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഓഹരികള്‍ വിറ്റ് ക്ലബ്ബ് വിട്ടു പോയതിന്റെ നിരാശയിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സ്.
പുതിയ ബ്രാന്‍ഡ് അംബാസഡറായി മോഹന്‍ ലാല്‍ എത്തിയത് എത്രമാത്രം പോസിറ്റീവ് എനര്‍ജി പകര്‍ന്ന് നല്‍കുമെന്നത് ഇന്നറിയാം. മലയാളക്കരയില്‍ മോഹന്‍ലാല്‍ ഉണ്ടാക്കുന്ന ആവേശം എവേ മാച്ചുകളില്‍ ലഭിക്കില്ല. അവിടെ സച്ചിന്‍ തന്നെ വേണം.
കേരളത്തിന്റെ ഡിഫന്‍സില്‍ സിറിള്‍ കാലി, നെമാന്‍ജ ലാകിച് പെസിച് എന്നീ വിദേശികളുണ്ട്. സന്ദേശ് ജിംഗനും അനസ് എടത്തൊടിക്കയും ചേരുന്ന പ്രതിരോധ നിര ശക്തരില്‍ ശക്തരാണ്.
സക്കീര്‍ മുണ്ടമ്പ്ര, ഹാലിചരണ്‍ നര്‍സാരി, സെമിലെന്‍ ദൗഗെല്‍ എന്നിവരും ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാനികളാണ്.

Latest