Connect with us

Gulf

മൃതദേഹത്തോടുള്ള അവഗണന: പ്രതിഷേധം വ്യാപകം

Published

|

Last Updated

അബുദാബി: ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള വിമാനക്കൂലി ഇരട്ടിയാക്കിയ എയര്‍ ഇന്ത്യ എക്സ്പ്രസ് തീരുമാനത്തിനെതിരെ അബുദാബി ശക്തി തിയറ്റേഴ്സ് പ്രതിഷേധിച്ചു.
വിദേശ രാജ്യത്ത് മരണമടയുന്നവരുടെ മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കുന്നതിനുവേണ്ടി പ്രവാസികള്‍ മുറവിളി കൂട്ടുന്നതിനിടയിലാണ് കഴുത്തറുപ്പന്‍ തീരുമാനവുമായി എയര്‍ ഇന്ത്യ മുന്നോട്ടുവന്നിരിക്കുന്നത്. പാക്കിസ്ഥാന്‍ ഇന്റര്‍ നാഷണല്‍ എയര്‍ലൈന്‍ ഉള്‍പെടെ പല അന്താരാഷ്ട്ര വിമാനക്കമ്പനികളും തങ്ങളുടെ പൗരന്‍മാരുടെ മൃതദേഹങ്ങള്‍ ഒരു യാത്രക്കാരനോടൊപ്പം സൗജന്യമായി നാട്ടിലെത്തിക്കുന്നതിനിടയിലാണ് ഇന്ത്യയുടെ ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ ഈ പകല്‍ കൊള്ള നടത്തുന്നത്.പ്രവാസികളോട് മാത്രമല്ല അവരുടെ മൃതദേഹത്തോട് പോലും എയര്‍ ഇന്ത്യ കാണിക്കുന്ന ഇത്തരത്തിലുള്ള കടുത്ത അവഗണനക്കെതിരെ പ്രവാസി സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും, കേന്ദ്ര സര്‍ക്കാര്‍ വിശിഷ്യാ വ്യോമയാന മന്ത്രി ഇക്കാര്യത്തില്‍ ഇടപെടണമെന്നും അബുദാബി ശക്തി തിയറ്റേഴ്സ് പ്രസിഡന്റ് കൃഷ്ണകുമാര്‍, ജനറല്‍ സെക്രട്ടറി സുരേഷ് പാടൂര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

ഇന്ദിരാഗാന്ധി വീക്ഷണം ഫോറം
അബുദാബി: പ്രവാസികളുടെ മൃതദേഹം കൊണ്ടുപോകുന്നതിനുള്ള ചാര്‍ജ് ഇരട്ടിയാക്കിയ എയര്‍ ഇന്ത്യയുടെ നടപടി അപലപനീയമാണെന്ന് ഇന്ദിരാഗാന്ധി വീക്ഷണം ഫോറം അബുദാബി അഭിപ്രായപ്പെട്ടു. ദേശീയ വിമാനക്കമ്പനിയുടെ ഈ പകല്‍കൊള്ള ഒരിക്കലും നീതീകരിക്കാന്‍ കഴിയില്ല.
ജീവിതപ്രാരാബ്ധങ്ങള്‍ ചുമലിലേറ്റി ഉപജീവനമാര്‍ഗം തേടി ഗള്‍ഫിലെത്തിയ പാവപ്പെട്ട പ്രവാസികള്‍ ഇവിടെ മരണപ്പെട്ടാല്‍ അവരെ സൗജന്യമായി നാട്ടിലെത്തിക്കേണ്ട ചുമതലയുള്ള ഇന്ത്യാ ഗവണ്‍മെന്റ്, സമസ്ത മേഖലകളിലും സാധാരണക്കാരെ ചുഷണം ചെയ്യുന്നതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് ഈ നിരക്ക് വര്‍ധനവ്. വര്‍ധനവ് ഉടനടി പിന്‍വലിക്കാന്‍ കേരള സംസ്ഥാന, കേന്ദ്രസര്‍ക്കാരുകള്‍ അടിയന്തിരമായി ഇടപെടണമെന്ന് വീക്ഷണം ഫോറം അബുദാബി പ്രസിഡന്റ് എന്‍ പി മുഹമ്മദാലി, ജനറല്‍ സെക്രട്ടറി എം യു ഇര്‍ഷാദ് എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കേരളാ പ്രവാസി ഫോറം
ഷാര്‍ജ: മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്ന ചാര്‍ജ് എയര്‍ ഇന്ത്യ ഇരട്ടിയാക്കിയതില്‍ കേരളാ പ്രവാസി ഫോറം ഷാര്‍ജ അപലപിച്ചു. പ്രവാസി സമൂഹം രാജ്യത്തിന് ചെയ്യുന്ന സേവനങ്ങള്‍ മുന്‍നിര്‍ത്തി ഇന്ത്യാ ഗവണ്‍മെന്റിന് ബാധ്യതയുണ്ട്. അതുകൂടി മനസ്സിലാക്കി പിന്‍വാതിലിലൂടെ കൊണ്ട് വന്ന വര്‍ധന പിന്‍വലിക്കുകയും പ്രവാസി മൃതദേഹങ്ങള്‍ അവരോടുള്ള ആദരസൂചകമായി സൗജന്യമായി നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കേരള പ്രവാസി ഫോറം സര്‍ക്കാറിനോടാവശ്യപ്പെട്ടു. നാട്ടിലും മറുനാട്ടിലുമുള്ള സമാനമനസ്‌കരെ ഉള്‍പെടുത്തി പ്രത്യക്ഷ സമരപരിപാടികള്‍ ആലോചിച്ചു തീരുമാനിക്കുമെന്നും അറിയിച്ചു. പ്രസിഡന്റ് അബൂബക്കര്‍ പോത്തന്നൂര്‍ അധ്യക്ഷത വഹിച്ചു. നിയാസ് തിരൂര്‍ക്കാട് സ്വാഗതം പറഞ്ഞു. നസീര്‍ ചുങ്കത്ത്, സഫറുള്ള ഖാന്‍, സഹദുല്ലാഹ് തിരൂര്‍, ഡോ. സാജിദ് കടക്കല്‍ എന്നിവര്‍ സംസാരിച്ചു. ഹാഷിം പാറക്കല്‍ നന്ദി പറഞ്ഞു.

ഇന്ത്യന്‍ റിലീഫ് കമ്മിറ്റി
റാസ് അല്‍ ഖൈമ: ഭാരം തൂക്കി മൃതദേഹത്തിന്റെ നിരക്ക് നിശ്ചയിക്കുന്ന പ്രവര്‍ത്തി മൃതദേഹത്തോടുള്ള അനാദരവാണെന്നും നിലവിലുള്ള ചാര്‍ജ് വര്‍ധനവിനെതിരെ പ്രധിഷേധിക്കുകയും ചാര്‍ജ് പൂര്‍ണമായി ഒഴിവാക്കി സൗജന്യമായി മൃതദേഹം നാട്ടിലെത്തിക്കേണ്ടതാണെന്നും ഇന്ത്യന്‍ റിലീഫ് കമ്മിറ്റി പ്രസിഡന്റ് ഡോ. നിഷാമും ജനറല്‍ സെക്രട്ടറി അഡ്വ. നജുമുദ്ദീനും ആവശ്യപ്പെട്ടു.
ഇതിനെതിരെ ഇന്ത്യന്‍ പ്രവാസ ജനതയുടെ ശക്തമായ പ്രതിഷേധം വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെയും ഇപ്പോള്‍ യു എ ഇ സന്ദര്‍ശിച്ചു കൊണ്ടിരിക്കുന്ന വിദേശകാര്യ സഹ മന്ത്രി ജനറല്‍ വി കെ സിങ്ങിനെയും അറിയിക്കാനും പരിഹാരം കാണുന്നില്ലെങ്കില്‍ നിയമ നടപടികള്‍ക്ക് പോകുമെന്നും ഭാരവാഹികള്‍ പറഞ്ഞു.