Connect with us

Gulf

നരേന്ദ്ര മോദിജി, അങ്ങേക്കിത് നാണക്കേടാണ്...

Published

|

Last Updated

കൊടും കുറ്റവാളിയുടേതാണെങ്കില്‍ പോലും ആരും മൃതദേഹത്തോട് ആദരവ് കാട്ടും. നൂറ്റാണ്ടുകള്‍ക്കിടയില്‍ മനുഷ്യന്‍ രൂപപ്പെടുത്തിയെടുത്ത ഒരു സംസ്‌കാരമാണത്. മൃതദേഹം, മയ്യിത്ത്, ശവശരീരം എന്നിങ്ങനെ പലതരത്തില്‍ വ്യാഖ്യാനിക്കുമ്പോഴും ഒരു മനുഷ്യനാണ് മരിച്ചിരിക്കുന്നതെന്നും ആരായാലും അങ്ങേയറ്റം ബഹുമാനം കാണിക്കണമെന്നുമാണ് മഹത്തായ ഭാരത സംസ്‌കാരവും ഉദ്‌ഘോഷിക്കുന്നത്. പക്ഷേ, എയര്‍ ഇന്ത്യയുടെയും എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെയും തലപ്പത്തിരിക്കുന്നവര്‍ക്ക് മാത്രം ഇത് ബോധ്യമാകുന്നില്ല. ഗള്‍ഫില്‍ ഇന്ത്യക്കാരന്‍ മരിച്ചാല്‍, പഴം പച്ചക്കറി തൂക്കി നോക്കുന്നതുപോലെ എയര്‍ലൈനറുകള്‍, വിശേഷിച്ച് എയര്‍ഇന്ത്യ ത്രാസുമായി എത്തും. എന്നിട്ടേ, മൃതദേഹം അടങ്ങുന്ന പെട്ടി വിമാനത്തില്‍ കയറ്റുകയുള്ളൂ.

ഏത് സാഹചര്യത്തിലായാലും തൂക്കിനോക്കുന്നതിലെ മാനവിക വിരുദ്ധത തിരിച്ചറിഞ്ഞ്, ഏതാനും മാസം മുമ്പ് ഷാര്‍ജയിലെ എയര്‍ അറേബ്യ, ഇന്ത്യയിലേക്ക് മൃതദേഹം കൊണ്ടുപോകുന്ന നിരക്ക് ഏകീകരിച്ചു. 1,100 ദിര്‍ഹം നല്‍കിയാല്‍ മതി. അല്‍പം അപാകം, ഈ ഔദാര്യത്തില്‍ ഉണ്ടെങ്കിലും അടിസ്ഥാന പ്രശ്‌നം പരിഹരിക്കപ്പെട്ടു. മൃതദേഹം തൂക്കിനോക്കണ്ട. കൊച്ചുകുട്ടികളുടെയും ഭാരമേറിയ മുതിര്‍ന്നവരുടെയും “പെട്ടി”ക്ക് ഒരേ നിരക്ക് എന്നതാണ് അല്‍പം ദഹിക്കാതെ കിടക്കുന്നത്. അതിനുള്ള പോംവഴി, ഓരോ പ്രായവിഭാഗത്തിലുള്ളവര്‍ക്ക് ഇത്രയിത്ര നിരക്ക് എന്നാക്കുകയാണ്. അതിനും എയര്‍ അറേബ്യ തയ്യാറാണെന്നാണ് സാമൂഹിക പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്.
പക്ഷേ, ഇന്ത്യയിലെ കുറഞ്ഞ സ്ഥലങ്ങളിലേക്ക് മാത്രമേ എയര്‍ അറേബ്യക്ക് സര്‍വീസുള്ളൂ. എയര്‍ ഇന്ത്യക്ക് മിക്ക നഗരങ്ങളിലേക്കും ദിവസവും സര്‍വീസുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡല പരിധിയിലുള്ള വിമാനത്താവളത്തിലേക്ക് എയര്‍ ഇന്ത്യ മാത്രമേയുള്ളൂ. അവിടെ നിന്നുള്ള ഒരാള്‍ യു എ ഇയില്‍ മരിച്ചാല്‍ ദുബൈയില്‍ കിലോ 25 ദിര്‍ഹം പ്രകാരം തൂക്കിനോക്കും. മരിച്ചയാളുടെ ശരീരഭാരം 70 കിലോ ആണെങ്കില്‍ 3,000 ദിര്‍ഹം വരും. 40 കിലോ തൂക്കം വരുന്ന പെട്ടികൂടി ഉള്‍പെട്ട കണക്കാണിത്. അതേസമയം, ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള എയര്‍ അറേബ്യ ഈടാക്കുന്നത് 1,100 ദിര്‍ഹം. പാക്കിസ്ഥാനികള്‍ മരിച്ചാല്‍ പാക് എയര്‍ലൈനറുകള്‍ സൗജന്യമായാണ് മൃതദേഹം കൊണ്ടുപോകുന്നത്. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇതില്‍പരം നാണക്കേട് വരാനുണ്ടോ?

മൃതദേഹം കൊണ്ടുപോകാന്‍ ദുബൈയില്‍ നിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് എയര്‍ഇന്ത്യയുടെ കിലോനിരക്ക് ഇങ്ങനെ: മുംബൈ 16.60, ഡല്‍ഹി 19.10, ചെന്നൈ 27.20, കോഴിക്കോട് 28.85, കൊച്ചി 29.8 ദിര്‍ഹത്തിലാണ് നിരക്ക്. 4,000 ദിര്‍ഹമെന്നാല്‍ ഇക്കാലത്ത് ഏതാണ്ട് 80,000 രൂപയായി. എംബാമിംഗിന് 1,100 ദിര്‍ഹം, ആംബുലന്‍സ് 220 ദിര്‍ഹം, കാര്‍ഗോ 4,000 ദിര്‍ഹം എന്നിങ്ങനെ വേറെ ചെലവുകള്‍. മൊത്തം ഏതാണ്ട് 7,185 ദിര്‍ഹം. തൊഴിലാളി ക്യാമ്പിലെ ഒരാള്‍ ജീവിതകാലം മുഴുവന്‍ അധ്വാനിച്ചാല്‍ 7,185 ദിര്‍ഹം ഒരുമിച്ച് മിച്ചം വരാന്‍ ഇടയില്ല. അയാള്‍ക്ക് മരിച്ചാല്‍ പോലും രക്ഷയില്ലെന്നര്‍ഥം. നിര്‍ധനരായ ആളുകളുടെ മൃതദേഹം സൗജന്യമായി കൊണ്ടുപോകുമെന്ന് ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ ആവര്‍ത്തിക്കുന്നു. ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് ഉപയോഗിച്ചാണിത്.

മൃതദേഹം നാട്ടിലേക്കയക്കേണ്ട ഉത്തരവാദിത്തം തൊഴില്‍ ദാതാവിനോ ഇന്‍ഷ്വറന്‍സ് കമ്പനിക്കോ ആണെന്നും ഗത്യന്തരമില്ലെങ്കില്‍ ഇന്ത്യന്‍ നയതന്ത്ര കാര്യാലയം ഏറ്റെടുക്കാറുണ്ടെന്നും ഇന്ത്യന്‍ സ്ഥാനപതി നവദീപ് സിംഗ് സൂരി.
പക്ഷേ, സര്‍, ഇന്ത്യക്കാരന്‍ ഗള്‍ഫില്‍ മരിച്ചാല്‍ പലപ്പോഴും ഇന്ത്യന്‍ നയതന്ത്ര കാര്യാലയം തിരിഞ്ഞുനോക്കാറില്ല. അവര്‍ക്കതിന് മാനവ വിഭവശേഷിയില്ല. ആദ്യം ഓടിയെത്തുന്നത്, സാമൂഹിക പ്രവര്‍ത്തകര്‍. യു എ ഇയില്‍ അശ്‌റഫ് താമരശ്ശേരി, നസീര്‍ വാടാനപ്പള്ളി, റിയാസ് കൂത്തുപറമ്പ്, നാസര്‍ നന്തി, ഉസ്മാന്‍ കക്കാട്, അബുദാബിയിലെ എം എം നാസര്‍ തുടങ്ങിയവര്‍. അവര്‍, സ്വന്തം കീശയില്‍ നിന്ന് പണം ചെലവാക്കിയാണ് മിക്കപ്പോഴും മൃതദേഹം പരിപാലിക്കുക. പെട്ടിയിലാക്കി, സുഗന്ധം പൂശി നാട്ടിലേക്കയക്കുക. കാര്‍ഗോ ഏജന്‍സിയുടെ ബില്ലുമായി ചെന്നാല്‍, ഇന്ത്യന്‍ നയതന്ത്ര കാര്യാലയം പണം നല്‍കുമെന്നേയുള്ളൂ. ഇതിനിടയില്‍ ഇവര്‍ പെട്രോളിനും ഫോണിനും ചെലവാക്കുന്നത് കണക്കില്‍ പെട്ടുവെന്നും വരില്ല. അശ്‌റഫ് താമരശ്ശേരിക്ക് പ്രവാസി ഭാരതീയ സമ്മാന്‍ നേടിക്കൊടുത്തത് ഇത്തരം സേവനമാണ്. അന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അശ്‌റഫിനെ നേരിട്ട് അഭിനന്ദിക്കുകയും ചെയ്തു. മൃതദേഹം തൂക്കിനോക്കുന്നത് ഒഴിവാക്കണം സര്‍, എന്ന് അശ്‌റഫ് താമരശ്ശേരി പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചത് അവിടെ കൂടിയിരുന്ന, വിദേശകാര്യ മന്ത്രി സുഷമ സ്വരാജും മറ്റും ഇപ്പോഴും ഓര്‍ക്കുന്നുണ്ടാകും.
മൂന്നു വര്‍ഷം കഴിഞ്ഞു. ഇപ്പോഴും മൃതദേഹത്തോട് യാതൊരു വിട്ടുവീഴ്ചയുമില്ല. ദുബൈ-കോഴിക്കോട് നിരക്ക് കിലോക്ക് 31 ദിര്‍ഹം. എയര്‍ അറേബ്യയോട് മത്സരിക്കാന്‍ ഷാര്‍ജയില്‍ നിന്ന് 17 ദിര്‍ഹം.
നേരത്തെ 31 ദിര്‍ഹം ഉണ്ടായിരുന്നുവെന്നും ഇടക്ക് നിരക്കിളവ് വരുത്തിയത് ഒഴിവാക്കുക മാത്രമേ ചെയ്തുള്ളുവെന്നും എയര്‍ ഇന്ത്യ. ദുബൈയിലുള്ള മലബാരികള്‍ക്ക് മരിക്കാന്‍ ഒരു അവസരം നല്‍കിയതാണോ നമ്മുടെ സ്വന്തം വിമാനക്കമ്പനി.

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്