Connect with us

Articles

ശുദ്ധജലത്തിന് ഇനി എന്തു ചെയ്യും?

Published

|

Last Updated

അന്റാര്‍ട്ടിക്കയില്‍ നിന്നുള്ള മഞ്ഞ് മല യു എ ഇയിലെത്തിക്കുമെന്ന കൗതുകകരമായ വാര്‍ത്ത മാസങ്ങള്‍ക്ക് മുമ്പാണ് വന്നത്. ശാസ്ത്രജ്ഞര്‍, വിദഗ്ധര്‍, അന്റാര്‍ട്ടിക്കയിലെ ഭൂമിശാസ്ത്രകാരന്മാര്‍, ജലപര്യവേക്ഷകര്‍ എന്നിവരുടെയും ലോകത്തിലെ വിവിധ സര്‍വകലാശാലകളുടെയും സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതി യു എ ഇ യിലേക്കുള്ള ഭാവി ശുദ്ധജല മാര്‍ഗമെന്നോണമാണ് നടപ്പാക്കുന്നതത്രെ. മഞ്ഞ് പാളികള്‍ യു എ ഇ തീരത്തെത്തുന്നത് വരെ അലിഞ്ഞ് പോകാതിരിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയാണ് എത്തിക്കുക. 5,060 ദശലക്ഷം യു എസ് ഡോളറാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നതെന്നും 2019 പകുതിയോടെ പദ്ധതിയുടെ ആദ്യഘട്ടത്തിന് തുടക്കമാവുമെന്നും പറയുന്നുണ്ട്. ശുദ്ധജല ദൗര്‍ലഭ്യമനുഭവിക്കുന്ന രാജ്യങ്ങളിലെ ജീവിതം, വരള്‍ച്ച തടയാനുള്ള മാര്‍ഗങ്ങള്‍ എന്നിവയെല്ലാം വിശദമാക്കുന്ന നാഷനല്‍ അഡൈ്വസര്‍ ബ്യൂറോ ലിമിറ്റഡിന്റെ പുതിയ വെബ്‌സൈറ്റും ഇതിനകം തുടങ്ങിയിട്ടുണ്ട്. യു എ ഇ പോലുള്ള രാജ്യത്ത് കുടിവെള്ളത്തിനായി നടപ്പാക്കുന്ന, ശുദ്ധജലം ലഭ്യമാക്കുന്നതിനുള്ള എത്രയോ പദ്ധതികള്‍ ഇതിനു മുമ്പും വിജയകരമായി നടന്നിട്ടുണ്ട്.

കൊടുംവരള്‍ച്ചയുള്ള എത്രയോ രാജ്യങ്ങള്‍ കുടിവെള്ളത്തിനുള്ള മാര്‍ഗങ്ങള്‍ ഇതിനകം കണ്ടെത്തിയിട്ടുമുണ്ട്. എന്നാല്‍, ശുദ്ധജലം കിട്ടാക്കനിയായ രാജ്യങ്ങളുടെയും ദേശങ്ങളുടെയും എണ്ണം ഇതിലും എത്രയോ അധികം വരും. ജലം ഒരപൂര്‍വ വസ്തുവാകുന്ന ഭയാനകമായ സ്ഥിതിയിലേക്ക് ലോകം നടന്നടുത്തുകൊണ്ടിരിക്കുകയാണ്. മാനവരാശി അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം ഒന്നാമത്തേത് ജലദൗര്‍ലഭ്യവും രണ്ടാമത്തേത് ആഗോള താപനവുമാണ്. ശുദ്ധജലത്തിന്റെ അളവ് 20 കൊല്ലം കൊണ്ട് മൂന്നിലൊന്നായി ചുരുങ്ങുകയും ഉപഭോഗം ഇരട്ടിയാവുകയും ചെയ്യുന്നു. 10 വര്‍ഷം മുമ്പ് ജലക്ഷാമത്തെപ്പറ്റി ചിന്തിക്കാന്‍ കഴിയാതിരുന്ന പല രാജ്യങ്ങളിലും ഇപ്പോള്‍ രൂക്ഷമായ ജലക്ഷാമമുണ്ട്. ലോകജനസംഖ്യയുടെ 40 ശതമാനം താമസിക്കുന്ന 80 രാജ്യങ്ങളില്‍ ശുദ്ധജലക്ഷാമം നേരിടുന്നുവെന്നാണ് യു എന്‍ എന്‍വയണ്‍മെന്റ് പ്രോഗ്രാം നല്‍കുന്ന മുന്നറിയിപ്പ്. 2025ല്‍ ലോകത്തെ 500 കോടി മനുഷ്യര്‍ നഗരവാസികളായി മാറുമ്പോള്‍ വര്‍ധിച്ച ജലത്തിന്റെ ആവശ്യകത എങ്ങനെ പരിഹരിക്കുമെന്ന് ആര്‍ക്കും ഒരെത്തും പിടിയുമില്ല. ഇത്തരത്തിലുള്ള വസ്തുതകള്‍ക്ക് പുറമെയാണ് പൊടുന്നനെയുണ്ടാകുന്ന അതിവര്‍ഷവും വരള്‍ച്ചയും വെള്ളപ്പൊക്കവുമെല്ലാം.

പുതിയ സാഹചര്യത്തില്‍ കേരളവും ശുദ്ധജലലഭ്യത എല്ലാകാലത്തും നിലനിര്‍ത്താനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ആലോചിക്കണം. ഒരിക്കലും ജലക്ഷാമമുണ്ടാകില്ലെന്നും എപ്പോഴും നല്ല വെള്ളം ലഭിക്കുമെന്നും കരുതിയ നമ്മുടെ കണക്കുകള്‍ അടുത്ത കാലത്തായി പിഴച്ചു തുടങ്ങിയിട്ടുണ്ട്. മഹാപ്രളയം സമ്മാനിച്ച ദുരിതങ്ങളുടെ ശേഷിപ്പായി ഇനിയൊരു വരള്‍ച്ചയുണ്ടായാല്‍ എങ്ങനെ അത് തടുത്ത് നിര്‍ത്തുമെന്ന കാര്യം ഗൗരവകരമായിത്തന്നെ ചിന്തിക്കേണ്ടതുണ്ട്. പ്രളയത്തിന് ശേഷം പലയിടങ്ങളിലുമുള്ള വരള്‍ച്ചയും അതോടൊപ്പം കുടിവെള്ള മുള്ളിടത്തെ മാലിന്യപ്രശ്‌നവും വരാന്‍പോകുന്ന വലിയ വിപത്തിനെയാണ് ചൂണ്ടിക്കാട്ടുന്നത്. ശുദ്ധജലത്തിന് വലിയ ക്ഷാമമാണ്. കിണറ്റില്‍ വെള്ളമുണ്ടെങ്കിലും ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥ. കുടിക്കാന്‍ മാത്രമല്ല കുളിക്കാനും പ്രാഥമികാവശ്യങ്ങള്‍ക്കും വേണം ശുദ്ധജലം. പോരാത്തതിന് ജലമുള്ള കിണറുകളില്‍ മാലിന്യത്തിന്റെ തോത് അതിഭീദിതമായ നിലയിലും.

പ്രളയം ദുരന്തം വിതച്ച മിക്ക പ്രദേശങ്ങളിലെയും കിണറുകളിലെ ജലം കുടിക്കാന്‍ യോഗ്യമല്ലാതായി തീര്‍ന്നുവെന്നാണ് കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാല (കുഫോസ്) യുടെ പഠനം പറയുന്നത്. ഈ പ്രദേശങ്ങളിലെ 4,348 കിണറുകളിലെ വെള്ളം കെമിക്കല്‍ ഓഷ്യേനോഗ്രാഫി വിഭാഗത്തിലെ അധ്യാപികയായ ഡോ. അനു ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘം പരിശോധിച്ചപ്പോഴാണ് പ്രളയപ്രദേശങ്ങളിലെ കുടിവെള്ളത്തിന്റെ മാലിന്യത്തോതിനെക്കുറിച്ചുള്ള ആശങ്കപ്പെടുത്തുന്ന വിവരങ്ങള്‍ പുറത്തുവന്നത്. കിണര്‍ വെള്ളത്തില്‍ കുടിക്കാന്‍ യോഗ്യമല്ലാത്തവിധം അമ്ലാംശം വര്‍ധിച്ചു എന്നതാണ് വ്യക്തമായത്. പെരിയാര്‍ കരകവിഞ്ഞ് ഒഴുകിയ കാലടി, നെടുമ്പാശ്ശേരി, ആലുവ മേഖലകളില്‍ ഇത് വളരെ കൂടുതലായിരുന്നു. അമ്ലാംശം വര്‍ധിച്ചതോടൊപ്പം കിണര്‍ വെള്ളത്തിലെ ചെളിയുടെ തോത് ശരാശരി 30 ശതമാനത്തോളം വര്‍ധിച്ചതും ഓക്‌സിജന്റെ അളവ് പരിധിയില്ലാതെ താഴ്ന്നതുമെല്ലാമാണ് കുടിവെള്ളം യോഗ്യമല്ലാതാക്കിത്തീര്‍ത്തത്.

ഒരു ലിറ്റര്‍ കുടിവെള്ളത്തില്‍ നാല് മില്ലിഗ്രാം എങ്കിലും ഓക്‌സിജന്‍ ഉണ്ടാകണമെന്നാണ് കണക്ക്. എന്നാല്‍, പരിശോധിച്ച മിക്ക സാമ്പിളുകളിലും ഓക്‌സിജന്റെ അളവ് ഇതിലും വളരെ കുറവായിരുന്നു. ശേഖരിച്ച 4,348 സാമ്പിളുകളും കെമിക്കല്‍ പരിശോധനയോടൊപ്പം മൈക്രോ ബയോളജി പരിശോധനക്കും കുഫോസില്‍ വിധേയമാക്കിയിരുന്നു. 90 ശതമാനം കിണറുകളിലെ വെള്ളത്തിലും അനുവദനീയമായതിന്റെ പതിന്മടങ്ങ് ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്നാണ് തെളിഞ്ഞത്. പ്രളയത്തിലൂടെ ജലസ്രോതസ്സുകളില്‍ വന്‍തോതില്‍ വിസര്‍ജമാലിന്യം കലര്‍ന്നിട്ടുണ്ടെന്നും പരിശോധനയില്‍ വ്യക്തമായിരുന്നു. പ്രളയബാധിത പ്രദേശങ്ങളിലെ 30 ശതമാനം കിണറുകളിലും എം പി എന്‍ ഇന്‍ഡക്‌സ് പ്രകാരം അനുവദനീയമായതിനേക്കാള്‍ അപകടകരമായ തരത്തില്‍ ഉയര്‍ന്ന അളവില്‍ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്നാണ് ഗവേഷകരുടെ അഭിപ്രായം. മുമ്പ് നല്ല രീതിയില്‍ വെള്ളം ഉണ്ടായിരുന്ന കിണറുകള്‍, പ്രളയത്തിന് ശേഷം വരള്‍ച്ച നേരിടുകയാണെന്ന പ്രതിഭാസവും കണ്ടു തുടങ്ങിയിട്ടുണ്ട്.

പുഴകളില്‍ വെള്ളം ഒഴുകി പോയതും ആഴം കൂടിയതുമാണ് ഇതിനു കാരണം എന്നാണ് വിലയിരുത്തല്‍. പുഴയിലെ ജലനിരപ്പ് താഴുമ്പോള്‍ സ്വാഭാവികമായും കിണറുകളിലും ജലനിരപ്പ് താഴും. ഇപ്പോഴത്തെ പ്രതിഭാസത്തിന് കാരണം വരള്‍ച്ചയല്ലെന്നാണ് ഭൂവിനിയോഗ ബോര്‍ഡിന്റെ നിഗമനം. പ്രളയത്തില്‍ എത്തിയ വെള്ളം ഭൂഗര്‍ഭജലമായി ശേഖരിക്കപ്പെട്ടില്ല. എന്തു തന്നെയായാലും പ്രളയാനന്തരം വരള്‍ച്ചയും വെള്ളമുള്ളയിടങ്ങളിലെ വര്‍ധിത മാലിന്യവും ശുദ്ധജലത്തിന് വലിയ ക്ഷാമമുണ്ടാക്കും.

നിലവിലെ അവസ്ഥയില്‍ നിന്ന് എങ്ങനെ കരകയറാമെന്നതിനെക്കുറിച്ചാണ് ഇനി കാര്യമായി ചിന്തിക്കേണ്ടത്. കാലാവസ്ഥയുടെ കാവല്‍ക്കാരനായ പശ്ചിമഘട്ട മലനിരകള്‍, എണ്ണിയാലൊടുങ്ങാത്ത കുളങ്ങള്‍, 44 നദികള്‍, അവയുടെ 900 കൈവഴികള്‍, പ്രതിവര്‍ഷം 3,000 മില്ലിമീറ്ററിലേറെ മഴ, 50 ലക്ഷത്തിലേറെ കിണറുകള്‍, ഹെക്ടര്‍ കണക്കിന് വിസ്തീര്‍ണമുള്ള ശുദ്ധജല തടാകങ്ങള്‍, കോള്‍നിലങ്ങള്‍, സമൃദ്ധമായ നിത്യഹരിത വനസമ്പത്ത്, ചാലുകള്‍, അനവധി കൊച്ചു തണ്ണീര്‍തടങ്ങള്‍ ഇങ്ങനെയെല്ലാമുള്ള നമ്മുടെ ജലസമ്പത്തിന് ഒരു പോറലുമേല്‍പ്പിക്കാതിരിക്കുകയാണ് പ്രധാനം. കേരളമുള്‍പ്പെടെ ആറ് സംസ്ഥാനങ്ങളിലെ 188 താലൂക്കുകളിലായി 1,64,280 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന പ്രദേശമായ പശ്ചിമഘട്ടത്തിന്റെ സംരക്ഷണമാണ് ഇതില്‍ പ്രധാനം.

ലോകത്തിലെ 35 സുപ്രധാന ജൈവവൈവിധ്യ കേന്ദ്രങ്ങളില്‍ ഒന്നായ മേഖലയുടെ സംരക്ഷണം ഇനിയെങ്കിലും കാര്യക്ഷമമാക്കാന്‍ പദ്ധതി വേണം. ഏകദേശം 25 കോടി ജനതയുടെ ജീവിതവും ആവാസകേന്ദ്രവും പശ്ചിമഘട്ടവുമായി ബന്ധപ്പെട്ടുകിടക്കുന്നു. നിരവധി ഇനം സസ്യജീവജാലങ്ങളുടെ ആവാസകേന്ദ്രമായ പശ്ചിമഘട്ടം ഒട്ടേറെ നദികളുടെ ഉത്ഭവസ്ഥാനം കൂടിയാണ്. ഈ നദികളിലെ നീരൊഴുക്ക് നിലക്കാതിരിക്കാനുള്ള മുന്‍കരുതലാണ് ആദ്യമെടുക്കേണ്ടത്. ജലവും മഴയും പ്രകൃതിവിഭവങ്ങളും ശുദ്ധവായുവും പ്രദാനം ചെയ്യുന്ന ഈ വിശാല മലനിരകള്‍ ഇപ്പോള്‍ ഭീഷണി നേരിടുകയാണ്. ഈ ഭീഷണി പൂര്‍ണമായും ഇനി ഇല്ലാതാക്കാനാകണം. പശ്ചിമ ഘട്ട മേഖലകളിലെ മലനിരകളില്‍ 200 ഓളം ഉരുള്‍പൊട്ടലുകളാണ് ഇത്തവണ നടന്നത്.

ഈ നൂറ്റാണ്ടിലെ വലിയ പ്രളയം മനുഷ്യനിര്‍മിതിയാണെന്ന വാദത്തിന് ആക്കം കൂട്ടുന്നതാണ് പശ്ചിമഘട്ട മലനിരകളിലെ പ്രകൃതിക്ഷോഭത്തിന്റെ കാരണങ്ങളായി വിലയിരുത്തുന്ന ഘടകങ്ങള്‍. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ പെരുകുന്ന നിര്‍മാണ പ്രവൃത്തികള്‍, ഉയരുന്ന ക്വാറികള്‍ ഇവയൊക്കെ ദുരന്തത്തിന്റെ കാരണങ്ങളായി വിലയിരുത്തുന്നുണ്ട്. ഇതിനെല്ലാം ശാശ്വത പരിഹാരം കാണാന്‍ ഇനിയെങ്കിലുംകഴിയണം. അതോടൊപ്പം ജല ദുരുപയോഗവും അമിത ചൂഷണവും ഇല്ലാതാക്കി ജല ക്ഷാമം പരിഹരിക്കാന്‍ പുതിയ പദ്ധതിയുമായി ഹരിത കേരളം മിഷന്‍ നേരത്തെ തുടങ്ങിവച്ച ജല പാര്‍ലിമെന്റ് പോലുള്ള പരിപാടികള്‍ കാര്യക്ഷമമാക്കണം. വാര്‍ഡുകളിലെ ജല സംരക്ഷണം, സ്രോതസ്സുകള്‍, ജല ലഭ്യത, ജലമലിനീകരണം തുടങ്ങിയവയെ കുറിച്ച് ചര്‍ച്ച ചെയ്യണം. വിവിധ ജല സംരക്ഷണ മാര്‍ഗങ്ങളെ കുറിച്ച് പൊതു ജനങ്ങള്‍ക്ക് പരിചയപ്പെടുത്തണം.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest