Connect with us

Editorial

മൂല്യങ്ങളെ പിഴുതെറിയണോ?

Published

|

Last Updated

നമ്മുടെ കോടതികള്‍ക്കെന്തു പറ്റി? ധാര്‍മിക മൂല്യങ്ങളില്‍ അധിഷ്ഠിതമായ ഒരു പാരമ്പര്യമാണ് ഈ നാട് സംരക്ഷിച്ചു വന്നത്. സദാചാര മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഇന്ത്യന്‍ ദര്‍ശനങ്ങള്‍. വ്യാവസായിക വിപ്ലവാനന്തരം യൂറോപ്പിലും പാശ്ചാത്യന്‍ രാജ്യങ്ങളിലും മൂല്യനിരാസം പ്രകടമാവുകയും ലൈംഗിക അരാജകത്വം കൊടികുത്തിവാഴുകയും ചെയ്തപ്പോഴും ധാര്‍മിക, സദാചാര തത്വങ്ങള്‍ മുറുകെ പിടിക്കാന്‍ നമ്മള്‍ ശ്രദ്ധിച്ചിരുന്നു. എന്നാല്‍ ചീഞ്ഞളിഞ്ഞ പാശ്ചാത്യന്‍ സംസ്‌കാരത്തെ ചാണിന് ചാണായി അനുകരിക്കുകയും അത് പരിഷ്‌കൃതിയുടെ മാനദണ്ഡമായി കണക്കാക്കുകയുമാണ് സമൂഹമിപ്പോള്‍. നീതിന്യായ മേഖലയെയും ഈ ധാര്‍മികച്യുതി ബാധിച്ചിരിക്കുന്നുവെന്നാണ് വഴിവിട്ട ലൈംഗികതക്ക് അനുമതി നല്‍കുന്ന തുടരെത്തുടരെയുള്ള കോടതി വിധികള്‍ ബോധ്യപ്പെടുത്തുന്നത്.

കമിതാക്കള്‍ പരസ്പരസമ്മതത്തോടെ നടത്തുന്ന ലൈംഗികബന്ധം കുറ്റകരമല്ലെന്നും അത് പീഡനമായി കാണാനാകില്ലെന്നും പനാജി കോടതി വിധിച്ചത് ആറ് മാസം മുമ്പാണ്. ചരിത്ര വിധി എന്ന അവകാശവാദത്തോടെ സുപ്രീം കോടതി ഭരണഘടനാ ബഞ്ച് കഴിഞ്ഞ മാസം ആറിന് ഉഭയസമ്മതത്തോടെയുള്ള സ്വവര്‍ഗരതി നിയമ വിധേയമാക്കി. മാത്രമല്ല, ഇത്രയും കാലം ഭിന്ന ലൈംഗിക ബന്ധത്തിന് വിലക്ക് കല്‍പ്പിച്ചതിന് മാപ്പുപറയേണ്ടതുണ്ടെന്ന് പോലും വിധിന്യായത്തില്‍ പറഞ്ഞു വെച്ചു സുപ്രീംകോടതി ബഞ്ചിലെ വനിതാ അംഗം ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര. ഏറ്റവുമൊടുവില്‍ വിവാഹേതര ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമാക്കുന്ന 158 വര്‍ഷം പഴക്കമുള്ള ഐ പി സി 497ാം വകുപ്പ് റദ്ദാക്കിയിരിക്കുകയാണ് വ്യാഴാഴ്ച സുപ്രീം കോടതി ഭരണഘടനാ ബഞ്ച്. ഭര്‍ത്താവല്ലാത്ത പുരുഷന്മാരുമായി യഥേഷ്ടം ലൈംഗിക വേഴ്ച നടത്താന്‍ വിവാഹിതകള്‍ക്ക് അനുമതി നല്‍കുന്നതാണ് അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ ഈ വിധിപ്രസ്താവം.

“”ലൈംഗികബന്ധത്തിന് സ്ത്രീക്ക് സ്വയം തീരുമാനമെടുക്കാനുള്ള അവകാശമുണ്ട്. ആ അവകാശത്തിന് അര്‍ഹമായ ബഹുമാനം ഉറപ്പു വരുത്തണം. അതിനെ വിവാഹത്തിലൂടെ ഹനിക്കാനാവില്ല. സമൂഹത്തിന്റെ താത്പര്യത്തിനനുസരിച്ച് ചിന്തിക്കാനും ജീവിക്കാനും സ്ത്രീയോട് ആവശ്യപ്പെടാനുമാകില്ല. സ്ത്രീ ഭര്‍ത്താവിന്റെ സ്വത്തല്ല””- എന്നൊക്കെയാണ് ഈ വിധിപ്രസ്താവത്തിന് ഉപോത്ബലകമായി കോടതി നിരത്തുന്ന ന്യായവാദങ്ങള്‍. ഭര്‍ത്താവ് മറ്റൊരാളുമായി ബന്ധപ്പെട്ടാല്‍ പുതിയ ഉത്തരവ് പ്രകാരം സ്ത്രീക്ക് പരാതിപ്പെടാനുമാകില്ല. വിവാഹത്തിലൂടെ ലക്ഷ്യമിടുന്നത് കേവലം ഇണയും തുണയും മാത്രമല്ല, കെട്ടുറപ്പുള്ള കുടുംബവും വംശവിശുദ്ധിയും സദാചാരനിഷ്ഠമായ ജീവിതവുമാണ്. വിവാഹിതരായ സ്ത്രീകള്‍ക്ക് ഇതര പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിനുള്ള അനുമതി ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയിലെ പരസ്പര വിശ്വാസവും കുടുംബ ജീവിതത്തിന്റെ കെട്ടുറപ്പും വിശുദ്ധിയും നഷ്ടമാക്കുകയും ലൈംഗിക അരാജകത്വം സൃഷ്ടിക്കുകയും ചെയ്യും. പരസ്പരം ആത്മാര്‍ഥമായി സ്‌നേഹിക്കുന്ന ഭാര്യാഭര്‍ത്താക്കന്മാര്‍, കുട്ടികളുടെ നല്ല ഭാവിയില്‍ താത്പര്യമുളള ഉത്തരവാദിത്വബോധമുള്ള മാതാപിതാക്കള്‍, മാതാപിതാക്കളെ സേവിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്ന മക്കള്‍ എന്നിവയൊക്കെയാണ് കെട്ടുറപ്പുള്ള നല്ല കുടുംബത്തിന്റെ അവിഭാജ്യ ഘടകങ്ങള്‍. വിവാഹേതര ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് പരസ്പരം മനസ്സറിഞ്ഞു സ്‌നേഹിക്കാനാകില്ല. ജനിക്കുന്ന കുഞ്ഞ് തന്റേതെന്ന് തീര്‍ത്തു പറയാന്‍ ഭര്‍ത്താവിനാകില്ല. ഇത്തരം കുടുംബങ്ങളില്‍ സ്‌നേഹവും ആദരവും അന്യം നില്‍ക്കുക സ്വാഭാവികം. പല ദാമ്പത്യങ്ങളും തകരുന്നതിന്റെ പ്രധാന കാരണം വിശ്വാസ വഞ്ചനയാണ്.

ഭര്‍ത്താവിന്റെ അവിഹിത ബന്ധം ഭാര്യക്കും ഭാര്യയുടെ വഴിവിട്ട ജീവിതം ഭര്‍ത്താവിനും കനത്ത ആഘാതമാണ്. ദാമ്പത്യത്തില്‍ അത് സംഘര്‍ഷങ്ങളും സ്‌ഫോടനങ്ങളുമുണ്ടാക്കും. ശാന്തതയോടെ മുന്നോട്ടു നീങ്ങിയിരുന്ന ബന്ധം രോഷത്തിന്റെയും വിദ്വേഷത്തിന്റേതുമായി മാറും. പരസ്പര വിശ്വാസം ഇല്ലെങ്കില്‍ ഒരു ബന്ധവും മുന്നോട്ടു പോകില്ലെന്നാണ് മനഃശാസ്ത്ര വിദഗ്ധരുടെ മുന്നറിയിപ്പ്. സദാചാരം പഴഞ്ചനായി തള്ളിക്കളഞ്ഞ പാശ്ചാത്യനാടുകളിലും ആധുനിക സമൂഹങ്ങളിലും ഇത് പ്രകടമാണ്. കുടുംബശൈഥില്യം അവിടങ്ങളില്‍ വര്‍ധിച്ചു വരികയാണ്. മൃഗസമാനം ബന്ധങ്ങള്‍ക്ക് വിലയില്ലാതായി. പിതാക്കളില്ലാത്ത മക്കള്‍ എന്ന ഭീദിതമായ സാമൂഹികാവസ്ഥയിലേക്ക് കാര്യങ്ങളെത്തി.

സമൂഹത്തെ ഒളിച്ചു കുറ്റകൃത്യം ചെയ്യുന്നുവെന്ന തോന്നലോടെ വേണ്ട, നിയമത്തെ ഭയപ്പെടാതെ അനിയന്ത്രിതമായ ലൈംഗികത ആയിക്കോളൂവെന്നാണ് ഐ പി സി 497ാം വകുപ്പ് റദ്ദാക്കിയതിലൂടെ കോടതി പറയുന്നത്. സദാചാര ചിന്തകളില്‍ തളച്ചിടേണ്ടതല്ല വ്യക്തി സ്വാതന്ത്ര്യമെന്ന കാഴ്ചപ്പാടാണത്രെ കോടതിക്ക്. ഇന്ത്യന്‍ സമൂഹത്തിന്റെ നൂറ്റാണ്ടുകളായുള്ള ധാര്‍മിക സദാചാര ചിന്തകളെ പൊളിച്ചെഴുതുകയാണ് കോടതി ഇവിടെ. എന്നാല്‍ സദാചാര ചിന്തകളെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള സ്വാതന്ത്ര്യം സമൂഹത്തെ അരാജകത്വത്തിലേക്കും മൃഗീയതയിലേക്കുമാണ് കൊണ്ടെത്തിക്കുകയെന്ന കാര്യം വിസ്മരിക്കരുത്. മൂല്യങ്ങളെ അവ ഗണിച്ചു കൊണ്ടുള്ള നീതിന്യായ മേഖലയുടെ ഈ കാടുകയറ്റം അപകടകരമാണ്. സമൂഹം ദിശ തെറ്റി പ്രയാണം നടത്തുമ്പോള്‍ അവരോടൊപ്പം ചേര്‍ന്നു സഞ്ചരിക്കുകയല്ല സമൂഹത്തിന് ശരിയായ ദിശ കാണിച്ചു കൊടുക്കുകയാണ് കോടതികളുടെ ധര്‍മം.

Latest