Connect with us

Ongoing News

അവസാന പന്തിൽ വിജയം; ഏഷ്യാ കപ്പിൽ വീണ്ടും ഇന്ത്യൻ മുത്തം

Published

|

Last Updated

ദുബൈ: അവസാന പന്ത് വരെ നീണ്ട ഉദ്വേഗത്തിന് ഒടുവിൽ ഏഴാം തവണയും ഇന്ത്യ ഏഷ്യാ കപ്പ് കിരീടത്തിൽ മുത്തമിട്ടു. ബംഗ്ലാദേശിന് എതിരെ 223 റൺസ് വിജയ ലക്ഷ്യവുമായി ക്രീസിലിറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് ബാക്കി നിൽക്കെ അവസാന പന്തിലാണ് ലക്ഷ്യം മറികടന്നത്. മഹ്മദുള്ള എറിഞ്ഞ അവസാന ഓവറില്‍ ജയിക്കാന്‍ ആറു റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യയെ കേദാര്‍ ജാദവും (24) കുല്‍ദീപ് യാദവും (5) ചേര്‍ന്ന് വിജയത്തിലെത്തിക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 48.3 ഓവറില്‍ 222 റണ്‍സിന് പുറത്തായി.
ഓപണര്‍ ലിട്ടന്‍ ദാസിന്റെ സെഞ്ച്വറി പ്രകടനമാണ് ബംഗ്ലാദേശ്് ഇന്നിംഗ്‌സിന്റെ നട്ടെല്ലായത്. 117 പന്തില്‍ 12 ബൗണ്ടറികളും രണ്ട് സിക്‌സറുകളും സഹിതം ലിട്ടന്‍ ദാസ് 121 റണ്‍സ് നേടി.

17ാം മത്സരം കളിക്കുന്ന താരത്തിന്റെ കന്നി സെഞ്ച്വറിയാണിത്. 41ആയിരുന്നു ഇതുവരെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. 87 പന്തിലാണ് ലിട്ടന്‍ സെഞ്ച്വറി കുറിച്ചത്.
വ്യക്തിഗത സ്‌കോര്‍ 52ല്‍ നില്‍ക്കേ ദാസിനെ രവീന്ദ്ര ജഡേജയുടെ പന്തില്‍ യുസ്‌വേന്ദ്ര ചാഹല്‍ കൈവിട്ടിരുന്നു. ലിട്ടന്‍ ദാസ് ഒഴികെ ബംഗ്ലാദേശ് നിരയില്‍ ആകെ രണ്ട് പേര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. മെഹ്ദി ഹസനും (32), സൗമ്യ സര്‍ക്കാറും (33).

ലിട്ടന്‍ ദാസും മെഹ് ദി ഹസനും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. പേസര്‍മാരായ ഭുവനേശ്വര്‍ കുമാറിനേയും ബുംറയേയും അവര്‍ കരുതലോടെ നേരിട്ടു. ലിട്ടന്‍ ദാസ് കൂടുതല്‍ ആക്രമണോത്സുകത കാണിച്ചു. 20.5 ഓവറില്‍ ബംഗ്ലാദേശ് സ്‌കോര്‍ 120ല്‍ നില്‍ക്കെ മെഹദി ഹസനെ വീഴ്ത്തിയത് നിര്‍ണായകമായി. ഹസനെ ജാദവിന്റെ പന്തില്‍ റായിഡു പിടിച്ചു പുറത്താക്കുകയായിരുന്നു. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു. ഇംറുല്‍ ഖൈസ് (2), മുഷ്ഫിഖുര്‍ റഹീം (5), മുഹമ്മദ് മിഥുന്‍ (2), മുഹമ്മദുല്ല (4), മൊര്‍ത്താസ (7), റുബല്‍ ഹുസൈന്‍ (0) എന്നിങ്ങനെയായിരുന്നു മറ്റ് ബാറ്റ്‌സ്മാന്മാരുടെ സംഭാവന. രണ്ട് റണ്‍സുമായി മുസ്തഫിസുര്‍ റഹ്മാന്‍ പുറത്താകാതെ നിന്നു.

ഇന്ത്യക്കായി കുല്‍ദീപ് യാദവ് പത്ത് ഓവറില്‍ 45 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. കേദാര്‍ ജാദവ് രണ്ടും ബുംറ, ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ വിശ്രമം ലഭിച്ച അഞ്ച് പേരും ടീമില്‍ തിരിച്ചെത്തി.

2016 ഫൈനലിന്റെ റീപ്ലേ കൂടിയായിരുന്നു ഇത്. അന്നു ബംഗ്ലാ കടുവകളെ ഇന്ത്യ കഷ്ടിച്ചു മറികടക്കുകയായിരുന്നു.

Latest