Connect with us

Ongoing News

ആശാന്‍മാര്‍ സൂപ്പറാണ്....

Published

|

Last Updated

.എടികെ – സ്റ്റീവ് കോപ്പല്‍

2016 ല്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ ഫൈനലില്‍ എത്തിച്ച പരിശീലകനാണ് സ്റ്റീവ് കോപ്പല്‍. ഫൈനലില്‍ അത്‌ലറ്റിക്കോ കൊല്‍ക്കത്തയോട് പരാജയപ്പെട്ടെങ്കിലും കോപ്പലാശാന്‍ ഐ എസ് എല്ലില്‍ ഹിറ്റ് ആയി. തൊട്ടടുത്ത സീസണില്‍ ജംഷഡ്പുര്‍ എഫ് സിയുടെ പരിശീലകനായ കോപ്പലിന് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ല. അഞ്ചാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്.
ഇംഗ്ലീഷ് കോച്ചിന്റെ ശൈലി പ്രതിരോധം ശക്തിപ്പെടുത്തിക്കൊണ്ടുള്ളതാണ്. ഇത് അത്ര കണ്ട് ആകര്‍ഷകമല്ലെന്ന വസ്തുത നിലനില്‍ക്കുന്നു. അതേ സമയം, കഴിഞ്ഞ സീസണില്‍ ജംഷഡ്പുര്‍ എഫ് സിയുടേതായിരുന്നു ഏറ്റവും മികച്ച ഡിഫന്‍സ്. അതേ സമയം,എടികെ മുപ്പത് ഗോളുകളാണ് വഴങ്ങിയത്. ഇത്തവണ, എടികെ കോപ്പലിനെ കോച്ചാക്കിയത് തന്നെ വല നിറയുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണ്. റെഡിംഗ്, മാഞ്ചസ്റ്റര്‍ സിറ്റി, ക്രിസ്റ്റല്‍ പാലസ് ക്ലബ്ബുകളില്‍ സഹപരിശീലകനായി പ്രവര്‍ത്തിച്ചിട്ടുണ്ട് കോപ്പല്‍.

ബെംഗളുരു എഫ് സി – കാള്‍സ് സ്യുഡ്രട്

സ്പാനിഷ് കോച്ച് ആല്‍ബര്‍ട്ടോ റോക്ക 2017-18 സീസണോടെ ക്ലബ്ബ് വിട്ടു. പുതിയ പരിശീലകന്‍ കാള്‍സ് സ്യുഡ്രട് സ്‌പെയ്‌നില്‍ നിന്ന് തന്നെയാണ്. 2016 മുതല്‍ ബെംഗളുരു എഫ് സിയുടെ അസിസ്റ്റന്റ് കോച്ചായി സ്യുഡ്രട് ഉണ്ട്. റോക്കയുടെ സഹായിയായി പ്രവര്‍ത്തിച്ച കാള്‍സിന് ഇന്ത്യന്‍ ഫുട്‌ബോളില്‍ വിജയിക്കാനുള്ള ധാരണകളുണ്ട്.

ചെന്നൈയിന്‍ എഫ് സി – ജോണ്‍ ഗ്രിഗറി

മാര്‍കോ മറ്റെരാസി പരിശീലിപ്പിച്ച ചെന്നൈയിന്‍ എഫ് സിയുടെ കരുത്ത് ചോരാതെ നോക്കാന്‍ കഴിഞ്ഞ സീസണിലും അറുപത്തിനാല് വയസുള്ള ജോണ്‍ ഗ്രിഗറിക്ക് സാധിച്ചു. സൂപ്പര്‍ മച്ചാന്‍സിനെ ചാമ്പ്യന്‍മാരാക്കിയ ഗ്രിഗറി മുന്‍ പ്രീമിയര്‍ ലീഗ് കോച്ചാണ്. 1998-2002 കാലത്ത് ആസ്റ്റന്‍വില്ലയുടെ പരിശീലകനായിരുന്നു.

ഡല്‍ഹി ഡൈനമോസ്-ജോസഫ് ഗോംബോ

ആസ്‌ത്രേലിയന്‍ ഫുട്‌ബോള്‍ ലീഗില്‍ വെസ്‌റ്റേണ്‍ സിഡ്‌നി വാണ്ടറേഴ്‌സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞാണ് സ്പാനിഷ് കോച്ച് ജോസഫ് ഗോംബോ ഡല്‍ഹി ഡൈനമോസിന്റെ ചാര്‍ജ് ഏറ്റെടുത്തത്. കഴിഞ്ഞ സീസണില്‍ അവസാന റൗണ്ടിലെത്താന്‍ ഡല്‍ഹിക്ക് സാധിച്ചില്ല. ഇത് പരിഹരിക്കാന്‍ മികച്ച കോച്ചിനെ തേടുകയായിരുന്നു ക്ലബ്ബ്. അഡലെയ്ഡ് യുനൈറ്റഡിനെയും ഹോങ്കോംഗ് ക്ലബ്ബ് കിച്ചി സ്‌പോര്‍ട്‌സ് ക്ലബ്ബിനെയും കിരീട ജേതാക്കളാക്കിയ ജോസഫ് ഗോംബോക്ക് അങ്ങനെ നറുക്ക് വീണു.
42 വയസുള്ള ജോസഫ് കോച്ചിംഗ് കരിയര്‍ ആരംഭിച്ചത് കാറ്റലൂണിയന്‍ ക്ലബ്ബ് അംപോസ്റ്റയിലാണ്. എസ്പാനിയോള്‍, ബാഴ്‌സലോണ ക്ലബ്ബുകളുടെ യൂത്ത് കോച്ചായിരുന്നു.

എഫ് സി ഗോവ-സെര്‍ജിയോ ലൊബേറ

മൊറോക്കന്‍ ക്ലബ്ബ് മൊഹ്‌റെബ് ടെറ്റോനയുമായുള്ള ബന്ധം വിച്ഛേദിച്ചാണ് കഴിഞ്ഞ സീസണില്‍ സെര്‍ജിയോ ലൊബേറ എഫ് സി ഗോവയിലെത്തിയത്. ആദ്യ സീസണില്‍ തന്നെ സെമിഫൈനലില്‍. ചാമ്പ്യന്‍മാരായ ചെന്നൈയിന്‍ എഫ് സിയോടാണ് സെമി തോറ്റത്. അറ്റാക്കിംഗ് സ്‌റ്റൈലില്‍ ഗോവ 18 മത്സരങ്ങളില്‍ 42 ഗോളുകള്‍ സ്‌കോര്‍ ചെയ്തു. എട്ട് വര്‍ഷം ബാഴ്‌സലോണയുടെ യൂത്ത് അക്കാദമി അസിസ്റ്റന്റ് കോച്ചായിരുന്നു. ടിറ്റോ വിലനോവ ബാഴ്‌സലോണ കോച്ചായിരുന്നപ്പോള്‍ ഒരു മാസക്കാലം സീനിയര്‍ ടീമിന്റെയും അസിസ്റ്റന്റ് കോച്ചായിരുന്നു.

ജംഷഡ്പുര്‍ എഫ് സി- സെസാര്‍ ഫെര്‍നാന്‍ഡോ ജിമിനെസ്

സ്റ്റീവ് കോപ്പല്‍ കൊല്‍ക്കത്തയിലേക്ക് ചേക്കേറിയപ്പോള്‍ ജംഷഡ്പുര്‍ എഫ് സി മുന്‍ അത്‌ലറ്റിക്കോ മാഡ്രിഡ് പരിശീലകന്‍ സെസാര്‍ ഫെര്‍നാന്‍ഡോ ജിമിനെസിനെ കൊണ്ടു വന്നു. സ്പാനിഷ് ക്ലബ്ബായ എല്‍ഷെ, വലന്‍സിയയുടെ റിസര്‍വ് ടീം, മലേഷ്യന്‍ ക്ലബ്ബ് ജൊഹര്‍ ദാറുല്‍ ടാസിം ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സ്-ഡേവിഡ് ജെയിംസ്

ലിവര്‍പൂളിന്റെ മുന്‍ ഗോള്‍കീപ്പര്‍, ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ ഗോള്‍ വല കാത്ത സൂപ്പര്‍ താരം. ഐ എസ് എല്‍ ആദ്യസീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ പരിശീലിപ്പിച്ച ജെയിംസ് ടീമിനെ ഫൈനലിലെത്തിച്ചു. കഴിഞ്ഞ സീസണില്‍ വീണ്ടും ബ്ലാസ്റ്റേഴ്‌സില്‍ തിരിച്ചെത്തി. റെനെ മ്യൂളെന്‍സ്റ്റനെ ഇടക്ക് വെച്ച് പുറത്താക്കിയ ബ്ലാസ്റ്റേഴ്‌സ് ജെയിംസില്‍ പ്രതീക്ഷയര്‍പ്പിക്കുകയായിരുന്നു. 2021 വരെ കേരള ടീമില്‍ ജെയിംസിന് കരാറുണ്ട്.

മുംബൈ സിറ്റി എഫ് സി – ജോര്‍ജ് കോസ്റ്റ

പോര്‍ച്ചുഗലിന്റെ മുന്‍ താരമായ ജോര്‍ജ് കോസ്റ്റ ഫ്രാന്‍സിലെ രണ്ടാം ഡിവിഷന്‍ ക്ലബ്ബായ ടൂര്‍സ് എഫ് സിയുടെ കോച്ചായിരുന്നു 2017-18 സീസണില്‍. സ്‌പോര്‍ട്ടിംഗ് ബ്രാഗ ഉള്‍പ്പടെ നിരവധി പോര്‍ച്ചുഗീസ് ക്ലബ്ബുകളില്‍ പരിശീലകനായിരുന്നു. റുമാനിയന്‍ ക്ലബ്ബ് സിഎഫ്ആര്‍ ക്ലുയിയെയും പരിശീലിപ്പിച്ചു.
എഫ് സി പോര്‍ട്ടോയുടെ മുന്‍ ഡിഫന്‍ഡറായിരുന്നു കോസ്റ്റ. ഏഷ്യയില്‍ ഇതാദ്യമല്ല പരിശീലക റോളില്‍. 2014-16 കാലയളവില്‍ ഗാബോണ്‍ ദേശീയ ടീമിനെ കളി പഠിപ്പിച്ചത് കോസ്റ്റയാണ്.

നോര്‍ത് ഈസ്റ്റ് യുനൈറ്റഡ്- എല്‍കൊ ഷറ്റോറി

ഡച്ച് പരിശീലകനാണ് എല്‍കോ. ഇന്ത്യന്‍ ക്ലബ്ബായ ഈസ്റ്റ് ബംഗാളിനെ 2014-15 ല്‍ പരിശീലിപ്പിച്ചിട്ടുണ്ട്. ഐ ലീഗില്‍ ആ സീസണില്‍ ഈസ്റ്റ്ബംഗാള്‍ നാലാംസ്ഥാനത്തായിരുന്നു. കൊല്‍ക്കത്തന്‍ ക്ലബ്ബ് യുനൈറ്റഡ് എസ് സി, സഊദി അറേബ്യയുടെ ഇത്വിഫാഖ് എഫ് സി ടീമുകളുടെയും പരിശീലകനായിരുന്നു. കഴിഞ്ഞ സീസണില്‍ നോര്‍ത്ത് ഈസ്റ്റില്‍ അവറം ഗ്രാന്റിന്റെ സഹപരിശീലകനായിരുന്നു എല്‍കോ. 18 മത്സരങ്ങളില്‍ 11 പോയിന്റുമായി നോര്‍ത് ഈസ്റ്റ് ഏറ്റവും പിറകിലായി.

എഫ് സി പൂനെ സിറ്റി- മിഗ്വേല്‍ ഏഞ്ചല്‍ പോര്‍ച്ചുഗല്‍

റയല്‍മാഡ്രിഡ് കാസ്റ്റില കൊര്‍ഡോബ, റേസിംഗ് സാന്റന്‍ഡര്‍ ക്ലബ്ബുകളുടെ പരിശീലകനായിരുന്ന മിഗ്വേല്‍ കഴിഞ്ഞ ഐ എസ് എല്‍ സീസണില്‍ ഡല്‍ഹി ഡൈനമോസിനൊപ്പമായിരുന്നു.
മോശം സീസണിന് ശേഷം ക്ലബ്ബ് വിട്ട മിഗ്വേല്‍ സ്പാനിഷ് സെക്കന്‍ഡ് ഡിവിഷന്‍ ക്ലബ്ബ് ഗ്രനഡ എഫ് സിയുടെ ചുമതലയേറ്റു.
ഇപ്പോള്‍, വീണ്ടും ഐ എസ് എല്ലിലേക്ക്. ബൊളിവിയന്‍ ക്ലബ്ബ് ബൊളിവര്‍, ബ്രസീലിലെ അത്‌ലറ്റികോ പരാനെയിന്‍സ് ടീമുകളെ പരിശീലിപ്പിച്ച മിഗ്വേല്‍ 1980 ല്‍ ലാ ലിഗ ജേതാക്കളായ റയല്‍ മാഡ്രിഡിന്റെ താരമായിരുന്നു. റയലിന്റെ ടെക്‌നിക്കല്‍ ഡയറക്ടര്‍ സ്ഥാനവും മിഗ്വേല്‍ വഹിച്ചിട്ടുണ്ട്.