Connect with us

Articles

രാഷ്ട്രസമ്പത്ത് കവരുന്ന ചങ്ങാത്ത ഭരണം

Published

|

Last Updated

രാഷ്ട്രസമ്പത്ത് കൈയടക്കാന്‍ രാജ്യത്തിനകത്തും പുറത്തുമുള്ള കുത്തകകള്‍ക്ക് സമസ്ത സൗകര്യങ്ങളും വിശ്വസ്ഥതയോടെ ചെയ്തുകൊടുക്കുന്ന ചങ്ങാത്ത മുതലാളിത്തത്തിന്റെ ഉത്തമ പ്രതിനിധിയാണ് നരേന്ദ്ര മോദി. വിജയ്മല്യക്കും ലളിത് മോദിക്കും നീരവ്‌മോദിക്കും മെഹുല്‍ചോക്‌സിക്കും ശേഷം ഇപ്പോള്‍ ഇതാ ഒരു നിതിന്‍ സന്ദേശര. പൊതുമേഖലാ ബേങ്കുകളില്‍ നിന്ന് ആയിരക്കണക്കിന് കോടി വായ്പയെടുത്ത് തിരിച്ചടക്കാതെ വിദേശരാജ്യങ്ങളില്‍ രക്ഷപ്പെട്ടിരിക്കുന്നവരാണ് വിജയ്മല്യ മുതല്‍ നിതിന്‍ സന്ദേശര വരെയുള്ളവര്‍. ഇവര്‍ക്ക് രാജ്യം വിട്ട് രക്ഷപ്പെടാനുള്ള എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തത് മോദി സര്‍ക്കാറാണ്.
17 ബേങ്കുകളില്‍ നിന്നെടുത്ത 7,000 കോടി രൂപയുടെ വായ്പയും അതിന്റെ പലിശയുമടക്കം 9,000 കോടി തിരിച്ചടക്കാത്ത കുറ്റവാളിയാണ് വിജയ്മല്യ. ഇയാള്‍ കേന്ദ്രസര്‍ക്കാറിന്റെ പൂര്‍ണ പിന്തുണയോടെയാണ് ഇന്ത്യയില്‍ നിന്ന് ഒളിച്ചോടി ലണ്ടനിലെ സുഖവാസകേന്ദ്രത്തിലെത്തിയത്. രാജ്യത്തിന്റെ നിയമങ്ങളെയും നിയമസംവിധാനങ്ങളെയും വെട്ടിച്ച് ഇന്ത്യവിട്ട് ലണ്ടനില്‍ അഭയം പ്രാപിക്കാന്‍ മല്യക്ക് സാധിച്ചത് കേന്ദ്ര സര്‍ക്കാറിന്റെ സഹായം ഒന്നുകൊണ്ടു മാത്രമാണ്. മല്യ തന്നെ അക്കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യ വിടുന്നതിനു മുമ്പ് ധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലിയെ കണ്ട് കാല്‍ മണിക്കൂറോളം ചര്‍ച്ച നടത്തിയിരുന്നുവെന്നാണ് മല്യ തന്നെ തുറന്നുപറഞ്ഞിരിക്കുന്നത്. പൊതുമേഖലാ ബേങ്കുകളില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാതെ രാജ്യത്തിന്റെ നിയമങ്ങളെ വെല്ലുവിളിച്ച് വിദേശ രാജ്യങ്ങളില്‍ അഭയം തേടുന്ന കൊടുംകുറ്റവാളികളുടെ സംരക്ഷകരാണ് മോദിയും അരുണ്‍ജെയ്റ്റ്‌ലിയുമെന്ന വിവരമാണ് മല്യയുടെ നാക്കിലൂടെ പുറത്തുവന്നിരിക്കുന്നത്. രാഷ്ട്രത്തിന്റെ പണം അപഹരിച്ച് സുരക്ഷിത താവളങ്ങള്‍തേടി നാടുവിടുന്നവരുടെ സംരക്ഷണ ദൗത്യം ഏറ്റെടുത്ത കേന്ദ്രസര്‍ക്കാര്‍ രാജ്യദ്രോഹ പ്രവര്‍ത്തനമാണ് നടത്തുന്നത്. ക്രിക്കറ്റ്‌ബോര്‍ഡിന്റെ മേധാവിയായിരുന്ന ലളിത്കുമാര്‍ മോദി ബി ജെ പി നേതാക്കളുടെ അരുമ സുഹൃത്താണ്. വിദേശകാര്യമന്ത്രി സുഷമാസ്വരാജിന്റെ ഏറ്റവും അടുത്ത കുടുംബസുഹൃത്താണ്. ക്രിക്കറ്റിനെ തന്നെ ചൂതാട്ടമാക്കി കോടികളുടെ കുംഭകോണം നടത്തിയ കുറ്റവാളിയെ രക്ഷിക്കാന്‍ ബി ജെ പി നേതാക്കള്‍ ഒളിഞ്ഞുംതെളിഞ്ഞും കരുക്കള്‍ നീക്കിയിട്ടുണ്ട്.
ആദായനികുതി വകുപ്പിനെ കബളിപ്പിച്ച് വിദേശരാജ്യത്തേക്ക് രക്ഷപ്പെടാന്‍ ലളിത് മോദിക്ക് കഴിഞ്ഞത് കേന്ദ്ര സര്‍ക്കാറിലെ ഉന്നതരുമായുള്ള ബന്ധംകൊണ്ടുതന്നെയാണ്. മോദിയുടെയും ബി ജെ പി അധ്യക്ഷന്‍ അമിത്ഷായുടെയും ഉറ്റസുഹൃത്തുകൂടിയാണ് ഈ ഐ പി എല്‍ തട്ടിപ്പുവീരന്‍! ലളിത് മോദിക്ക് വിദേശപൗരത്വം സംഘടിപ്പിച്ചുകൊടുത്തത് സുഷമാസ്വരാജായിരുന്നു. ബി ജെ പി നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന തട്ടിപ്പ് വീരനാണ് നീരവ് മോദി. പഞ്ചാബ് നാഷനല്‍ ബേങ്കില്‍ നിന്ന് 11,360 കോടി രൂപയുടെ വായ്പയെടുത്ത് തിരിച്ചടക്കാതെ വിദേശത്തേക്ക് കടന്നുകളഞ്ഞ ഈ മോദിയുടെ വളര്‍ച്ചയുടെ വേരുകള്‍ അനേ്വഷിച്ചാല്‍ നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള ബി ജെ പി ഉന്നതരിലേക്കാണെത്തുക. ഗുജറാത്തിലെ വജ്രവ്യാപാരിയായ നീരവ് മോദിക്ക് എല്ലാവിധ പിന്തുണയും സംരക്ഷണവും കിട്ടുന്നത് മോദി-അമിത്ഷാ കൂട്ടുകെട്ടില്‍ നിന്നാണ്.
ഇപ്പോള്‍ ആന്ധ്രാ ബേങ്ക് ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യത്തില്‍ നിന്ന് വായ്പയെടുത്ത 5,000 കോടി തിരിച്ചടക്കാതെ നൈജീരിയയിലേക്ക് കടന്നുകളഞ്ഞ നിതിന്‍സന്ദേശര നരേന്ദ്ര മോദിയുടെ സ്വന്തം ആളാണ്. മോദിക്ക് നേരിട്ട് സ്വാധീനവും ബന്ധവുമുള്ള വഡോദരയിലാണ് നീരവ്‌മോദിയുടെ സ്റ്റെര്‍ലിംഗ്ബയോടെക് എന്ന കമ്പനിയുടെ ആസ്ഥാനം. ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാന്‍ പോലും കരാറില്ലാത്ത രാജ്യമാണ് നൈജീരിയ. ഇദ്ദേഹത്തെ അറസ്റ്റുചെയ്യാനുള്ള നടപടികള്‍ യു എ ഇയില്‍ പുരോഗമിക്കവെയാണ് ഇദ്ദേഹവും കൂട്ടാളികളും അവിടം വിട്ട് നൈജീരിയയിലേക്ക് കടന്നത്.
യുദ്ധവിമാനങ്ങളുടെ നിര്‍മാണത്തില്‍ ഒരു മുന്നനുഭവവും ഇല്ലാത്ത അനില്‍ അംബാനിയുടെ റിലയന്‍സ് ഏവിയേഷന് ഫ്രഞ്ച് കമ്പനിയായ ദസോള്‍ട്ടുമായി കരാര്‍ ഒപ്പിച്ചുകൊടുത്തത് പ്രധാനമന്ത്രി തന്നെയാണ്. ഇന്ത്യയില്‍ ലജ്ജാകരമായ രീതിയില്‍ വളര്‍ന്നിരിക്കുന്ന ചങ്ങാത്ത മുതലാളിത്ത അവസ്ഥയെയാണ് ഇത് കാണിക്കുന്നത്. രാജ്യത്തിന്റെ ഖജനാവില്‍ നിന്ന് വന്‍വിലകൊടുത്ത് യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ കരാറുണ്ടാക്കിയത് വന്‍തട്ടിപ്പായിരുന്നുവെന്ന കാര്യമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഫ്രഞ്ച് പ്രസിഡന്റായിരുന്ന ഫ്രാന്‍ഷ്യസ് ഹോളന്‍ഡെയുടെ വെളിപ്പെടുത്തലോടെ മോദി സര്‍ക്കാര്‍ തന്നെയാണ് പൊതുമേഖലാ വിമാന നിര്‍മാണ കമ്പനിയായ എച്ച് എ എല്ലിനെ വെട്ടി റിലയന്‍സിന് കരാറൊപ്പിച്ചുകൊടുത്തത്.

59,000 കോടി രൂപയുടെ കരാറിലാണ് അനില്‍അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ പങ്കാളിയാക്കിയിരിക്കുന്നത്. എച്ച് എ എല്ലിനെ പങ്കാളിയാക്കിക്കൊണ്ടുള്ള കരാര്‍ ഒപ്പിടാന്‍ ഇരിക്കുന്ന ഘട്ടത്തിലാണ് അനില്‍ അംബാനിയെയും കൂട്ടി പ്രധാനമന്ത്രി മോദി പാരീസിലെത്തി ഇത്തരമൊരു കരാര്‍ ഉണ്ടാക്കിയത്. ദസോള്‍ട്ടിനും റിലയന്‍സിനുമിടയിലെ ദല്ലാളായി അധിപതിക്കുകയാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന് പറയേണ്ടിയിരിക്കുന്നു.

യു പി എ ഭരണകാലത്ത് 126 വിവിധോദ്ദേശ്യ യുദ്ധവിമാനങ്ങള്‍ വാങ്ങാനായി ദസോള്‍ട്ടുമായുണ്ടാക്കിയ കരാര്‍ ഉപേക്ഷിച്ചാണ് ഇപ്പോള്‍ 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ നരേന്ദ്ര മോദിയുടെ കാര്‍മികത്വത്തില്‍ ഒപ്പിച്ചെടുത്തിരിക്കുന്നത്. 29,000 കോടി രൂപയുടെ കരാറാണ് ഇപ്പോള്‍ 59,000 കോടിയുടെ കരാറാക്കി റിലയന്‍സിന് തരപ്പെടുത്തിക്കൊടുത്തിരിക്കുന്നത്. പൊതുഖജനാവില്‍ നിന്ന് ആയിരക്കണക്കിന് കോടിരൂപ റിലയന്‍സിന്റെ കൈകളിലേക്ക് എത്തിച്ചുകൊടുക്കുന്ന നഗ്നമായ അഴിമതിയാണിത്.
ഗൗതം അദാനിയാണ് മോദിയുടെ ചങ്ങാത്ത മുതലാളിത്തത്തിന്റെ മറ്റൊരു ഉത്പന്നം. ഗുജറാത്തിലെ മുന്ദ്രെ തുറമുഖം സ്വകാര്യവത്കരിച്ച് ഗൗതം അദാനിയുടെ കൈകളിലെത്തിച്ചത് മോദിയാണ്. ആസ്‌ത്രേലിയയില്‍ തന്നോടൊപ്പം കൊണ്ടുപോയി കല്‍ക്കരി ഖനനത്തിന് കരാര്‍ ഒപ്പിച്ചുകൊടുത്ത നരേന്ദ്രമോദി സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 6,000 കോടി രൂപയുടെ വായ്പയും തരപ്പെടുത്തിക്കൊടുത്തു.

കോര്‍പറേറ്റുകളും ഹിന്ദുത്വരാഷ്ട്രീയവും ചേര്‍ന്ന് മോദി സര്‍ക്കാറിന് കീഴില്‍ ഇന്ത്യ അഴിമതിയുടെയും സര്‍വവിധ തട്ടിപ്പുകളുടെയും കൂത്തരങ്ങായി മാറിയിരിക്കുന്നു. രാഷ്ട്രസമ്പത്ത് കവര്‍ന്നുകൊണ്ടുപോകുന്ന കോര്‍പറേറ്റ് രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. ഇന്ത്യന്‍ പ്രതിരോധ വകുപ്പുപോലും അറിയാതെയാണ് റിലയന്‍സിന് ദസോള്‍ട്ടുമായി കരാറുണ്ടാക്കിക്കൊടുത്തത്.
നവലിബറല്‍ നയങ്ങള്‍ സമ്പദ്ഘടനയെയാകെ അപദേശീയവത്കരിക്കുകയാണ്. നിയോലിബറല്‍ പരിഷ്‌കാരങ്ങളുടെ സൗകര്യമുപയോഗിച്ച് വിജയ്മല്യ മുതല്‍ നിതിന്‍സന്ദേശര വരെ രാഷ്ട്രസമ്പത്ത് തട്ടിയെടുത്ത് വിദേശ രാജ്യങ്ങളില്‍ അഭയം തേടുകയാണ്.

Latest