Connect with us

Editorial

ക്രിമിനലുകളെ മാറ്റിനിര്‍ത്തണം

Published

|

Last Updated

പാര്‍ലിമെന്റ് ഗൗരവപൂര്‍വം പരിഗണിക്കേണ്ടതാണ് ക്രിമിനല്‍ കേസുകളിലെ പ്രതികളെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കണമെന്ന ഹരജിയില്‍ സുപ്രീം കോടതി മുന്നോട്ടു വെച്ച നിര്‍ദേശങ്ങള്‍. ക്രിമിനല്‍ കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടവരെ മത്സരിക്കുന്നതില്‍ നിന്ന് വിലക്കാന്‍ നിയമം കൊണ്ടുവരികയും രാഷ്ട്രീയ മേഖലയുടെ ശുദ്ധീകരണത്തിന് തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രസര്‍ക്കാറും ചേര്‍ന്ന് ക്രിമിനലുകളെ നിയന്തിക്കുകയും വേണമെന്നാണ് അഭിഭാഷകനും ബി ജെ പി ഡല്‍ഹി ഘടകം വക്താവുമായ അശ്വിനി കുമാര്‍ ഉപാധ്യായ നല്‍കിയ ഹരജിയിയില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചിന്റെ നിര്‍ദേശം. ജനങ്ങളെ ഭരിക്കുന്നത് സംശുദ്ധരായ നേതാക്കളാണെന്ന് ഉറപ്പ് വരുത്താനുള്ള ബാധ്യത ഭരണകൂടത്തിനുണ്ടെന്നും കോടതി ഓര്‍മിപ്പിച്ചു. ഹരജിക്കാരന്റെ ആവശ്യം തത്വത്തില്‍ അംഗീകരിച്ച കോടതി വിഷയം ജുഡീഷ്യറിയുടെ പരിധിക്കപ്പുറത്തായതു കൊണ്ടാണ് അതില്‍ ഇടപെടാത്തതെന്നും പാര്‍ലിമെന്റാണ് ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളേണ്ടതെന്നും ചൂണ്ടിക്കാട്ടുകയും ചെയ്തു.

മത്സരിക്കുന്നവര്‍ അവരുടെ ക്രിമിനല്‍ പശ്ചാത്തലം നാമനിര്‍ദേശപത്രികയില്‍ കൃത്യമായി രേഖപ്പെടുത്തുക, സ്ഥാനാര്‍ഥികളെ കുറിച്ചുള്ള വിവരങ്ങള്‍ പാര്‍ട്ടികള്‍ വെബ്‌സൈറ്റ് വഴി പുറത്ത് വിടുക, മാധ്യമങ്ങളിലൂടെ സ്ഥാനാര്‍ഥികളെ കുറിച്ചുള്ള വിവരങ്ങള്‍ ജനങ്ങളെ അറിയിക്കുക, സ്ഥാനാര്‍ഥികള്‍ പൂരിപ്പിച്ചു നല്‍കേണ്ട തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഫോമുകളില്‍ ക്രിമിനള്‍ കേസുകളെക്കുറിച്ച് വിശദീകരിക്കാന്‍ പ്രത്യേക കോളം ഉള്‍ക്കൊള്ളിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും കോടതി മുന്നോട്ട് വെച്ചിട്ടുണ്ട്.

അഴിമതിക്കാരെയും ക്രിമിനലുകളെയും കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് രാഷ്ട്രീയ രംഗം. രാഷ്ട്രീയത്തിന്റെ ക്രിമിനല്‍വത്കരണവും ക്രിമിനലുകളുടെ രാഷ്ട്രീയവത്കരണവും നമ്മുെട രാഷ്ട്രീയ മേഖലയെ തന്നെ പരിഹാസ്യമാക്കുകയാണ്. പാര്‍ലിമെന്റ് അംഗങ്ങളിലും നിയമസഭാ സാമാജികരിലും പാര്‍ട്ടി നേതാക്കളിലും 36 ശതമാനവും കൊലപാതകങ്ങള്‍ ഉള്‍പ്പെടെ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പ്രതികളാണെന്നാണ് കഴിഞ്ഞ മെയില്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്. എം പിമാരും എം എല്‍ എമാരും ഉള്‍പ്പെടെ രാജ്യത്തെ 4,896 ജനപ്രതിനിധികളില്‍ 1,765 പേര്‍ ക്രിമിനല്‍ കേസുകളില്‍ വിചാരണ നേരിടുന്നവരാണ്. 31 മുഖ്യമന്ത്രിമാരില്‍ 11 പേര്‍ക്കെതിരെയും ക്രിമിനല്‍ കേസുകളുണ്ട്. നിലവില്‍ ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ മാത്രമേ രാഷ്ട്രീയക്കാര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ വിലക്കുള്ളൂ. അതും ആറ് വര്‍ഷത്തേക്ക് മത്രം. അല്ലാത്തവര്‍ക്ക് മത്സരിക്കുന്നതിനോ മന്ത്രിയാകുന്നതിനോ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ നയിക്കുന്നതിനോ വിലക്കില്ല.
2014 ആഗസ്റ്റില്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് നടത്തിയ ഒരു വിധിപ്രസ്താവത്തില്‍ അഴിമതി, ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ മന്ത്രിമാരാക്കരുതെന്ന് സര്‍ക്കാറുകളോട് ആവശ്യപ്പെട്ടിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ മന്ത്രിമാരാകുന്നത് ഭരണഘടനാ വിരുദ്ധമാണ്. അഴിമതി സംബന്ധിച്ച് ഒരു ചെറിയ ആരോപണമുണ്ടെങ്കില്‍ പോലും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തരുതെന്ന നിരീക്ഷിച്ച ബഞ്ച് മന്ത്രിസഭയില്‍ അംഗങ്ങളെ തിരഞ്ഞെടുക്കുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും പ്രധാനമന്ത്രി യോടും മുഖ്യമന്ത്രിമാരോടും ആവശ്യപ്പെടുകയുമുണ്ടായി.

കോടതികളിലും രാഷ്ട്രീയ, സാമൂഹിക തലത്തിലും നേരത്തെയും പലപ്പോഴായി ഉന്നയിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തതാണ് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ തിരഞ്ഞെടുപ്പുകളില്‍ മാറ്റിനിര്‍ത്തുന്ന കാര്യം. തര്‍ക്കുണ്ടെ കമ്മീഷന്‍, ഗോസ്വാമി കമ്മീഷന്‍, വോറാ കമ്മീഷന്‍ എന്നിങ്ങനെ ഇതേക്കുറിച്ച് പഠിക്കാന്‍ നിരവധി കമ്മീഷനുകള്‍ വന്നു. കമ്മീഷനെ നിയമിക്കുന്നവര്‍ക്ക് തന്നെ ഇക്കാര്യത്തില്‍ ആത്മാര്‍ഥതയില്ലാത്തതിനാല്‍ നിര്‍ദേശങ്ങള്‍ അവഗണിക്കപ്പെടുകയായിരുന്നു. നാമനിര്‍ദേശ പത്രികയിലൂടെ സ്ഥാനാര്‍ഥിയുടെ ക്രിമിനല്‍ കേസുകളുടെ വിവരങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് “അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ്” മൂന്ന് പതിറ്റാണ്ട് മുമ്പ് സുപ്രീം കോടതിയെ സമീപിക്കുകയും കോടതി അതംഗീകരിക്കുകയും ചെയ്തതാണ്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി അതിനെ എതിര്‍ക്കുകയായിരുന്നു. ലോകമ്മീഷന്‍ ഇക്കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും ബന്ധപ്പെട്ടവരുടെയും അഭിപ്രായം ആരാഞ്ഞെങ്കിലും പാര്‍ട്ടി നേതൃത്വങ്ങളില്‍ നിന്ന് ആശാവഹമായ പ്രതികരണമുണ്ടായില്ല. ക്രിമിനല്‍ സ്വാധീനത്തില്‍ നിന്ന് രാഷ്ട്രീയ സംവിധാനത്തെമോചിപ്പിച്ച് നിയമനിര്‍മാണ സഭകളുടെ പവിത്രത വീണ്ടെടുക്കേണ്ടതിന്റെ അനിവാര്യത 2004ല്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണറായിരുന്ന ടി എസ് കൃഷ്ണമൂര്‍ത്തിയും എടുത്തു പറഞ്ഞിരുന്നു. അതും പ്രസ്താവനയില്‍ ഒതുങ്ങി. കക്ഷിരാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഉന്നത പദവികളിലിരിക്കുന്നവരും ഭരണസിരാ കേന്ദ്രങ്ങളില്‍ വാഴുന്നവരും രാഷ്ട്രീയത്തിന്റെ മുഖം മൂടിയണിഞ്ഞ ക്രിമനലുകളാണെന്നാണ് ഈ നീക്കത്തോടുള്ള പാര്‍ട്ടികളുടെ വിമുഖത വ്യക്തമാക്കുന്നത്. ഇത്തരക്കാര്‍ നയിക്കുന്ന പാര്‍ലിമെന്റില്‍ നിന്നും ഇതു സംബന്ധിച്ച് എന്തെങ്കിലും നിയമനിര്‍മാണം പ്രതീക്ഷിക്കുന്നതും വെറുതെയാണ്. നീതിന്യായ വ്യവസ്ഥയുടെ ശക്തമായ ഇടപെടലുകള്‍ക്കൊപ്പം ക്രിമിനലുകള്‍ക്ക് വോട്ട് നല്‍കി ജനപ്രതിനിധികളായി അവരോധിക്കാതിരിക്കാനുളള അവബോധവും വിവേകവും ജനങ്ങളും പ്രകടമാക്കിയെങ്കിലേ ഇന്ത്യന്‍ രാഷ്ട്രീയ മേഖലയെ ശുദ്ധീകരിക്കാന്‍ സാധിക്കുകയുള്ളൂ.

Latest