Connect with us

Uae

അലിഫ് മീഡിയ മാധ്യമ അവാര്‍ഡ് റാശിദ് പൂമാടത്തിന്

Published

|

Last Updated

അബുദാബി: അലിഫ് മീഡിയ അബുദാബിയുടെ നാലാം വാര്‍ഷികത്തോടനുബന്ധിച്ചു ഏര്‍പ്പെടുത്തിയ രണ്ടാമത് മാധ്യമ അവാര്‍ഡിന് റാശിദ് പൂമാടം അര്‍ഹനായി. സിറാജ് ദിനപത്രം അബുദാബി ബ്യൂറോ ചീഫും, ഇന്ത്യന്‍ മീഡിയ അബുദാബി പ്രസിഡണ്ടുമാണ്. സാമൂഹ്യ, ജീവകാരുണ്യ മേഖലയുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് റാശിദ് പൂമാടത്തിനെ അവാര്‍ഡിനായി പരിഗണിക്കാന്‍ കാരണം.

കഴിഞ്ഞ അഞ്ചു വര്‍ഷമായി സിറാജ് ദിനപ്പത്രത്തില്‍ പ്രവര്‍ത്തിക്കുന്ന റാശിദ് പൂമാടത്തിന് 2015 ല്‍ ഐ എം സി സി പ്രഥമ സേട്ട് സാഹിബ് മാധ്യമ അവാര്‍ഡ്, 2016 ല്‍ യു എ ഇ ആഭ്യന്തര മന്ത്രാലയ മാധ്യമ അവാര്‍ഡ്, 2017 ല്‍ ദര്‍ശന സാംസ്‌കാരിക വേദി മാധ്യമ ശ്രീ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ഒക്ടോബര്‍ നാലിന് വൈകിട്ട് എട്ടിന് അബുദാബി ഇസ്ലാമിക് സെന്ററില്‍ നടക്കുന്ന അലിഫ് മീഡിയ നാലാം വാര്‍ഷികതോടനുബന്ധിച്ചു നടക്കുന്ന മെഹ്ഫില്‍ നൈറ്റ് വേദിയില്‍ അവാര്‍ഡ് സമ്മാനിക്കും.

നീലേശ്വരം ആനച്ചാല്‍ സ്വദേശിയായ റാശിദ് പൂമാടം ടി വി കുഞ്ഞഹമ്മദ്, ബീഫാത്തിമ പൂമാടം ദമ്പതികളുടെ മകനാണ്. പയ്യന്നൂര്‍ സ്വദേശിനി ഫാത്തിമത്ത് സഫീദയാണ് ഭാര്യ, മകന്‍ ഐമന്‍ അഹമ്മദ്.