Connect with us

National

ബാബരി മസ്ജിദ് അനുബന്ധ കേസ് വിശാല ഭരണഘടനാ ബഞ്ചിന് വിടില്ലെന്ന് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ബാബരി മസ്ജിദ്- രാമജന്മഭൂമി കേസുമായി ബന്ധപ്പെട്ട അനുബന്ധ കേസ് വിശാല ഭരണഘടനാ ബഞ്ചിന് വിടേണ്ടതില്ലെന്ന് സുപ്രീം കോടതി. ഇസ്‌ലാമില്‍ നിസ്‌കാരത്തിന് പള്ളി അഭിവാജ്യഘടകമല്ലെന്ന 1994ലെ ഇസ്മാഈല്‍ ഫാറൂഖി കേസിലെ വിധി ഏഴംഗ ഭരണഘടനാ ബഞ്ചിന് വിടണമെന്ന സുന്നി വഖഫ് ബോര്‍ഡിന്റെ ഹരജി സുപ്രീം കോടതി തള്ളി. ഇസ്മാഈല്‍ ഫറൂഖി കേസില്‍ സുപ്രീം കോടതിയുടെ പുനഃപരിശോധന ഉണ്ടാകില്ലെന്നും കോടതി വിധിച്ചു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് കേസ് പരിഗണിച്ചത്. മൂന്നംഗ ബഞ്ചില്‍ രണ്ട് വിധിന്യായങ്ങളാണ് ഉണ്ടായത്. ചീഫ് ജസ്റ്റിസും ജസ്റ്റിസ് അശോക് ഭൂഷണും ചേര്‍ന്നാണ് കേസ് വിശാല ഭരണഘടനാ ബഞ്ചിന് വിടേണ്ടതില്ലെന്നും 94ലെ സുപ്രീം കോടതി വിധി പുനഃപരിശോധിക്കേണ്ടതില്ലെന്നും വിധിച്ചത്. എന്നാല്‍, ബഞ്ചിലെ മറ്റൊരു അംഗമായ ജസ്റ്റിസ് അബ്ദുല്‍ നസീര്‍ വിഷയം വിശാല ബഞ്ചിന് വിടണമെന്നാണ് വിധി പ്രസ്താവിച്ചത്.

ഈ വിഷയത്തില്‍ ഭരണാഘടനാ ബെഞ്ചായിരുന്നു വിധിപറയേണ്ടിയിരുന്നതെന്നും മുസ്‌ലിം സുമദായത്തിന്റെ മതാചരവുമായി ബന്ധപ്പെട്ട പ്രശ്‌നമായതിനാല്‍ അതായിരുന്നു കൂടുതല്‍ ഉചിതം എന്നുമായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. മുസ്ലിംങ്ങള്‍ക്ക് ആരാധനക്ക് പള്ളികള്‍ നിര്‍ബന്ധമല്ലെന്നും തുറസ്സായ സ്ഥലത്തും അവര്‍ നിസ്‌കാരമാകാമെന്നുമായിരുന്നു 1994ല്‍ സുപ്രീം കോടതിയിലെ ഭൂരിപക്ഷ ബഞ്ച് നിരീക്ഷിച്ചിരുന്നത്. ഇതിനെതിരെ മുസ്‌ലിം സംഘടനകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് കോടതി വിധി പറഞ്ഞത്.