Connect with us

National

റാഫേല്‍ കേന്ദ്രത്തിന് തിരിച്ചടി; ഇടപാടിനെ പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ എതിര്‍ത്തിരുന്നുവെന്ന് റിപ്പോര്‍ട്ട്

Published

|

Last Updated

ന്യൂഡല്‍ഹി: ഫ്രാന്‍സില്‍ നിന്ന് റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനത്തെ പ്രതിരോധമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ എതിര്‍ത്തിരുന്നതായി റിപ്പോര്‍ട്ട്. കരാറിനെക്കുറിച്ചുള്ള കൂടിയാലോചനകള്‍ക്ക് വേണ്ടി രൂപവത്കരിച്ച കോണ്‍ട്രാക്ട് നെഗൊസിയേഷന്‍സ് കമ്മിറ്റി (സിഎന്‍സി)യില്‍ അംഗമായിരുന്ന ജോയിന്റ് സെക്രട്ടറി ആന്‍ഡ് അക്വിസിഷന്‍ മാനേജറാണ് (എയര്‍) വിയോജനക്കുറിപ്പ് നല്‍കിയതെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

126 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാറില്‍ കാണിച്ചിരുന്ന അടിസ്ഥാന വിലയിലും കൂടുതലാണ് 36 വിമാനങ്ങള്‍ക്ക് കാണിച്ചിരുന്നത്. ഇതാണ് ഉദ്യോഗസ്ഥനെ സംശയത്തിനിടയാക്കിയതും വിയോജനക്കുറിപ്പിലേക്കെത്തിച്ചതും. മന്ത്രിസഭാ അംഗീകാരം ലഭിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ നടപ്പാക്കേണ്ട ഉദ്യോഗസ്ഥന്‍ തന്നെ എതിര്‍പ്പുയര്‍ത്തിയതോടെ തുടര്‍നടപടികളിലും വീഴ്ചയുണ്ടായി. ഇദ്ദേഹത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് മന്ത്രിസഭയുടെ അംഗീകാരം ലഭിക്കുന്നതില്‍ താമസം വരികയും ചെയ്തു.

പ്രതിരോധമന്ത്രാലയത്തിലെ മറ്റൊരു ഉദ്യോഗസ്ഥന്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ തള്ളി ഒപ്പിട്ടതോടെയാണ് കരാര്‍ മുന്നോട്ടുപോയത്. റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട ഫയലുകളുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ട ഈ വിയോജനക്കുറിപ്പ് നിലവില്‍ സിഎജിയുടെ മുമ്പാകെയാണുള്ളത്. പാര്‍ലിമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ സിഐജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. വിയോജനക്കുറിപ്പിനെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചേക്കുമെന്നാണ് സൂചന. വിയോജനക്കുറിപ്പിനെ കുറിച്ചും അത് തള്ളിക്കളയുന്നതിനുള്ള കാരണവും സിഎജിയുടെ അന്വേഷണ പരിഗണനയിലുള്ള വിഷയമാണ്.

Latest