Connect with us

National

യോഗി ആദിത്യനാഥിനെതിരെ കേസ് നടത്തുന്ന ആളെ ലൈംഗിക പീഡനം ആരോപിച്ച് അറസ്റ്റ് ചെയ്തു

Published

|

Last Updated

ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ക്രിമിനല്‍ കേസുകള്‍ നടത്തുന്ന സാമൂഹിക പ്രവര്‍ത്തകനെ ലൈംഗിക പീഡനം ആരോപിച്ച് അറസ്റ്റ് ചെയ്തു. അറുപത്തിനാലുകാരനായ പര്‍വേസ് പര്‍വാസിനെയാണ് യുവതി നല്‍കിയ പരാതിയെത്തുടര്‍ന്ന് ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റു ചെയ്തത്. 2007 മുതല്‍ ആദിത്യനാഥിനെതിരെ വിവിധ കേസുകള്‍ നടത്തുന്നയാളാണ് പര്‍വാസ്.

പര്‍വാസും സുഹൃത്തും ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. വൈദ്യപരിശോധനയില്‍ ബലാത്സംഗം നടന്നായി തെളിഞ്ഞതായി പോലീസ് പറയുന്നു. ബുധനാഴ്ച ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

സമൂഹത്തില്‍ വര്‍ഗീയ വിദ്വഷം ഉണ്ടാക്കാന്‍ ശ്രമിക്കുന്നെന്ന് ആരോപിച്ചാണ് യോഗി ആദിത്യനാഥിനും മറ്റു ചിലര്‍ക്കെതിരേയും ഗൊരഖ്പൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. ആദിത്യനാഥ് നടത്തിയ വിദ്വേഷ പ്രസംഗങ്ങള്‍ സംസ്ഥാനത്ത് അക്രമസംഭവങ്ങള്‍ക്കു കാരണമായി എന്നായിരുന്നു പരാതി. 2007 ജനുവരി 27നാണ് പരാതി നല്‍കിയത്.

കേസില്‍ ആദിത്യനാഥിനെതിരെ ചാര്‍ജ്ഷീറ്റ് സമര്‍പ്പിക്കാന്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവുണ്ടായിരുന്നെങ്കിലും, ഇത് സെഷന്‍സ് കോടതി മരവിപ്പിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് അലഹബാദ് ഹൈക്കോടതിയെയും, ശേഷം സുപ്രീം കോടതിയെയും സമീപിച്ചിരിക്കുകയായിരുന്നു പര്‍വേസ്. ഇതിനിടെയാണ് അറസ്റ്റ്.