Connect with us

Articles

ബി ജെ പി വളര്‍ത്തിയ കോണ്‍ഗ്രസിന്റെ സന്തതി

Published

|

Last Updated

പ്രതിപക്ഷത്തിരിക്കുമ്പോള്‍ ബി ജെ പി ശക്തിയുക്തം എതിര്‍ക്കുകയും അധികാരത്തിലെത്തിയപ്പോള്‍ കോണ്‍ഗ്രസിനേക്കാള്‍ കൂടുതല്‍ ജനവിരുദ്ധമാക്കി നടപ്പാക്കുകയും ചെയ്ത നിരവധി പദ്ധതികളില്‍ ഒന്നാണ് ആധാര്‍ നിര്‍ബന്ധമാക്കല്‍. വ്യാജ സബ്‌സിഡി തടയാനും കള്ളപ്പണം പിടിക്കാനുമെന്ന പേരില്‍ യു പി എ സര്‍ക്കാര്‍ ആരംഭിക്കുകയും പിന്നീട് ബി ജെ പി അധികാരത്തിലെത്തിയ ശേഷം ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കി നടപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്ത നിര്‍ബന്ധിത ആധാറിലാണ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വിയോജിപ്പോടെ സുപ്രധാന വിധി വന്നിരിക്കുന്നത്.

പൗരന്റെ അവകാശങ്ങളെ നിഷേധിക്കുന്ന ആധാറുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ അഞ്ചംഗ ബഞ്ചിന്റെ വിധി രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വാഗതം ചെയ്യുമ്പോള്‍ സാധാരണ ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ പരമോന്നത കോടതി വിധി പര്യാപ്തമല്ലെന്നാണ് നിയമ വിദഗ്ധരുടെ പക്ഷം. സ്വകാര്യതക്കും രാജ്യസുരക്ഷക്കും ഭീഷണിയുയര്‍ത്തുന്ന നിര്‍ബന്ധിത ആധാറിന് നിലവില്‍ ചില നിയന്ത്രണങ്ങളോടെ അനുമതി നല്‍കുകയാണ് കോടതി ചെയ്തിരിക്കുന്നത്. ബേങ്ക് അക്കൗണ്ട് എടുക്കാന്‍ ആധാര്‍ വേണ്ടെങ്കിലും പാന്‍ കാര്‍ഡ് എടുക്കാന്‍ ആധാര്‍ നിര്‍ബന്ധമാണ്. സുഗമമായ ബേങ്കിംഗ് ഇടപാടുകള്‍ക്ക് പാന്‍കാര്‍ഡ് നിര്‍ബന്ധമാണെന്നിരിക്കെ തത്വത്തില്‍ ബേങ്കിംഗ് ഇടപാടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമായി തന്നെ നില്‍ക്കുകയാണ്. പൗരന്റെ സ്വകാര്യതയും രാജ്യ സുരക്ഷയും പ്രധാനമാണെന്നതിനാല്‍ ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കണമെന്ന് ആധാര്‍ ആക്ട് 28, 29 എന്നിവ വ്യക്തമാക്കുന്നുണ്ടെങ്കിലും കേന്ദ്ര സര്‍ക്കാറുകള്‍ക്ക് ഇക്കാര്യത്തില്‍ വിവേചനാധികാരം നല്‍കുന്ന നിയമം ബി ജെ പിയെ പോലുള്ള ജനദ്രോഹ നയങ്ങള്‍ നിര്‍ബാധം തുടരുന്ന ഒരു സര്‍ക്കാര്‍ ദുരുപയോഗം ചെയ്യില്ലെന്ന് ഉറപ്പുവരുത്താന്‍ സുപ്രീം കോടതി വിധിക്ക് കഴിയില്ലെന്ന് വ്യക്തമാണ്. ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വിയോജിപ്പ് ഇത് അടിവരയിടുന്നുണ്ട്.

ആധാര്‍ സുരക്ഷയില്‍ പഴുതില്ലെന്ന് സവിശേഷ തിരിച്ചറിയല്‍ അതോറിറ്റി (യു ഐ ഡി എ ഐ) ആണയിടുമ്പോഴും 2500 രൂപയുടെ സോഫ്റ്റ്‌വെയര്‍ പാച്ച് ഉപയോഗിച്ച് ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താമെന്നും ലോകത്തെവിടെ നിന്നും ആര്‍ക്കും പുതിയ ആധാര്‍ നമ്പര്‍ സൃഷ്ടിക്കാമെന്നും ഹാക്കര്‍മാരും മറ്റും കേന്ദ്ര സര്‍ക്കാറിനെയും യു ഐ ഡി എ ഐയും വെല്ലുവിളിച്ചതും ചെയര്‍മാന്റെ തന്നെ വെല്ലുവിളിയിലൂടെ ഹാക്ക് ചെയ്ത് കാണിച്ചതും രാജ്യം കണ്ടതാണ്. ആധാര്‍ നമ്പര്‍ സൃഷ്ടിക്കാന്‍ ഒരു വ്യക്തിയുടെ ബയോമെട്രിക് വിവരങ്ങള്‍ സാധുവാകണമെന്ന പ്രാഥമിക സുരക്ഷാവ്യവസ്ഥ തന്നെ സോഫ്റ്റ്‌വെയര്‍ പാച്ച് വഴി മറികടക്കാമെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമിന്റെ പ്രവര്‍ത്തനരീതി മാറ്റാന്‍ സഹായിക്കുന്ന കോഡുകളുടെ ശൃംഖലയാണു “പാച്ച്” എന്നറിയപ്പെടുന്നത്. ചെറിയ അപ്‌ഡേറ്റുകള്‍ക്കാണു സാധാരണ ഉപയോഗിക്കുന്നതെങ്കിലും ദുരുപയോഗം ചെയ്യപ്പെടാറുമുണ്ട്.

പൗരന്റെ സ്വകാര്യതക്കപ്പുറം രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന സര്‍ക്കാറിന് ഈ ബലഹീനത പരിഹരിക്കാന്‍ താത്പര്യമുണ്ടാകില്ലെന്ന് വ്യക്തമാണ്. പൗരന്റെ ആശങ്കകള്‍ പരിഹരിക്കുന്ന വ്യക്തമായ നിര്‍ദേശങ്ങളൊന്നും സുപ്രീം കോടതി വിധിയിലില്ലെന്ന് ആശങ്ക പങ്കുവെക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. ഭരണത്തിലെത്തുന്നതിന് രണ്ടാഴ്ച മുമ്പ് നടത്തിയ പ്രസംഗത്തില്‍ ആധാര്‍ പൗരാവകാശം നിഷേധിക്കുന്ന പദ്ധതിയാണെന്ന് തുറന്നടിച്ചയാളാണ് ഇപ്പോള്‍ പ്രധാനമന്ത്രിയെന്നോര്‍ക്കണം. ആ പ്രസംഗം ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

ഒന്നാം യു പി എ സര്‍ക്കാറിന്റെ അവസാന കാലത്ത് 2009 ജനുവരി 28 നായിരുന്നു ഏകീകൃത തിരിച്ചറിയല്‍ രേഖയായ ആധാറിന് ആസൂത്രണ കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. ജൂലൈയില്‍ നന്ദന്‍ നിലേകനി പദ്ധതിയുടെ ചെയര്‍മാനായി ചുമതലയേറ്റു. 2010 സെപ്തംബറില്‍ മഹാരാഷ്ട്രയിലെ തെമ്പിലി ഗ്രാമത്തില്‍ ആദ്യ ആധാര്‍ വിതരണം നടന്നു. 2011 നവംബര്‍ ആയപ്പോഴേക്കും 100 മില്യണ്‍ ആധാര്‍ കാര്‍ഡുകള്‍ വിതരണം ചെയ്തതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

തുടര്‍ന്ന് ആധാറിനെതിരായ ആദ്യ ഹരജി 2012ല്‍ സുപ്രീം കോടതിക്ക് മുമ്പാകെ എത്തി. 2013 സെപ്തംബര്‍ 23 ന് രണ്ടംഗ ബഞ്ച് ആധാര്‍ കേസില്‍ വിശദമായി വാദം കേള്‍ക്കുമെന്ന് അറിയിച്ചു. തുടര്‍ന്ന് നവംബര്‍ 26ന് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും കേസില്‍ പ്രതികരണമറിയിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. 2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ആധാര്‍ പദ്ധതിക്ക് പ്രാധാന്യം നല്‍കുകയും പൊതു ബജറ്റില്‍ 2039 കോടി രൂപ അനുവദിക്കുകയും ചെയ്തു. 2016 മാര്‍ച്ച് മൂന്നിന് ലോക്‌സഭയില്‍ ആധാര്‍ ബില്‍ അവതരിപ്പിക്കുകയും മണി ബില്ലായി പാസ്സാക്കുകയും ചെയ്തു. വണ്ടത്ര ചര്‍ച്ചകള്‍ നടത്താതെയാണ് ആധാര്‍ ബില്ല് പാസാക്കിയത് എന്നാരോപിച്ച് മെയ് 10 ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് സുപ്രീം കോടതിയെ സമീപിച്ചു. സത്യത്തില്‍ തങ്ങളുടെ കുഞ്ഞിന്റെ വളര്‍ത്തു ദോഷത്തെ പഴിക്കുകയായിരുന്നു കോണ്‍ഗ്രസ്.

അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ എസ് കെഹാര്‍ കേന്ദ്ര സര്‍ക്കാര്‍ വാദങ്ങളില്‍ ചിലത് ശരിവച്ചു. ജസ്റ്റിസ് ദീപക് മിശ്ര ചീഫ് ജസ്റ്റിസ് ആയ ശേഷം 2018 ജനുവരി 17 ന് ആധാര്‍ കേസ് അഞ്ചംഗ ഭരണഘടനാ ബഞ്ച് വാദം കേള്‍ക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് 38 ദിവസം നീണ്ടു നിന്ന മാരത്തോണ്‍ വാദം കേള്‍ക്കലിനൊടുവിലാണ് ഭാഗിക നിയന്ത്രണം വരുത്തുന്ന വിധി വന്നിരിക്കുന്നത്.

ഈ വിധി പുറത്ത് വരുമ്പോള്‍ മറ്റ് പല ന്യൂനപക്ഷ വിധികളെപ്പോലെ ഇവിടെയും പ്രസക്തമാകുന്നത് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ വിധിക്കുറിപ്പാണ്. ആധാര്‍ നിയമം മണി ബില്‍ ആയി പാസ്സാക്കാന്‍ അനുവദിച്ച സ്പീക്കറുടെ നടപടി ഭരണഘടനാവിരുദ്ധമാണ്. ഇക്കാര്യം കൊണ്ട് തന്നെ ആധാര്‍ ഭരണഘടനാവിരുദ്ധമാണെന്ന് ചന്ദ്രചൂഡിന്റെ വിയോജന വിധി വ്യക്തമാക്കുന്നു.

വിരലടയാളം പോലുള്ള ബയോമെട്രിക്ക് വിവരങ്ങള്‍ ഒരിക്കല്‍ നഷ്ട്ടപ്പെട്ടുപോയാല്‍ പിന്നെ തിരിച്ചെടുക്കാനോ മാറ്റാനോ കഴിയാത്തതാണ് അതുകൊണ്ടുതന്നെ അവ ശേഖരിക്കുന്നത് സ്വകാര്യതാ ലംഘനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ജനങ്ങളുടെ ആശങ്കകളെയാണ് ഈ വാക്കുകള്‍ പ്രതിനിധാനം ചെയ്യുന്നത്.

ആധാര്‍ ആക്ടില്‍ പറഞ്ഞിരിക്കുന്നതും സര്‍ക്കാര്‍ അറിയിച്ചതുമായ സുരക്ഷാക്രമങ്ങളും മുന്‍കരുതലുകളും അപര്യാപ്തമാണ്. ആധാര്‍ ഉപയോഗിച്ചുള്ള കൂട്ട നിരീക്ഷണ സാധ്യതകള്‍ തള്ളക്കളയാനാകില്ലെന്നും അദ്ദേഹം നിസ്സംശയം വ്യക്തമാക്കുന്നു. സബ്‌സിഡികള്‍ക്കും ആനുകൂല്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കുന്ന സെക്ഷന്‍ ഏഴ് ഭരണഘടനാവിരുദ്ധമാണ്. കാരണം ആധാര്‍ തിരിച്ചറിയല്‍ രേഖയല്ലെന്നാണ് ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കുന്നത്. 2009ല്‍ ആരംഭിച്ച ആധാര്‍ പദ്ധതിക്ക് നിയമപരിരക്ഷ ലഭിക്കുന്നത് 2016ല്‍ മാത്രമാണ്. പക്ഷേ, ഉദ്ഘാടനം മുതല്‍ നിയമസാധുത മുന്‍കൂര്‍ നല്‍കുകയാണ് നിയമത്തിലെ അതുസംബന്ധിച്ച വ്യവസ്ഥയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ബേങ്ക്, ടെലികോം മേഖലകളില്‍ ആധാര്‍ നിര്‍ബന്ധമാക്കിയ പി എം എല്‍ ചട്ടങ്ങള്‍ നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കുന്ന അദ്ദേഹം ബേങ്കുകളും ടെലികോം കമ്പനികളും ഇതിനകം ശേഖരിച്ച വിവരങ്ങള്‍ നശിപ്പിച്ചു കളയണമെന്ന് നിഷ്‌കര്‍ഷിക്കുകയും ചെയ്യുന്നു.

ആധാര്‍ വിഷയത്തില്‍ ആദ്യം ഹരജിയുമായെത്തിയ റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജ് കെ എസ് പുട്ടസ്വാമി പറഞ്ഞതാണ് സത്യം. “ന്യൂനപക്ഷ വിധികളാണ് ചിലപ്പോള്‍ ശരി. പക്ഷേ നിലനില്‍ക്കുക ഭൂരിപക്ഷ വിധിയാണല്ലോ”.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest