Connect with us

National

രാഹുല്‍ ഇടപെട്ടു; കര്‍ണാടകയില്‍ രണ്ടാംഘട്ട മന്ത്രിസഭാ വികസനം അടുത്ത മാസം

Published

|

Last Updated

ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ജെ ഡി എസ് സഖ്യസര്‍ക്കാറിലെ രണ്ടാം ഘട്ട മന്ത്രിസഭാ വികസനം അടുത്ത മാസം 10ന് മുമ്പ് നടത്താന്‍ നീക്കം. സഖ്യസര്‍ക്കാറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന തരത്തില്‍ ഇരുകക്ഷികളിലും നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ മന്ത്രിസഭാ വികസനം ഉടന്‍ നടത്തുകയാണ് നല്ലതെന്ന പൊതു അഭിപ്രായം കോണ്‍ഗ്രസ്- ജെ ഡി എസ് നേതൃത്തില്‍ ശക്തമാണ്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും മന്ത്രിസഭാ വികസനം ഉടന്‍ നടത്തുന്ന കാര്യത്തില്‍ അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. പാര്‍ട്ടിക്കുള്ളില്‍ കലാപത്തിന് തുടക്കമിട്ട എം എല്‍ എമാര്‍ക്ക് അവരുടെ ആവശ്യങ്ങള്‍ എന്തായാലും പരിഗണിക്കാമെന്ന് രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കിയിട്ടുണ്ട്. ബെല്‍ഗാവിയിലെ ജാര്‍ക്കിഹോളി സഹോദരന്മാരെയായിരിക്കും ഇതിനായി പരിഗണിക്കുക. ഒരാള്‍ക്ക് ഉപമുഖ്യമന്ത്രി പദവും മറ്റൊരാള്‍ക്ക് പാര്‍ട്ടി അധ്യക്ഷ പദവിയും നല്‍കാമെന്ന് രാഹുല്‍ സമ്മതിച്ചതായി റിപ്പോര്‍ട്ടുണ്ട്.

സിദ്ധരാമയ്യ മന്ത്രിസഭയില്‍ മന്ത്രിമാരായിരുന്ന രാമലിംഗ റെഡ്ഡി, എം ബി പാട്ടീല്‍ എന്നിവര്‍ക്കും മന്ത്രിസ്ഥാനം നല്‍കിയേക്കും. അതേസമയം, മന്ത്രിസ്ഥാനം ലഭിക്കാത്ത നേതാക്കളെ വിവിധ ബോര്‍ഡ്, കോര്‍പറേഷന്‍, ചെയര്‍മാന്‍ സ്ഥാനങ്ങളില്‍ നിയമിക്കും.
മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയും എം എല്‍ എയുമായ ലക്ഷ്മി ഹെബ്ബാല്‍ക്കര്‍, ജാര്‍ക്കിഹോളി സഹോദരന്മാര്‍ എന്നിവരുമായി കൂടിയാലോചന നടത്തി പ്രശ്‌നങ്ങള്‍ക്ക് സമവായം ഉണ്ടാക്കാനാണ് സിദ്ധരാമയ്യ നീക്കങ്ങള്‍ നടത്തുന്നത്. ഇതിന് അവര്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. ഇവര്‍ തമ്മിലുള്ള യോഗത്തിന്‍ സിദ്ധരാമയ്യ മധ്യസ്ഥത വഹിക്കുമെന്നാണ് റിപ്പോര്‍ട്ട്.

കോണ്‍ഗ്രസ് എം എല്‍ എമാരെ ചാക്കിട്ട് പിടിക്കാന്‍ ബി ജെ പി വാട്‌സാപ്പ് കോളുകള്‍ വഴി ശ്രമം തുടരുന്നതായി കോണ്‍ഗ്രസ് നേതൃത്വം ഇന്നലെയും ആരോപിച്ചു. ഇവര്‍ നല്‍കുന്ന ഓഫറുകള്‍ റെക്കോര്‍ഡ് ചെയ്ത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനാണ് സിദ്ധരാമയ്യയുടെ നിര്‍ദേശം. ഇതുവഴി ബി ജെ പിയെ നാണം കെടുത്തുകയാണ് ലക്ഷ്യം. എന്നാല്‍ ചാക്കിട്ട് പിടുത്തത്തിന് ബി ജെ പി ശ്രമിക്കുന്നില്ലെന്നാണ് യെദ്യൂരപ്പയുടെ വാദം. ഇത് പൊളിക്കാനുള്ള കളികളാണ് കോണ്‍ഗ്രസ് വിവിധ തലങ്ങളിലായി നടത്തുന്നത്. അദ്ദേഹം ഫോണില്‍ സംസാരിച്ചിരുന്നു. ബി ജെ പിയിലേക്ക് പോകാന്‍ സാധ്യതയുള്ള എല്ലാ എം എല്‍ എമാരുടെ യോഗം സിദ്ധരാമയ്യ വിളിച്ച് ചേര്‍ത്തിട്ടുണ്ട്. ഇവര്‍ക്ക് പ്രത്യേക നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്.

അഞ്ച് കോടി രൂപയും മന്ത്രിസ്ഥാനവുമാണ് യെദ്യൂരപ്പ പല എം എല്‍ എമാര്‍ക്കും വാഗ്ദാനം ചെയ്തിരിക്കുന്നത്. ജെ ഡി എസ് നേതാക്കളെ മൈസൂരുവിലെത്തിയാണ് അദ്ദേഹം കണ്ടതെന്ന വിവരം പുറത്തുവന്നിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് ബി ജെ പിയുമായുള്ള വാക്‌പോര് അവസാനിപ്പിക്കാന്‍ രാഹുല്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കാണാതായ എം എല്‍ എമാര്‍ യെദ്യൂരപ്പയും ശ്രീരാമുലുവുമായും ചര്‍ച്ചകള്‍ നടത്തിയതായാണ് റിപ്പോര്‍ട്ട്. സര്‍ക്കാറിനെ താഴെ വീഴ്ത്താന്‍ ബി ജെ പിയെ സമീപിച്ച എം എല്‍ എമാരെ കോണ്‍ഗ്രസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.