Connect with us

Editorial

ആശ്വാസം, പക്ഷേ

Published

|

Last Updated

ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ മോദി സര്‍ക്കാറിനും ബി ജെ പിക്കും ആശ്വാസമേകുന്നതാണ് ആധാറിന് നിയമ സാധുത നല്‍കിയ കോടതി വിധി. ആധാര്‍ ജനങ്ങള്‍ക്ക് പ്രയോജനപ്രദവും പൗരന്‍മാര്‍ക്ക് ഉപകാര പ്രദവുമാണെന്നും സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് വിലാസമുണ്ടാക്കിക്കൊടുക്കാന്‍ ആധാറിന് കഴിഞ്ഞുവെന്നുമുള്ള നിരീക്ഷണത്തോടെയാണ് ഭരണഘടനാ ബഞ്ച് ആധാറിന് അംഗീകാരം നല്‍കിയത്. റാഫേല്‍ ഇടപാട് വിവാദം ദേശീയ രാഷ്ട്രീയത്തില്‍ കത്തിനില്‍ക്കെ ആധാറിന്റെ നിയമ സാധുത കോടതി തള്ളിപ്പറഞ്ഞിരുന്നെങ്കില്‍ സര്‍ക്കാറിന് അതൊരു ഇടിത്തീ ആകുമായിരുന്നു. അതേസമയം ദേശസുരക്ഷയുടെ പേരില്‍ ആവശ്യമെങ്കില്‍ ആധാര്‍ വിവരങ്ങള്‍ കൈമാറാന്‍ അനുവാദം നല്‍കുന്ന 33(2) വകുപ്പും വ്യക്തിവിവരങ്ങള്‍ ഉറപ്പിക്കാനായി സ്വകാര്യ കമ്പനികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ ഉപയോഗിക്കാന്‍ പഴുത് സൃഷ്ടിക്കുന്ന 57-ാം വകുപ്പും കോടതി റദ്ദാക്കിയത് സര്‍ക്കാറിന് തിരിച്ചടിയാണ്.

ക്ഷേമപദ്ധതികളുടെ പ്രയോജനം ജനങ്ങള്‍ക്ക് നേരിട്ട് ലഭ്യമാക്കാനും തട്ടിപ്പുകള്‍ തടയാനും ആധാര്‍ സഹായകമാണെന്ന സര്‍ക്കാര്‍ വാദം വിധി പ്രസ്താവത്തില്‍ കോടതി ഊന്നിപ്പറയുന്നുണ്ട്. ഇടപാടുകള്‍ സുതാര്യമാക്കാനും അനധികൃതമായവ തടയാനും ആധാറിലൂടെ കഴിയുമെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം കഴിഞ്ഞ ഏപ്രിലില്‍ കേസിന്റെ വാദം കേള്‍ക്കലിനിടെ സുപ്രീംകോടതി തന്നെ നിരസിച്ചതാണ്. തട്ടിപ്പുകാരുടെ വിവരങ്ങള്‍ ലഭിക്കാന്‍ ആധാര്‍ എളുപ്പമാണെങ്കിലും തട്ടിപ്പ് തടയാന്‍ ആധാറിനു ശേഷിയില്ല. ആര്‍ക്കൊക്കെയാണ് വായ്പകള്‍ കൊടുക്കുന്നതെന്നു ബേങ്കുകള്‍ക്ക് അറിയാം. ബേങ്ക് ഉദ്യോഗസ്ഥരും തട്ടിപ്പുകാരും തമ്മില്‍ അടുപ്പമുണ്ട്. ആധാര്‍ കൊണ്ടൊന്നും ഈ തട്ടിപ്പ് തടയാനാകില്ലെന്ന്–അന്ന് വാക്കാല്‍ സുപ്രീംകോടതി ബഞ്ച് സര്‍ക്കാറിനെ ഓര്‍മിപ്പിച്ചിരുന്നു. ഇങ്ങനെ പോയാല്‍ നാളെ ജനങ്ങളെല്ലാവരും ഡി എന്‍ എ പരിശോധനക്കായി നിര്‍ബന്ധമായും ആധാര്‍ അതോറിറ്റിക്കു രക്തസാംപിളുകള്‍ നല്‍കണമെന്ന് ആവശ്യപ്പെടുകയില്ലേയെന്നും കോടതി ചോദിച്ചിരുന്നു. അന്നത്തെ പരാമര്‍ശങ്ങള്‍ കോടതി മറന്നതായിരിക്കുമോ?

ഭരണഘടന ഉറപ്പുതരുന്ന സ്വകാര്യതയെന്ന മൗലികാവകാശത്തിന്റെ ലംഘനമാണ് ആധാറെന്നു കാണിച്ച് സമര്‍പ്പിക്കപ്പെട്ട ഹരജികളിലാണ് സുപ്രീം കോടതി വിധി. എന്നാല്‍, ഹരജിക്കാരുടെ ആശങ്ക അസ്ഥാനത്താണെന്ന ഉറച്ച നിലപാടെടുക്കാന്‍ കോടതിക്കായിട്ടില്ല. കൃത്രിമമായി നിര്‍മിക്കാനാകാത്തതും ശേഖരിച്ച വിവരങ്ങള്‍ തികച്ചും സുരക്ഷിതവുമെന്ന് വിധിപ്രസ്താവത്തില്‍ കോടതി സാക്ഷ്യപ്പെടുത്തുന്നുണ്ടെങ്കിലും ആധാര്‍ വിവരങ്ങളുടെ ചോര്‍ച്ച നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ഈ അവകാശവാദം അംഗീകരിക്കപ്പെടാന്‍ പ്രയാസമാണ്.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കകര്‍, എ കെ സിക്രി, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരുള്‍ക്കൊള്ളുന്ന അഞ്ചംഗ ഭരണ ഘടനാ ബഞ്ചില്‍ ആദ്യത്തെ മൂന്ന് പേരാണ് വിധിപ്രസ്താവത്തില്‍ പറഞ്ഞ ന്യായങ്ങളോട് പൂര്‍ണമായും യോജിച്ചത്. മറ്റു രണ്ട് പേരും വിധിയിലെ ആശയങ്ങളോട് യോജിച്ചിട്ടില്ലെന്നു മാത്രമല്ല, സര്‍ക്കാര്‍ ചര്‍ച്ച കൂടാതെ ആധാര്‍ ബില്‍ പാസാക്കിയത് ഭരണഘടനയുടെ മറവില്‍ നടന്ന തട്ടിപ്പാണെന്ന് തുറന്നടിക്കുകയുമുണ്ടായി. ഭരണഘടനയുടെ 14-ാം വകുപ്പിന് വിരുദ്ധമാണ് ആധാറെന്നും വിവരങ്ങളുടെ സ്വകാര്യതയേയും വിവര സുരക്ഷയേയും ആധാര്‍ ലംഘിക്കുന്നതായും അവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ബയോമെട്രിക് വിവരങ്ങള്‍ ഒരിക്കല്‍ കൈമോശം വന്നാല്‍ അത് എന്നെന്നേക്കുമുള്ള പ്രശ്‌നമായി മാറുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

സര്‍ക്കാര്‍ പദ്ധതികളിലെ നേട്ടങ്ങള്‍ അര്‍ഹരായവര്‍ക്ക് മാത്രം ലഭ്യമാക്കാനുള്ള ഒരു സാങ്കേതിക വിദ്യയെന്ന സവിശേഷത ആധാറിനുണ്ടെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാല്‍ തന്നെ ഭരണഘടന പൗരന് നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമുള്‍പ്പെടെ ഒട്ടേറെ അപകടങ്ങള്‍ അതില്‍ പതിയിരിപ്പുണ്ടെന്ന ആശങ്ക നിയമവൃത്തങ്ങളില്‍ തന്നെയുണ്ടെന്നാണ് ന്യായാധിപന്മാര്‍ക്കിടയിലെ ഭിന്നത വ്യക്തമാക്കുന്നത്. ആധാര്‍ സുരക്ഷിതമാണെന്നത് യു ഐഡി എ ഐയുടെയും പാര്‍ലിമെന്റില്‍ നിയമം ചുട്ടെടുത്ത സര്‍ക്കാറിന്റെയും കേവല അവകാശ വാദം മാത്രമാണ്. കോടതി അതപ്പടി ഏറ്റുപറഞ്ഞതു കൊണ്ട് ജനങ്ങള്‍ക്കിടയില്‍ ഇതു സംബന്ധിച്ചുയര്‍ന്ന ആശങ്ക പരിഹൃതമാകുകയില്ല. ആധാര്‍ വിവരങ്ങളുടെ ചോര്‍ച്ച അടിക്കടി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ വിശേഷിച്ചും.

ആന്ധ്രാപ്രദേശ് ഭവന നിര്‍മാണ പദ്ധതിയുടെ വെബ് സൈറ്റില്‍ നിന്ന് 1.3 ലക്ഷം പേരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നത് അടുത്തിടെയാണ്. ഗുണഭോക്താക്കളുടെ വിലാസം, മൊബൈല്‍ നമ്പര്‍, റേഷന്‍ കാര്‍ഡ് നമ്പര്‍, തൊഴില്‍, ജാതി, മതം, ആധാര്‍ നമ്പര്‍, ബേങ്ക് അക്കൗണ്ട് നമ്പര്‍, ബ്രാഞ്ച് അടക്കമുള്ള വിവരങ്ങളാണ് ചോര്‍ന്നത്. ആധാര്‍ സുരക്ഷിതമാണെന്ന് കാണിക്കാന്‍ സ്വന്തം ആധാര്‍ നമ്പര്‍ പരസ്യമാക്കിയ ടെലികോം റെഗുലേറ്ററി അതോറിറ്റി ചെയര്‍മാന്‍ ആര്‍ എസ് ശര്‍മ്മയുടെ ബേങ്ക് വിവരങ്ങളും പാന്‍ കാര്‍ഡ് നമ്പറും ഫോണ്‍ നമ്പറുമടക്കം പരസ്യപ്പെടുത്തി ഹാക്കര്‍മാര്‍ അദ്ദേഹത്തിന്റെ അവകാശവാദത്തെ പൊളിച്ചടക്കുകയുമുണ്ടായി. സോഫ്റ്റ്‌വെയര്‍ പാച്ച് ഉപയോഗിച്ച് ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താമെന്നും ലോകത്തെവിടെ നിന്നും ആര്‍ക്കും പുതിയ ആധാര്‍ നമ്പര്‍ സൃഷ്ടിക്കാമെന്നും സൈബര്‍ വിദഗ്ധര്‍ തെളിയിച്ചിട്ടുമുണ്ട്. ആധാര്‍ സോഫ്റ്റ്‌വെയറിന്റെ പഴയ പതിപ്പില്‍ നിന്നുള്ള കോഡ് ഉപയോഗിച്ചാണ് അവര്‍ പുതിയ സോഫ്റ്റ്‌വെയര്‍ പാച്ച് നിര്‍മിച്ചത്. ഇത്തരമൊരു സംവിധാനത്തെ തീര്‍ത്തും സുരക്ഷിതമെന്ന് എങ്ങനെ വിധിയെഴുതാനാകും? സ്വകാര്യത വ്യക്തിയുടെ മൗലികാവകാശമാക്കുന്ന 1948ലെ ഐക്യരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തില്‍ ഒപ്പുവെച്ച രാജ്യമാണ് ഇന്ത്യ. ഇന്ത്യന്‍ ഭരണഘടന ഇതിന് അടിവരയിടുന്നുമുണ്ട്. ജസ്റ്റിസ് ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടതു പോലെ സാങ്കേതികവിദ്യയുടെ മാറ്റത്തിന് അനുസൃതമായി വിട്ടുവീഴ്ച ചെയ്യാകുന്നതല്ല ഭരണഘടനാപരമായ ഉറപ്പുകള്‍.

Latest