പുതിയ ടെലികോം നയം അംഗീകരിച്ചു; 40 ലക്ഷം പേർക്ക് ജോലി, 50എ‌ബിബിഎസ് വേഗത്തിൽ ഇന്റര്‍നെറ്റ്

Posted on: September 26, 2018 6:17 pm | Last updated: September 26, 2018 at 6:24 pm

ന്യൂഡല്‍ഹി: പുതിയ ടെലികോം നയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. 100 ബില്യണ്‍ ഡോളറിന്റെ നിക്ഷേപവും 40 ലക്ഷം തൊഴിലവസരങ്ങളും ലക്ഷ്യമിടുന്നതാണ് നാഷണല്‍ ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍സ് പോളിസി 2018 എന്ന പുതിയ ടെലികോം നയം.

ഇതനുസരിച്ച് രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും 50 എംബിബിഎസ് വേഗതയുള്ള ബ്രോഡ് ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കും. പഞ്ചായത്തുകള്‍ക്ക് 2020നുള്ളില്‍ ഒരു ജിബിപിഎസ് വേഗതയുള്ള കണക്ഷനും 2022നുള്ളില്‍ 10 ജിബിപിഎസ് വേഗതയുള്ള കണക്ഷനും ലഭ്യമാക്കുമെന്നും മന്ത്രിസഭാ യോഗ തിരുമാനങ്ങള്‍ വീശദീകരിച്ച് ടെലികോം മന്ത്രി മനോജ് സിന്‍ഹ അറിയിച്ചു.

എല്ലായിടത്തും ലഭ്യമാകുന്നതും സുരക്ഷിതമായതും ഇടതടവില്ലാതെ ലഭ്യമാകുന്നതും ചെലവുകുറഞ്ഞതുമായ ആശയവിനിമയ സേവനമാണ് പുതിയ നയത്തിന്റെ ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. ഇതിലൂടെ ഇന്ത്യയെ അന്താരാഷ്ട ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന്റെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി ഡെവലപ്‌മെനറ് ഇന്‍ഡക്‌സില്‍ ഉള്‍പ്പെടുന്ന ആദ്യ 50 രാജ്യങ്ങളില്‍ ഒന്നാകുവാനാണ് ഉദ്ദേശിക്കുന്നത്. നിലവില്‍ ഈ ഇന്‍ഡക്‌സില്‍ ഇന്ത്യ 134ാം സ്ഥാനത്താണ്.