Connect with us

Gulf

ശൈഖ് സായിദ് ചിത്രങ്ങളുമായി മുഹമ്മദ് അല്‍ ഖാലിദി

Published

|

Last Updated

അബുദാബി: യു എ ഇ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍താന്‍ അല്‍ നഹ്‌യാന്റെ ജീവിതത്തിലൂടെ കടന്ന് പോകുന്ന ചിത്രങ്ങളുമായി ഫോട്ടോഗ്രഫര്‍ മുഹമ്മദ് അല്‍ ഖാലിദി. എമിറേറ്റ്‌സ് ഫാല്‍ക്കണേര്‍സ് ക്ലബ്ബിന്റെ മുന്‍ ഫോട്ടോഗ്രഫര്‍ കൂടിയായ മുഹമ്മദ് അല്‍ ഖാലിദി പകര്‍ത്തിയ 1976 മുതല്‍ 2004 വരെ ശൈഖ് സായിദ് നടത്തിയ ഫാല്‍കണ്‍റി ഹണ്ടിങ് ട്രിപ്പുകളുടെ 3000ത്തിലധികം ഫോട്ടോകളാണ് ശൈഖ് സായിദ് ഫസ്റ്റ് ഫാല്‍കണര്‍ ഗാലറി നഗരിയില്‍ പ്രദര്‍ശിപ്പിക്കുന്നത്.

ശൈഖ് സായിദ്, യു എ ഇ യുടെ പ്രസിഡണ്ട് ശൈഖ് ഖലീഫ, ഭരണാധികാരികളായ ശൈഖ് ഹംദാന്‍, ശൈഖ് സുല്‍ത്താന്‍, ശൈഖ് സൈഫ് തുടങ്ങിയവര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ വേട്ടകളാണ് ഫോട്ടോ ശേഖരത്തില്‍ പ്രധാനമായുമുള്ളത്. 72 ഫ്രയിമുകളിലായി 3800 ഫോട്ടോകളാണ് മുഹമ്മദ് അല്‍ ഖാലിദി സൂക്ഷിച്ചിട്ടുള്ളത്. 34 വര്‍ഷം 1970 മുതല്‍ 2004 വരെ ശൈഖ് സായിദിന്റെ കൂടെയായിരുന്നു ഖാലിദി. 13 വര്‍ഷമായി ശൈഖ് ഖലീഫയുടെ കൂടെയും സ്ഥിരം ഫോട്ടോ ഗ്രഫറാണ് .
ശൈഖ് സായിദ് പ്രധാനമായും വേട്ടക്ക് പോയിരുന്നത് അബുദാബിയുടെ പശ്ചിമേഷ്യന്‍ മേഖലയായ അല്‍ ദഫ്റയിലെ ബൈനൂന, പാക്കിസ്ഥാന്‍, മൊറോക്കോ, അള്‍ജീരിയ, മാലി, എന്നിവിടങ്ങളിലായിരുന്നു. പാക്കിസ്താനിലേക്ക് വേട്ടക്കായി എല്ലാവര്‍ഷവും ശൈഖ് സായിദ് പോകുമായിരുന്നു,

ശൈഖ് ഖലീഫ, പാക്കിസ്ഥാന്‍, കസാഖിസ്ഥാന്‍, തുര്‍ക്മാനിസ്ഥാന്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് വേട്ടക്കായി പോയിരുന്നത് ഖാലിദി പറയുന്നു. അബുദാബി നഗരത്തില്‍ മുറൂര്‍ റോഡില്‍ താമസിക്കുന്ന ഖാലിദി, അബുദാബി അല്‍ ബാഹിയയിലെ സ്റ്റോറിലാണ് മുഴുവന്‍ ഫോട്ടോകളുടേയും ഫ്രെയിമുകള്‍ സൂക്ഷിക്കുന്നത്.