Connect with us

Gulf

'ഖദാന്‍ 2021' അബുദാബിയുടെ സമ്പദ് വ്യവസ്ഥക്ക് കുതിപ്പേകും

Published

|

Last Updated

അബുദാബി കോര്‍ണിഷില്‍ പുതുതായി നിര്‍മിച്ച പ്രസിഡന്‍ഷ്യല്‍ പാലസ്‌

അബുദാബി: എമിറേറ്റിന്റെ സമ്പദ് വ്യവസ്ഥക്ക് കുതിപ്പേകാനുള്ള വിവിധ സംരംഭങ്ങള്‍ ഖദാന്‍ 2021 ന് കീഴില്‍ കൊണ്ടുവരുമെന്ന് അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേന ഉപ മേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അറിയിച്ചു. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ശ്രദ്ധവെക്കുന്നത് ബിസിനസ് സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനാണെന്നും 50ഓളം സംരംഭങ്ങളാണ് ഇതിന്റെ ഭാഗമായി വിഭാവനം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എമിറേറ്റിലെ പൗരന്മാര്‍ക്കും നിക്ഷേപകര്‍ക്കും മുന്‍ഗണന നല്‍കിയാണ് പദ്ധതികള്‍ വിഭാവനം ചെയ്തിരിക്കുന്നത്. ഖദാന്‍ 2021 എന്ന് പേരിട്ടിരിക്കുന്ന അബുദാബിയുടെ ഉത്തേജന പാക്കേജിനായി മൂന്ന് വര്‍ഷത്തേക്ക് 1360 കോടി ദിര്‍ഹമാണ് സര്‍ക്കാര്‍ നീക്കിവെക്കുന്നത്. ഇതില്‍ 545 കോടി ദിര്‍ഹം 2019ല്‍ നടപ്പാക്കുന്ന വികസന പദ്ധതികള്‍ക്കായി ചെലവിടും.

ബിസിനസും നിക്ഷേപവും, സമൂഹം, അറിവും ഇന്നൊവേഷനും, ലൈഫ്സ്‌റ്റൈല്‍ എന്നിങ്ങനെയുള്ള നാല് ഘടകങ്ങളെ കേന്ദ്രീകരിച്ചാണ് അബുദാബിയുടെ സാമ്പത്തിക ഉത്തേജന പാക്കേജ് നടപ്പാക്കുകയെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇതില്‍ ആദ്യ ഘടകം ഊന്നല്‍ നല്‍കുന്നത് എമിറേറ്റില്‍ ബിസിനസും നിക്ഷേപവും പ്രോത്സാഹിപ്പിക്കാന്‍ തന്നെയാണ്. മികച്ച തൊഴില്‍ സാഹചര്യങ്ങള്‍ ഒരുക്കുക, സ്വകാര്യ മേഖലയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുക, പുനരുപയോഗ ഊര്‍ജ്ജ മേഖലകള്‍ക്ക് പ്രാധാന്യം നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ ഈ ഘട്ടത്തില്‍ സജീവമായി പരിഗണിക്കപ്പെടും. സൊസൈറ്റി എന്ന് പരാമര്‍ശിക്കുന്ന ഉത്തേജന പാക്കേജിന്റെ രണ്ടാമത്തെ ഘടകം ഉദ്ദേശിക്കുന്നത് എമിറേറ്റിലെ പൗരന്മാര്‍ക്ക് മികച്ച ജീവിത സാഹചര്യങ്ങള്‍ പ്രാദനം ചെയ്യുകയാണ്. അവര്‍ക്ക് വേണ്ടത്ര തൊഴിലവസരങ്ങള്‍ ഒരുക്കുക, ഹൗസിംഗ് പദ്ധതികള്‍ അവതരിപ്പിക്കുക, താങ്ങാവുന്ന ചെലവില്‍ ഉന്നതനിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുക, സാമൂഹ്യ ക്ഷേമ പദ്ധതികള്‍ അവതരിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. ഇന്നൊവേഷനില്‍ കേന്ദ്രീകൃതമാണ് മൂന്നാമത്തെ ആശയം. ടെക്നോളജി മേഖലയിലെ വളര്‍ന്നുവരുന്ന കമ്പനികള്‍ക്ക് നൂതനാത്മകമായ കണ്ടുപിടുത്തങ്ങള്‍ക്കുള്ള ആവാസവ്യവസ്ഥ സൃഷ്ടിക്കുക, ഗവേഷണ വികസന പ്രവര്‍ത്തനങ്ങളെയും അത്തരത്തിലുള്ള കേന്ദ്രങ്ങളെയും പിന്തുണക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കാണ് ഇതില്‍ മുന്‍ഗണന നല്‍കുക.

സുസ്ഥിരമായ വികസനം എമിറേറ്റില്‍ സൃഷ്ടിക്കുകായണ് ഇതിന്റെ ലക്ഷ്യം. ആഗോള തലത്തിലുള്ള ഇന്നൊവേഷന്‍ ഇന്‍ക്യുബേറ്ററുകളെല്ലാം ഇതിന്റെ ഭാഗമായി സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ. നാലാമത്തെ തീം ലൈഫ്സ്‌റ്റൈല്‍ ഉദ്ദേശിക്കുന്നത് അബുദാബിയിലെ ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുകയെന്നതാണ്. സാംസ്‌കാരികമായ ഇവന്റുകള്‍ക്കും കായികയിനങ്ങള്‍ക്കുമെല്ലാം ഇതില്‍ പ്രാധാന്യം ലഭിച്ചേക്കും. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് ഉത്തേജന പാക്കേജ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ മാര്‍ഗരേഖ തയാറാക്കാന്‍ അബുദാബി എക്സിക്യൂട്ടിവ് കൗണ്‍സിലിന് ശൈഖ് മുഹമ്മദ് നിര്‍ദേശം നല്‍കിയത്.

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് ഘടകങ്ങള്‍ മെച്ചപ്പെടുത്തുക, തൊഴില്‍ സാഹചര്യങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കായിരിക്കും മുന്‍ഗണനയെന്ന് അബുദാബി ഉദ്യോഗസ്ഥര്‍ ജൂണില്‍ വ്യക്തമാക്കിയിരുന്നു. ഉത്തേജന പാക്കേജ് അനുസരിച്ച് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പൊതു, സ്വകാര്യ മേഖലകളില്‍ എമിറാത്തികള്‍ക്ക് മാത്രമായി 10,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് അബുദാബി പദ്ധതിയിടുന്നത്. ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ മല്‍സരക്ഷമത വര്‍ധിപ്പിക്കാനും ആഗോളതലത്തില്‍ സംരംഭങ്ങള്‍ക്ക് മികച്ച പ്രകടനം കാഴ്ച്ചവെക്കാനും സഹായിക്കുന്ന പദ്ധതികളും ഉത്തേജന പാക്കേജിന്റെ ഭാഗമായി സര്‍ക്കാര്‍ നടപ്പാക്കും.

സാമ്പത്തിക വൈവിധ്യവല്‍ക്കരണ പദ്ധതികളിലേക്ക് തിരിയുന്ന അബുദാബിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ് ടുമോറോ 21. എണ്ണ വിലയിലെ ചാഞ്ചാട്ടങ്ങളെ തുടര്‍ന്നുണ്ടാകുന്ന സാമ്പത്തിക അനിശ്ചിതാവസ്ഥകള്‍ക്ക് വിരാമമിട്ട് പുതിയ വരുമാനസ്രോതസ്സുകളില്‍ ശ്രദ്ധയൂന്നാനുള്ള പദ്ധതികളിലാണ് അബുദാബി ഊന്നല്‍ നല്‍കുന്നത്. ഇതിന്റെ ഭാഗമായി ടൂറിസം പോലുള്ള മേഖലകള്‍ക്ക് സവിശേഷ പരിഗണന തന്നെ എമിറേറ്റ് നല്‍കുന്നുണ്ട്.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

Latest