Connect with us

National

ആധാറിന് ഭേദഗതികളോടെ സുപ്രീം കോടതി അംഗീകാരം

Published

|

Last Updated

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡിന്റെ ഭരണഘടനാ സാധുത സംബന്ധിച്ച് സുപ്രീം കോടതിയുടെ നിര്‍ണായക വിധി. ആധാറിന് ഭരണഘടനാപരമായി സാധുതയുണ്ടെന്ന് കോടതി വിധിച്ചു. എന്നാൽ, ആധാറിന്റെ പേരില്‍ പൗരാവകാശം നിഷേധിക്കരുതെന്നും ആധാര്‍ പൗരന്റെ സ്വകാര്യത ലംഘിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് ഹരജികള്‍ കേട്ടത്. ബെഞ്ചിലെ അംഗങ്ങളായ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, എന്‍ ഖാന്‍വില്‍ക്കര്‍, എകെ സിക്രി എന്നിവര്‍ ആധാറിനെ പിന്തുണച്ചപ്പോള്‍ ഡിവൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവര്‍ തങ്ങളുടെ വിയോജിപ്പ് രേഖപ്പെടുത്തി. ആധാറുമായി ബന്ധപ്പെട്ട നിയമം മണി ബില്ലായി പരിഗണിക്കരുതെന്ന് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു. 40 പേജുള്ള വിധിപ്രസ്താവന എകെ സിക്രിയാണ് വായിച്ചത്. ആധാര്‍ പൗരന്റെ സ്വകാര്യതക്ക് നേരെയുള്ള കടന്ന് കയറ്റമാണെന്ന പൊതുതാത്പര്യ ഹരജിയിലാണ് സുപ്രീം കോടതി വിധി.

ആധാര്‍ കാര്‍ഡ് അഴിമതിക്കുള്ള സാധ്യത ഇല്ലാതാക്കുന്നുവെന്നും സര്‍ക്കാര്‍ സേവനങ്ങള്‍ എളുപ്പം ലഭ്യമാക്കാന്‍ സൗകര്യമൊരുക്കുന്നുവെന്നും ജസ്റ്റിസ് സിക്രി പറഞ്ഞു. ഏറ്റവും കുറഞ്ഞ വിവരങ്ങളെ ആധാറിനായി ശേഖരിക്കുന്നുള്ളൂ. സമൂഹത്തിലെ താഴെത്തട്ടിലുള്ളവരെ സഹായിക്കുന്നതാണ് ആധാറെന്നും സിക്രി പ്രസ്താവിച്ചു. ബേങ്ക് അക്കൗണ്ടുകള്‍ക്കും മൊബൈല്‍ ഫോണ്‍ കണക്ഷനും ആധാര്‍ നിര്‍ബന്ധമല്ലെന്ന് പറഞ്ഞ കോടതി പാന്‍ കാര്‍ഡിന് ആധാര്‍ നിര്‍ബന്ധമാക്കി. അതേസമയം, ആധാര്‍ നിയമത്തിലെ രണ്ട് വകുപ്പുകളായ 33(2), 57 എന്നീ വകുപ്പുകള്‍ കോടതി റദ്ദാക്കി. 57ാം വകുപ്പ് റദ്ദാക്കിയതോടെ സ്വകാര്യ കമ്പനികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ ശേഖരിക്കാനാകില്ല.

ദേശസുരക്ഷ മുന്‍നിര്‍ത്തി ജോയിന്റ് സെക്രട്ടറിതലത്തിലുള്ള ഉദ്യോഗസ്ഥന് വിവരങ്ങള്‍ പുറത്തുവിടാന്‍ അധികാരം നല്‍കുന്ന വകുപ്പാണ് 33(2). സിബിഎസ്ഇ, നീറ്റ്, യുജിസി പരീക്ഷകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാനാകില്ല. ദേശീയ സുരക്ഷയൂടെ പേരില്‍ ബയോമെട്രിക് വിവരങ്ങള്‍ പുറത്തുവിടുന്നതും കോടതി വിലക്കി.

വിധിയിലെ പ്രധാന പരാമര്‍ശങ്ങള്‍ ഇവയാണ്

  • ബേങ്ക് അക്കൗണ്ട്, മൊബൈല്‍ കണക്ഷന്‍ എന്നിവക്ക് ആധാര്‍ നിര്‍ബന്ധമല്ല.
  • സ്‌കൂള്‍ പ്രവേശനത്തിന് ആധാര്‍ നിര്‍ബന്ധമാക്കരുത്.
  • ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഒരു പദ്ധതികളും മുടക്കരുത്.
  • മാതാപിതാക്കളുടെ അനുമതിയില്ലാതെ കുട്ടികളെ ആധാറില്‍ ചേര്‍ക്കേണ്ടതില്ല.
  • ആധാര്‍ ഇല്ലെങ്കില്‍ പൗരാവകാശങ്ങള്‍ നിഷേധിക്കരുത്
  • അവകാശങ്ങള്‍ക്ക് മേല്‍ സര്‍ക്കാറിന് നേരിയ നിയന്ത്രണങ്ങളാകാം
  • ആധാര്‍ ഉപയോഗവുമായി ബന്ധപ്പെട്ട് വ്യക്തികള്‍ക്ക് പരാതി ഉന്നയിക്കാം.
  • സിബിഎസ്ഇ, നീറ്റ്,യുജിസ് നെറ്റ് പരീക്ഷകള്‍ക്ക് നിര്‍ബന്ധമല്ല.
  • പാന്‍ കാര്‍ഡ്, ആദായ നികുതി റിട്ടേണ്‍ എന്നിവക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധം
  • വിവരങ്ങള്‍ കോടതിയുടെ അനുമതി കൂടാതെ അന്വേഷണ ഏജന്‍സികള്‍ക്ക് കെമാറരുത്.
  • ദേശീയ സുരക്ഷയുടെ പേരില്‍ ബയോമെട്രിക് വിവരങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് കൈമാരുത്
  • വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ അധികാരം ജോയിന്റ് സെക്രട്ടറിക്ക് മുകളിലുള്ള ഉദ്യോഗസ്ഥനും മാത്രം

ആധാര്‍ കാര്‍ഡ് പദ്ധതിയുടെ ഭരണഘടനാസാധുത ചോദ്യം ചെയ്ത് 27 ഹര്‍ജികളാണ് സമര്‍പ്പിച്ചിരുന്നത്. സുപ്രീം കോടതിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വാദം നടന്ന രണ്ടാമത്തെ കേസാണ് ആധാര്‍. നാല് മാസങ്ങളിലായി 38 ദിവസത്തോളമാണ് വാദം നടന്നത്. ആധാര്‍ പൗരന്റെ സ്വകാര്യതക്ക് നേരെയുള്ള കടന്നുകയറ്റമാണെന്നായിരുന്നു പൊതു താത്പര്യ ഹരജികളിലെ പ്രധാന വാദം. ക്ഷേമപദ്ധതികളുടെ പ്രയോജനം ജനങ്ങള്‍ക്ക് നേരിട്ട് ലഭ്യമാക്കാനാണ് ആധാര്‍ നടപ്പാക്കുന്നത് എന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്.