Connect with us

Editorial

കോടതികള്‍, ആശങ്കകള്‍

Published

|

Last Updated

എന്തുകൊണ്ടാണ് ഹിന്ദുത്വ തീവ്രവാദികള്‍ പ്രതികളായ കേസുകള്‍ ഒന്നൊന്നായി വെറുതെ വിടുന്നതെന്നത് ഇന്ത്യന്‍ പൊതുസമൂഹത്തെ അലട്ടിക്കൊണ്ടിരിക്കുന്ന ഒരു സന്ദേഹമാണ്. മക്കാ മസ്ജിദ് കേസില്‍ വിധി പറഞ്ഞ എന്‍ ഐ എ കോടതി ജഡ്ജി രവീന്ദര്‍ റെഡ്ഢി ബി ജെ പിയില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായുള്ള വാര്‍ത്തയില്‍ നിന്ന് ഇതിനുള്ള ഉത്തരം വായിച്ചെടുക്കാവുന്നതാണ്. ബി ജെ പി തെലങ്കാന അധ്യക്ഷന്‍ കെ ലക്ഷ്മണനാണ്, രവീന്ദര്‍ റെഡ്ഡി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതും ബി ജെ പിയില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായും മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചത്. കുടുംബവാഴ്ചയില്ലാത്ത, ദേശസ്‌നേഹമുള്ള ഏക പാര്‍ട്ടിയാണ് ബി ജെ പിയെന്ന പ്രസ്താവനയിലൂടെ ബി ജെ പിയോടുള്ള കൂറ് നേരത്തെ തന്നെ റെഡ്ഢി വെളിപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ഏപ്രില്‍ 16-നാണ് ഒമ്പത് പേര്‍ കൊല്ലപ്പെടുകയും 58 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത ഹൈദരാബാദ് മക്കാ മസ്ജിദ് സ്‌ഫോടനക്കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടുകൊണ്ട് ജഡ്ജി രവീന്ദര്‍ റെഡ്ഢി വിധി പുറപ്പെടുവിച്ചത്. ഒരു കുറ്റാരോപണം പോലും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നാണ് വിധിന്യായത്തില്‍ പറയുന്നത്. അതേസമയം കേസിലെ മുഖ്യപ്രതിയായ അസീമാനന്ദ നേരത്തെ പോലീസിന് മുന്നിലും മാധ്യമങ്ങള്‍ക്ക് മുന്നിലും ഒരു പോലെ കുറ്റസമ്മതം നടത്തിയതാണ്. കാരവാന്‍ മാഗസിനുമായുള്ള അഭിമുഖത്തിലും സ്‌ഫോടനങ്ങളിലെ പങ്ക് അദ്ദേഹം തുറന്നുസമ്മതിച്ചു. 42 പേജുള്ള കുറ്റസമ്മത മൊഴിയാണ് അസീമാനന്ദ അന്വേഷണ സംഘത്തിന് നല്‍കിയത്. സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്തതും നടപ്പാക്കിയതുമായ വിവിധ ഘട്ടങ്ങളെക്കുറിച്ച് അതില്‍ വിശദീകരിക്കുന്നുണ്ട്. “എനിക്ക് വധശിക്ഷ കിട്ടാന്‍ സാധ്യതയുണ്ട് എന്നറിയാം. എന്നാലും കുറ്റം സമ്മതിക്കാതിരിക്കാന്‍ കഴിയില്ലെ”ന്നായിരുന്നു 2010 ഡിസംബര്‍ 18ന് മജിസ്‌ട്രേറ്റ് മുമ്പാകെ അസീമാനന്ദ പറഞ്ഞത്. എന്നിട്ടും അയാളെ ഒരു നിഷ്‌കളങ്കനായി കാണാനേ ജസ്റ്റിസ് രവീന്ദര്‍ റെഡ്ഢിക്ക് സാധിച്ചുള്ളൂ.

സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊല കേസില്‍ അമിത്ഷാ കുറ്റവിമുക്തനാക്കപ്പെട്ടത്, ഷായോട് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശിച്ച ആദ്യ ജഡ്ജി ജെ ടി ഉത്പത്തിനെ ഹാജരാകേണ്ടിയിരുന്ന ദിവസത്തിന്റെ തലേ ദിവസം സ്ഥലം മാറ്റിയത്, സൊഹ്‌റാബുദ്ദീന്‍ കേസില്‍ പ്രതിയായിരുന്ന ഡി ജി വന്‍സാരയെ 2017 ഫെബ്രുവരി 18ന് തെളിവില്ലെന്ന് പറഞ്ഞ് വെറുതെ വിട്ടത്, 2008ലെ രണ്ടാം മലേഗാവ് സ്‌ഫോടന കേസിലെ പ്രധാന സാക്ഷിമൊഴി പ്രത്യേക എന്‍ ഐ എ കോടതിയില്‍ നിന്ന് കാണാതായത,് അമിത് ഷായോട് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട സി ബി ഐ ജഡ്ജി ജസ്റ്റിസ് ബിഎച്ച് ലോയയുടെ ദുരൂഹത നിറഞ്ഞ മരണം, ലോയയുടെ മരണത്തില്‍ അന്വേഷണം വേണമെന്ന ഹരജി ഗൂഢാലോചന നിറഞ്ഞതും സ്ഥാപിത താത്പര്യങ്ങളോടെയുള്ളതുമാണെന്ന് ആരോപിച്ച് സുപ്രീംകോടതി തള്ളിക്കളഞ്ഞത്, തുല്യരില്‍ ആദ്യത്തെയാള്‍ എന്നതില്‍ കവിഞ്ഞ സവിശേഷ അധികാരം ഉപയോഗിച്ച് സുപ്രീം കോടതിയിലെ കേസുകള്‍ ഇഷ്ടക്കാരായ ജഡ്ജിമാരുടെ ബഞ്ചുകള്‍ക്ക് നല്‍കുന്നത് തുടങ്ങി ജുഡീഷ്യറിയുടെ നിഷ്പക്ഷതയില്‍ സംശയം ജനിപ്പിക്കുന്നതും വര്‍ഗീയ ഫാസിസത്തിന്റെ സ്വാധീനം സന്ദേഹിപ്പിക്കുന്നതുമായ നിരവധി സംഭവങ്ങളാണ് മോദി സര്‍ക്കാര്‍

അധികാരത്തിലേറിയ ശേഷം രാജ്യത്തുണ്ടായത്. സുപ്രീം കോടതിയുടെ പ്രവര്‍ത്തനം ശരിയായ നിലക്കല്ലെന്ന് മുതിര്‍ന്ന സുപ്രീംകോടതി ജഡ്ജിമാരായ ജസ്റ്റിസ് ജെ ചെലമേശ്വര്‍, ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് മദന്‍ ബി ലോകൂര്‍, ജസ്റ്റിസ് കുര്യന്‍ ജോസഫ് എന്നിവര്‍ ജനുവരി 12ന് വാര്‍ത്താസമ്മേളനത്തില്‍ പ്രസ്താവിച്ചതും ഇതോട് ചേര്‍ത്തു വായിക്കേണ്ടതാണ്.
അതാത് കാലത്തെ ഭരണകൂട താത്പര്യങ്ങള്‍ സംരക്ഷിക്കുക, ഭരണകൂടത്തിന്റെയും ഭരണകൂടത്തെ നിയന്ത്രിക്കുന്ന ആളുകളുടെയും താത്പര്യങ്ങള്‍ക്ക് വിഘാതമാകുന്ന തരത്തില്‍ വിധികള്‍ പുറപ്പെടുവിക്കാതിരിക്കുക, കക്ഷിയുടെ നിലയും വിലയുമനുസരിച്ച് വിധിക്കുക തുടങ്ങി നീതിന്യായ വ്യവസ്ഥയുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ നിലപാടുകള്‍ പലപ്പോഴും രാജ്യത്തെ കോടതികളില്‍ നിന്ന് കണ്ടു വരാറുണ്ട്. ഇസ്‌ലാമോഫോബിയയുടെയും സവര്‍ണ താത്പര്യങ്ങളുടെയും അനുരണനങ്ങളും ചില കോടതി വിധികളില്‍ നിന്ന് വായിച്ചെടുക്കാന്‍ കഴിയും. മുത്വലാഖിനെതിരെ സ്വയം പൊതുതാത്പര്യ ഹരജി ഫയല്‍ ചെയ്ത് ഭരണകൂടത്തിന് ആവശ്യമുള്ള സമയത്ത് തന്നെ ശരീഅത്ത് സിവില്‍ കോഡ് സംവാദം ഉയര്‍ത്തിക്കൊണ്ടുവന്നത് രാജ്യത്തെ പരമോന്നത കോടതിയായിരുന്നല്ലോ.

നീതിയുടെ കാവലാളരാണ് ന്യായാധിപന്മാര്‍. എല്ലാ ബാഹ്യസമ്മര്‍ദങ്ങളില്‍ നിന്നും താത്പര്യങ്ങളില്‍ നിന്നും മുക്തമായി, നീതിയോട് മാത്രമായിരിക്കണം അവര്‍ക്ക് കൂറ്. മക്കാ മസ്ജിദ് സ്‌ഫോടനക്കേസിലെ കോടതിവിധി നേരത്തെ തന്നെ പക്ഷപാതപരവും ഒത്തുകളിയുമാണെന്ന് ആരോപണമുയര്‍ന്നതാണ്. ജഡ്ജി രവീന്ദര്‍ റെഡ്ഢിയുടെ പുതിയ നീക്കം ആ പരാതിക്ക് ബലമേകുകയാണ്. ജസ്റ്റിസ് ചെലമേശ്വര്‍ ആശങ്കപ്പെട്ടതു പോലെ ജഡ്ജിമാരുടെ ഇത്തരം നിലപാടുകള്‍ ജനാധിപത്യത്തെ അപകടത്തിലാക്കും.

Latest