Connect with us

Gulf

ഹറമൈന്‍ ട്രെയിന്‍ ഉദ്ഘാടനം ചെയ്തു

Published

|

Last Updated

ജിദ്ദ: അത്യാധുനിക സംവിധാനങ്ങളോടു കൂടിയ ഹറമൈന്‍ അതിവേഗ റെയില്‍വേ പദ്ധതി തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ചൊവ്വാഴ്ച രാജ്യത്തിനു സമര്‍പ്പിച്ചു. മക്ക, ജിദ്ദ, മദീന നഗരങ്ങളെ ബന്ധിപ്പിക്കുന്ന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ വിദേശ നേതാക്കളും മന്ത്രിമാരുമടങ്ങുന്ന വന്‍ പട സന്നിഹിതരായിരുന്നു. ജിദ്ദ സുലൈമാനിയ റയില്‍വേ സ്റ്റേഷനിലായിരുന്നു ഉദ്ഘാടനച്ചടങ്ങ്. പദ്ധതി പൂര്‍ത്തീകരിച്ച കമ്പനികളുടെ പ്രതിനിധികളും വന്‍കിട നിക്ഷേപകരും ചടങ്ങിനു സാക്ഷ്യം വഹിക്കാനെത്തിയിരുന്നു.

ഹജ്ജ്, ഉംറ തീര്‍ത്ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതിന് സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങളാണ് ഈ ബൃഹത് പദ്ധതി പ്രതിഫലിപ്പിക്കുന്നതെന്ന് ഗതാഗത മന്ത്രി ഡോ.നബീല്‍ ആദില്‍ അമൂദി പറഞ്ഞു. തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കലും വിഷന്‍ 2030 ലക്ഷ്യമിടുന്നു. രാജാവിന്റേയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റേയും നിര്‍ലോഭമായ പിന്തുണയാണ് പദ്ധതി അതിവേഗം പൂര്‍ത്തിയാക്കാന്‍ സഹായിച്ചതെന്നും ഒക്ടോബര്‍ നാലിന് ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്നും ഗതാഗത മന്ത്രി അറിയിച്ചു.

മക്ക, ജിദ്ദ, മദീന എന്നീ പ്രധാന സ്റ്റേഷനുകള്‍ കൂടാതെ ജിദ്ദാ അന്താരാഷ്ട്ര വിമാനത്താവളം, കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റി എന്നിവയടക്കം മൊത്തം അഞ്ചു സ്റ്റേഷനുകളാണുള്ളത്. മണിക്കൂറില്‍ 300 കി.മീറ്ററാണ് ട്രെയിന്റെ വേഗത. 417 സീറ്റുകളുള്ള 35 ട്രെയിനുകളാണ് സര്‍വീസിന് തയാറായി കാത്തിരിക്കുന്നത്. വര്‍ഷം 6 കോടി യാത്രക്കാരെയാണ് മക്കാ – മദീന അതിവേഗ ട്രെയിന്‍ പദ്ധതി പ്രതീക്ഷിക്കുന്നത്.

നാസര്‍ കരുളായി

Latest