Connect with us

Editorial

കുരുക്ക് മുറുകുന്ന റാഫേല്‍ ഇടപാട്

Published

|

Last Updated

ഫ്രാന്‍സ് മുന്‍ പ്രസിഡന്റ് ഫ്രാന്‍ഷ്യസ് ഹോളന്‍ഡെയുടെ നിര്‍ണായക വെളിപ്പെടുത്തലിന് ശേഷവും റാഫേല്‍ ഇടപാടിനെ ന്യായീകരിക്കുന്ന കേന്ദ്ര മന്ത്രിമാരുടെ നിലപാട് പരിഹാസ്യമാണ്. ഇന്ത്യന്‍ സര്‍ക്കാറിന്റെ സമ്മര്‍ദ ഫലമായാണ് ഇടപാടില്‍ റിലയന്‍സ് ഡിഫന്‍സിനെ പങ്കാളിയാക്കിയതെന്നാണ് ഒരു ഫ്രഞ്ച് മാധ്യമത്തോടുള്ള ഫ്രാന്‍ഷ്യസ് ഹോളന്‍ഡെയുടെ വെളിപ്പെടുത്തല്‍. ഫ്രാന്‍സിന് ഇക്കാര്യത്തില്‍ ഒരു പങ്കുമില്ല. അനില്‍ അംബാനിയുടെ ഗ്രൂപ്പിനെ ഇന്ത്യന്‍ സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തപ്പോള്‍ തങ്ങള്‍ക്ക് വേറെ നിവൃത്തിയില്ലായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ആയുധ നിര്‍മാണ രംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയര്‍നോട്ടിക്‌സ് ലിമിറ്റഡ് ആയിരുന്നു യു പി എ സര്‍ക്കാറിന്റെ കാലത്ത് ഒപ്പു വെച്ച കരാര്‍ പ്രകാരം ഇടപാടിലെ പങ്കാളികള്‍. ഈ സ്ഥാപനത്തെ ഒഴിവാക്കാനാണ് ഈ രംഗത്ത് പുതുമുഖമായ റിലയന്‍സിനെ മോദി സര്‍ക്കാര്‍ പങ്കാളിയാക്കിയത്.

രാഹുല്‍ ഗാന്ധിയും ഫ്രാന്‍ഷ്യസ് ഹോളന്‍ഡെയും ആസൂത്രണം ചെയ്ത കള്ളക്കഥയാണിതെന്നാണ് ഫ്രഞ്ച് മാധ്യമത്തിന്റെ വെളിപ്പെടുത്തലിനോടുള്ള ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രതികരണം. ഫ്രഞ്ച് കമ്പനിയായ ദസോള്‍ട്ട് റാഫേലിന്റെ തീര്‍ത്തും വാണിജ്യപരമായ നിലപാടാണ് റിലയന്‍സിനെ പങ്കാളിയാക്കാനുള്ള തീരുമാനമെന്നും ഇതില്‍ സര്‍ക്കാറിന് ഒരു പങ്കുമില്ലെന്നുമാണ് മന്ത്രിയുടെ വിശദീകരണം. മന്ത്രാലയം ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത് ഫ്രാന്‍ഷ്യസ് ഹോളന്‍ഡെയുടെ വാക്കുകള്‍ അതിന്റെതായ അര്‍ഥത്തിലല്ല മാധ്യമങ്ങള്‍ വ്യാഖ്യാനിക്കുന്നതെന്നാണ.് അദ്ദേഹവുമായി ബന്ധമുള്ളവര്‍ ഇടപാടില്‍ ഉള്‍പെട്ടിരുന്നു. ഇതു സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കുള്ള ഫ്രാന്‍ഷ്യസ് ഹോളന്‍ഡെയുടെ മറുപടി തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവത്രെ. അതേസമയം, ഹോളന്‍ഡെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കുകയാണെന്നാണ് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പറയുന്നത്. വാക്കുകളെ വളച്ചൊടിച്ചതായി അദ്ദേഹത്തിന് വാദമില്ല. ഇന്ത്യന്‍ നേതാക്കളുടെ നിഷേധത്തിന് ശേഷവും ഹോളന്‍ഡെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി എന്‍ ഡി ടി വിയോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം വ്യക്തമാക്കുകയും ചെയ്യുന്നു.

പ്രതിരോധ ഇടപാടുകളുടെ ഭാഗമാകുന്ന സ്ഥാപനങ്ങള്‍ക്ക് വേണ്ടത്ര പരിചയവും ശേഷിയും ഉണ്ടായിരിക്കണമെന്നാണ് പ്രതിരോധ സംഭരണച്ചട്ടം അനുശാസിക്കുന്നത്. എന്നിട്ടും എന്തുകൊണ്ട് അത് ലംഘിച്ചും പരിചയ സമ്പന്നമായ എച്ച് എന്‍ എല്ലിനെ ഒഴിവാക്കിയും റിലയന്‍സിനെ പങ്കാളിയാക്കിയെന്ന ചോദ്യത്തിന് സര്‍ക്കാര്‍ വൃത്തങ്ങള്‍ക്ക് വ്യക്തമായ മറുപടിയില്ല. മോദി സര്‍ക്കാറും ഫ്രാന്‍സും തമ്മില്‍ കരാര്‍ പ്രഖ്യാപിക്കുന്നതിന് 12 ദിവസം മുമ്പ് മാത്രമാണ് റിലയന്‍സ് ഡിഫന്‍സ് നിലവില്‍ വരുന്നത്. 2015 മാര്‍ച്ച് 28നാണ് റിലയന്‍സ് ആയുധ കമ്പനി സ്ഥാപിക്കപ്പെട്ടത്. കരാര്‍ പ്രഖ്യാപിച്ചത് ഏപ്രില്‍ 10നും. എച്ച് എ എല്ലിന് റാഫേല്‍ വിമാനങ്ങള്‍ നിര്‍മിക്കാനുള്ള ശേഷിയില്ലെന്നൊരു വാദം ഇതിനിടെ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ എച്ച് എ എല്‍ മുന്‍ മേധാവി ടി എസ് രാജു ഇത് നിഷേധിക്കുകയും നിര്‍മിക്കാനുള്ള ശേഷി സ്ഥാപനത്തിനുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തതോടെ മന്ത്രിക്ക് ഉത്തരം മുട്ടി. പിന്നീട് ഇക്കാര്യത്തില്‍ മന്ത്രി പ്രതികരിച്ചിട്ടില്ല. ഒരു കോര്‍പറേറ്റ് സ്ഥാപനത്തിന് കൊള്ളലാഭം കൊയ്യാനുള്ള അവസരമൊരുക്കിക്കൊടുക്കുന്നതിന് രാജ്യത്തെ പ്രമുഖ പൊതുമേഖലാ സ്ഥാപനത്തെ തരംതാഴ്ത്തിക്കെട്ടുകയായിരുന്നു ഉത്തരവാദപ്പെട്ട മന്ത്രി.

പ്രതിരോധ മന്ത്രിയുടെ അധ്യക്ഷതയില്‍ മൂന്ന് സേനാമേധാവികളുള്‍പ്പെടെ അംഗങ്ങളായ പ്രതിരോധ സംഭരണ കൗണ്‍സിലാണ് ആയുധങ്ങള്‍ വാങ്ങുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന് പ്രതിരോധ സംഭരണച്ചട്ടം നിഷ്‌കര്‍ഷിക്കുന്നുണ്ട്. അതേസമയം, സേനാ മേധാവികളോ രാജ്യസുരക്ഷ സംബന്ധിച്ച മന്ത്രിസഭാ സമിതിയോ വിദേശകാര്യ സെക്രട്ടറിയോ മന്ത്രിസഭയോ അന്നത്തെ പ്രതിരോധമന്ത്രി പോലുമോ അറിയാതെയാണ് പ്രധാനമന്ത്രി കരാര്‍ രൂപപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശന അജന്‍ഡയില്‍ റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട വിഷയങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ പ്രസ്താവിച്ചിരുന്നതുമാണ്. എങ്കിലും അനില്‍ അംബാനിക്ക് ഇക്കാര്യം നേരത്തെ അറിയാമായിരുന്നുവെന്നാണ് പെട്ടെന്ന് റിലയന്‍സ് ഡിഫന്‍സ് കമ്പനി തട്ടിപ്പടച്ചുണ്ടാക്കി ഫ്രഞ്ച് കമ്പനിയുടെ പങ്കാളിത്തം സമ്പാദിച്ചതില്‍ നിന്ന് മനസ്സിലാകുന്നത്.

റാഫേല്‍ ഇടപാട് ദേശീയ, അന്തര്‍ദേശീയ തലത്തില്‍ ഇത്രമേല്‍ കത്തിപ്പടര്‍ന്നിട്ടും അതുസംബന്ധിച്ച് പ്രതികരിക്കാന്‍ പ്രധാനമന്ത്രി രംഗത്ത് വന്നിട്ടില്ല. കരാര്‍ സംബന്ധിച്ച ആരോപണങ്ങളെ പ്രതിരോധിക്കാന്‍ രംഗത്തറങ്ങിയ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍, നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് തുടങ്ങിയവരുടെ പ്രസ്താവനകള്‍ തമ്മില്‍ വൈരുധ്യവുമുണ്ട്. ബന്ധപ്പെട്ടവര്‍ നല്‍കുന്ന വിശദീകരണങ്ങള്‍ പലതും ദുരൂഹത വര്‍ധിപ്പിക്കുകയാണ്. സര്‍ക്കാര്‍ എങ്ങനെയൊക്കെ ന്യായീകരിച്ചാലും സാമ്പത്തിക ക്രമക്കേടുകളും രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രശ്‌നങ്ങളും രാജ്യതാത്പര്യത്തിനെതിരായ വശങ്ങളും കരാറില്‍ ഒളിഞ്ഞു കിടപ്പുണ്ടെന്ന ബലമായ സംശയം ജനങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്. ഫ്രാന്‍ഷ്യസ് ഹോളന്‍ഡെയുടെ രംഗപ്രവേശത്തിന് ശേഷം വിശേഷിച്ചും. ഇത് ദൂരീകരിക്കേണ്ട ബാധ്യത സര്‍ക്കാറിന് പ്രത്യേകിച്ചും പ്രധാനമന്ത്രിക്കുണ്ട്.

Latest